ന്യൂഡൽഹി: ഇന്ത്യയുമായുള്ള വ്യാപാര കരാർ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്ന് ഡോണൾഡ് ട്രംപ്. ആഗസറ്റ്1ന് പകരത്തിനു പകരം താരിഫ് നടപ്പിലാക്കാനിരിക്കെയാണ് ഇത്തരത്തിലൊരു നടപടി ട്രംപിന്‍റെ ഭാഗത്തു നിന്നുണ്ടാകുന്നത്. കരാറിൽ തീരുമാനമായില്ലെങ്കിൽ ഇന്ത്യക്കുമേൽ 25 ശതമാനം ഇറക്കുമതി താരിഫ് ചുമത്തും.
"എന്‍റെ അഭ്യർഥന പ്രകാരം അവർ പാകിസ്താനുമായുള്ള യുദ്ധം അവസാനിപ്പിച്ചു. വ്യാപാര കരാർ അന്തിമ തീരുമാനത്തിലായിട്ടില്ല. ഇന്ത്യ എന്‍റെ സുഹൃത്താണ്. പക്ഷേ അടിസ്ഥാനപരമായി മറ്റു രാജ്യങ്ങളെക്കാൾ കൂടൂതൽ താരിഫുകളാണ് അവർ ചുമത്തിയിട്ടുള്ളത്." ട്രംപ് പറഞ്ഞു.
സമയ പരിധിക്കുള്ളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിൽ തീരുമാനമായില്ലെങ്കിൽ 20 മുതൽ 25 ശതമാനം വരെ താരിഫ് നേരിടുന്നതിനായി ഇന്ത്യ തയാറെടുപ്പിലാണെന്നാണ് ലഭിക്കുന്ന വിവരം. പുതിയ ഇളവുകൾക്കായി തിരക്കു കൂട്ടുന്നതിനു പകരം ആഗസ്റ്റ് പകുതിയോടെ നടക്കുന്ന യു.എസ് സന്ദർശനത്തിൽ വ്യാപാരക്കരാർ ചർച്ചകൾ പുനരാരംഭിക്കാനാണ് ഇന്ത്യ തയാറെടുക്കുന്നത്. 25 ശതമാനം തീരുവ ഒരു താൽക്കാലിക നടപടി മാത്രമായിരിക്കുമെന്നും സെപ്തംബർ-ഒക്ടോബർ മാസത്തേോടെ ഉഭയ കക്ഷി കരാറിലെത്തിച്ചേരാൻ കഴിയുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധി പ്രതികരിച്ചു.
അമേരിക്കുയുമായി ഉഭയ കക്ഷി കരാറിലേർപ്പെടാത്ത രാജ്യങ്ങൾക്കുമേൽ 15 മുതൽ 25 ശതമാനം വരെ താരിഫ് ചുമത്തുമെന്ന് തിങ്കളാഴ്ച ട്രംപ് സൂചിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.