വാഷിങ്ടൺ ഡി.സി: യു.എസ് പ്രസിഡന്‍റ് ഡോൾഡ് ട്രംപിന്‍റെ അസുഖവിവരം വെളിപ്പെടുത്തി വൈറ്റ് ഹൗസ്. ഞരമ്പുകൾക്കുണ്ടാകുന്ന ശേഷിക്കുറവ് കാരണം കാലുകൾക്ക് വീക്കമുണ്ടാകുന്ന സാധാരണ അസുഖമാണ് ട്രംപിനുള്ളതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
70 വയസ് കഴിഞ്ഞവർക്ക് സാധാരണയായുണ്ടാകുന്ന ക്രോണിക് വീനസ് ഇൻസഫിഷ്യൻസി എന്ന അസുഖമാണിതെന്ന് ട്രംപിന്‍റെ ഡോക്ടർ അറിയിച്ചതായി വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോളിൻ ലിവിറ്റ് പറഞ്ഞു. അൾട്രാ സൗണ്ട് സ്കാനിങ്ങിലാണ് 79കാരനായ പ്രസിഡന്‍റിന് രോഗം സ്ഥിരീകരിച്ചത്.
കാലുകളിൽ നിന്നും രക്തം തിരികെ ഹൃദയത്തിലേക്ക് പമ്പുചെയ്യാനുള്ള ശേഷി കുറയുന്ന അസുഖാവസ്ഥയാണ് ട്രംപിന്. ഇത് മൂലം കാലുകളിൽ വീക്കമുണ്ടാകും. കാലക്രമേണ അസുഖത്തിന്‍റെ തോത് വർധിച്ചുവരും.
ഡീപ് വെയിൻ ത്രോംബോസിസ് പോലുള്ള അസുഖമോ ധമനികളെ ബാധിക്കുന്ന മറ്റ് ഗുരുതര അസുഖമോ പരിശോധനയിൽ കണ്ടെത്തിയില്ലെന്ന് ലിവിറ്റ് പറഞ്ഞു. ഹൃദയം, വൃക്കകൾ തുടങ്ങിയവയെ ബാധിക്കുന്ന അസുഖങ്ങളും കണ്ടെത്തിയിട്ടില്ല. നിലവിലെ രോഗാവസ്ഥ കാരണം ട്രംപിന് പ്രത്യേകിച്ച് അസ്വസ്ഥതകളൊന്നുമില്ലെന്നും പ്രസ്സ് സെക്രട്ടറി വ്യക്തമാക്കി.
ട്രംപിന്‍റെ പുറംകൈയിൽ ചെറിയ തടിപ്പുകളുണ്ടെന്നും ഇത് നിരന്തരം ഹസ്തദാനം ചെയ്തശേഷം ആസ്പിരിൻ ഉപയോഗിക്കുന്നത് കൊണ്ടുണ്ടാവുന്നതാണെന്നും പ്രസിഡന്‍റിന്‍റെ ഡോക്ടർ നൽകിയ വിവരങ്ങളനുസരിച്ച് പ്രസ്സ് സെക്രട്ടറി പറഞ്ഞു. ട്രംപിന്റെ കണങ്കാലിൽ വീക്കവും കൈയിൽ ചതവും കണ്ടെത്തിയതായി നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വൈറ്റ് ഹൗസിന്‍റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.