കൊച്ചി: സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് തുക ഇല്ലാത്തതിന് അഞ്ചുവർഷത്തിനിടെ രാജ്യത്തെ പൊതുമേഖല ബാങ്കുകൾ ഉപഭോക്താക്കളിൽനിന്ന് പിഴയായി ഈടാക്കിയത് 8,959.97 കോടി രൂപ. 2021-’22 മുതൽ 2024-’25 വരെയുള്ള സാമ്പത്തിക വർഷങ്ങളിലാണ് ഇത്രയും തുക പിഴ ഈടാക്കിയത്.
ചൊവ്വാഴ്ച പാർലമെന്‍റിലാണ് കണക്ക് അവതരിപ്പിച്ചത്. അതേസമയം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2020 മാർച്ചിൽ പിഴ ചുമത്തൽ നിർത്തിയിരുന്നു. 2020-’21, ’21-’22 വർഷങ്ങളിൽ പിഴ ഈടാക്കാതിരുന്ന പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് തുടർന്നുള്ള മൂന്ന് വർഷവും ഈടാക്കി.
● 2025-’26 സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദം മുതൽ കനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷനൽ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ മിനിമം ബാലൻസ് പിഴ ഈടാക്കുന്നത് അവസാനിപ്പിച്ചു. അവശേഷിക്കുന്ന ബാങ്കുകളും പിഴ സമ്പ്രദായം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
● മിനിമം ബാലൻസ് ഇല്ലാത്തതിന്‍റെ പേരിൽ, പ്രത്യേകിച്ച് ഗ്രാമ, അർധനഗര പ്രദേശങ്ങളിലെ ഉപഭോക്താക്കളിൽനിന്ന് പിഴ ഈടാക്കുന്നതിൽ യുക്തിസഹമായ മാറ്റംവരുത്തണമെന്ന് കേന്ദ്ര ധനവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
● അക്കൗണ്ട് തുടങ്ങുമ്പോൾ ഉപഭോക്താക്കളെ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്ന കാര്യം അറിയിക്കണമെന്ന് ആർ.ബി.ഐ നിർദേശം നൽകിയിരുന്നു. മിനിമം ബാലൻസ് വ്യവസ്ഥയിൽ കാലാകാലങ്ങളിൽ വരുത്തുന്ന മാറ്റവും അറിയിക്കണം. മിനിമം ബാലൻസ് ഇല്ലെങ്കിൽ ഒരുമാസത്തിനകം അക്കൗണ്ടിൽ ആവശ്യത്തിന് തുക കരുതാൻ അവസരം നൽകണം.
മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന്‍റെ പേരിൽ ചുമത്തുന്ന പിഴ അക്കൗണ്ട് നെഗറ്റിവ് ബാലൻസ് ആകാൻ ഇടയാക്കരുതെന്നും നിർദേശിച്ചിരുന്നു. ‘ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട്’ ഉടമകൾക്ക് സൗജന്യമായി നൽകേണ്ട സേവനങ്ങളും റിസർവ് ബാങ്ക് നിഷ്കർഷിച്ചിട്ടുണ്ട്.
ബാങ്ക് ശാഖയിലും എ.ടി.എം, സി.ഡി.എം എന്നിവയിലും പണം നിക്ഷേപിക്കൽ, കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിൽനിന്ന് ചെക്ക്, ഡിജിറ്റൽ മാർഗങ്ങളിലൂടെ അക്കൗണ്ടിൽ വരുന്ന നിക്ഷേപം, പ്രതിമാസം അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്ന തവണയും തുകയും, എ.ടി.എം ഉൾപ്പെടെ മാസത്തിൽ നാലുതവണ പണം പിൻവലിക്കൽ എന്നിവ സൗജന്യമായി നൽകണമെന്നാണ് നിർദേശം.
പിഴ (2020-21. തുക കോടിയിൽ)
● ഇന്ത്യൻ ബാങ്ക് -1,855.18
● പഞ്ചാബ് നാഷനൽ ബാങ്ക് -1,662.42
● ബാങ്ക് ഓഫ് ബറോഡ -1,531.61
● കനറാ ബാങ്ക് -1,212.92
● ബാങ്ക് ഓഫ് ഇന്ത്യ -809.66
● സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ -585.36
● ബാങ്ക് ഓഫ് മഹാരാഷ്ട്ര -535.2
● യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ -484.75
● യൂക്കോ ബാങ്ക് -119.91
● പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് -100.92
● ഇന്ത്യൻ ഓവർസീസ് ബാങ്ക് -62.04
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.