ലിന്റോ കൃഷിയിടത്തിൽ
ചാലക്കുടി: ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ ഒരു കൈ നോക്കാൻ കാടുകുറ്റി പഞ്ചായത്തിലെ വൈന്തല സ്വദേശി തെക്കിനിയത്ത് ലിന്റോ. റമ്പൂട്ടാൻ, മാങ്കോസ്റ്റിൻ തുടങ്ങിയ വ്യത്യസ്ത പഴക്കൃഷികൾ ചാലക്കുടി മേഖലയിൽ വേരുപിടിക്കുമ്പോൾ കൂട്ടത്തിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷിയുമുണ്ട്. കാക്കനാട്ട് നിറ്റ ജലാറ്റിൻ കമ്പനി ജീവനക്കാരനായ ലിന്റോ ജോലി കഴിഞ്ഞുള്ള ഒഴിവുസമയങ്ങളിൽ വിവിധ തരം പഴകൃഷികൾക്ക് വേണ്ടി സമയം കണ്ടെത്തുകയാണ്.
എന്നാൽ, വീട്ടുവളപ്പിൽ സ്ഥലമില്ലാത്തതിനാൽ മറ്റുള്ളവരുടെ സ്ഥലത്താണ് പഴക്കൃഷി നടത്തുന്നത്. അബിയു, റംബുട്ടാൻ, മാങ്കോസ്റ്റിൻ, വിവിധ തരം മാവുകൾ എന്നിവയാണ് കൃഷി ചെയ്യുന്നത്. പലരും പഴത്തോട്ടം സെറ്റ് ചെയ്യാൻ ലിന്റോയെ ഏൽപിക്കുന്നുമുണ്ട്. പഴച്ചെടികൾ നട്ടുവളർത്തി ഫലങ്ങളുണ്ടാകുന്ന ഘട്ടത്തിൽ പ്രതിഫലം വാങ്ങി ഉടമസ്ഥനെ തിരിച്ചേൽപിക്കും. സുഹൃത്തിന്റെ 18 ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് പരീക്ഷണാടിസ്ഥാനത്തിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി ആരംഭിച്ചത്. ഇപ്പോൾ വിളവെടുപ്പിന്റെ ഘട്ടത്തിലാണ്.
മൂന്ന് വർഷം പ്രായമെത്തിയ ചെടികളുടെ തണ്ടാണ് നടാറ്. അതിന് പടർന്നു കയറാൻ പോസ്റ്റുകൾ നിർമിക്കണം. ചെടിക്ക് പന്തലിക്കാൻ പോസ്റ്റിന് മുകളിൽ വളയങ്ങൾ സ്ഥാപിക്കണം. ഇത് സൈക്കിൾ, മോട്ടോർ സൈക്കിൾ എന്നിവയുടെ റിമ്മോ ടയറോ വച്ചാലും മതി. ഒരു വർഷം കൊണ്ട് ചെടിയിൽ പഴങ്ങൾ ഉണ്ടാകും. നല്ല വെയിലാണ് ഈ കൃഷിക്ക് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.