നരേന്ദ്ര മോദി

ഏഴ് വർഷത്തിന് ശേഷം ​നരേന്ദ്ര മോദി ചൈനയിൽ

ബീജിങ്: ഏഴ് വർഷത്തിന് ഇതാദ്യമായി ചൈനയിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. എസ്.സി.ഒ സമ്മേളനത്തിൽ പ​ങ്കെടുക്കുന്നതിനും ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങുമായി കുടിക്കാഴ്ച നടത്തുന്നതിനുമാണ് മോദിയുടെ ചൈന സന്ദർശനം. ഗൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യമായാണ് മോദി ചൈനയിലെത്തുന്നത്.

ജപ്പാനിലെ സന്ദർശനം അവസാനിപ്പിച്ച് ചൈനയിലെ ടിയാൻജിന്നിലാണ് മോദി ഇറങ്ങിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ സന്ദർശനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ​നേരത്തെ ചൈനയുമായുള്ള ശക്തമായ സൗഹൃദബന്ധം നിർണായകമാണെന്നും അത് മേഖലയെ സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും നയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇന്ത്യ -ചൈന സൗഹൃദം ആഗോള സമ്പദ്‌വ്യവസ്ഥയിൽ സ്ഥിരത ഉറപ്പാക്കുമെന്നും ജപ്പാൻ സന്ദർശന വേളയിൽ മോദി വ്യക്തമാക്കിയിരുന്നു.

മാർച്ചിൽ യു.എസ് ചൈനീസ് ഉൽപന്നങ്ങൾക്ക് നികുതി ചുമത്താൻ ആരംഭിച്ചതോടെയാണ് ഇന്ത്യ -ചൈന ബന്ധം ഊഷ്മളമാക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമായത്. നേരത്തെ ഡൽഹി സന്ദർശന വേളയിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ഇന്ത്യയെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

ജപ്പാനുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മോദി ആ രാജ്യത്ത് ദ്വിദിന സന്ദർശനം നടത്തിയത്. ഇന്ത്യ വാങ്ങാനുദ്ദേശിക്കുന്ന ഇ-10 ഷിങ്കൻസെൻ ബുള്ളറ്റ് ട്രെയിനിന്റെ പ്രോട്ടോടൈപ്പ് നിർമിക്കുന്നത് ഉൾപ്പെടെ നാല് ഫാക്ടറികൾ മോദി സന്ദർശിച്ചിരുന്നു. ചന്ദ്രയാനുള്ള സാ​ങ്കേതിക സഹായം ഉൾപ്പടെ നിരവധി കരാറുകളിൽ മോദി ഒപ്പുവെച്ചിരുന്നു.

യുക്രെയ്‌നിലെയും ഗസ്സയിലെയും യുദ്ധം, ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് എന്നിവയിൽനിന്ന് ഉടലെടുത്ത ആഗോള പ്രതിസന്ധികൾക്കിടെയാണ് മോദിയുടെ സന്ദർശനമെന്നത് ശ്രദ്ധേയമാണ്. 

Tags:    
News Summary - PM Modi arrives in China for SCO Summit, first visit in 7 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.