ഡമസ്കസ്: ദുറുസ് സായുധ മതന്യൂനപക്ഷ വിഭാഗവുമായുള്ള വെടിനിർത്തലിന്റെ ഭാഗമായി സുവൈദ മേഖലയിൽനിന്ന് സിറിയൻ സൈന്യത്തെ പിൻവലിച്ചു. ദുറുസ് വിഭാഗത്തിൽനിന്നുള്ള പ്രതിനിധികളെയും പുരോഹിതന്മാരെയും മേഖലയിലെ ക്രമസമാധാന നില പരിപാലിക്കാൻ ചുമതലപ്പെടുത്തിയതായി സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹ്മദ് അൽ ശർഅ് പറഞ്ഞു. ദുറൂസുകളെ സംരക്ഷിക്കാനെന്ന പേരിൽ ബുധനാഴ്ച ഇസ്രായേൽ, സിറിയൻ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്ത് വ്യോമാക്രമണം നടത്തിയിരുന്നു.
നേരത്തേ വെടിനിർത്തലിന് ധാരണയായിരുന്നെങ്കിലും ദുറുസ് പുരോഹിതൻ ശൈഖ് ഹിക്മത് അൽ ഹിജ്രി തള്ളിയതോടെ വീണ്ടും ആക്രമണം പൊട്ടിപ്പുറപ്പെട്ടു. യു.എസ്, തുർക്കിയ, അറബ് രാജ്യങ്ങൾ എന്നിവയുടെ മധ്യസ്ഥതയിലാണ് വീണ്ടും വെടിനിർത്തൽ സാധ്യമാക്കി സിറിയൻ സൈന്യവും ദുറുസുകളും തമ്മിൽ ദിവസങ്ങളായി തുടർന്ന ഏറ്റുമുട്ടൽ അവസാനിച്ചത്.
തെക്കൻ സിറിയയിലെ സുവൈദ മേഖലയിലെ സുന്നി ബിദൂനി ഗോത്ര വിഭാഗവും ദുറുസ് സായുധ വിഭാഗവും തമ്മിൽ രൂപപ്പെട്ട ആക്രമണസംഭവങ്ങളും തട്ടിക്കൊണ്ടുപോകലുകളും അവസാനിപ്പിക്കാൻ സൈന്യം ഇറങ്ങിയതോടെയാണ് സംഘർഷം മറ്റൊരു തലത്തിലേക്ക് വ്യാപിച്ചത്. ആഭ്യന്തര സംഘർഷത്തിലും ഇസ്രായേലിന്റെ ആക്രമണത്തിലുമായി 374 പേർ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നത്. ഔദ്യോഗിക കണക്ക് പുറത്തുവിട്ടിട്ടില്ല.
അതിനിടെ സിറിയൻ ഭരണാധികാരി അഹ്മദ് അൽ ഷറാ ഇസ്രായേൽ ആക്രമണത്തെ രൂക്ഷമായി വിമർശിച്ചു. സിറിയൻ ജനത യുദ്ധം ഭയക്കുന്നവരല്ലെന്നും പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഡ്രൂസ് വിഭാഗത്തിന് സംരക്ഷണം നൽകാൻ സിറിയൻ ഭരണകൂടത്തിന് കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.