അധ്യാപകന്റെ ലൈംഗിക പീഡനം; പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല, തീ കൊളുത്തിയ വിദ്യാര്‍ഥിനി മരിച്ചു

ഭുവനേശ്വര്‍: ഒഡീഷയില്‍ അധ്യാപകന്റെ ലൈംഗിക പീഡനത്തെത്തുടര്‍ന്ന് സ്വയം തീകൊളുത്തിയ വിദ്യാര്‍ഥിനി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് മൂന്നു ദിവസമായി ചികിത്സയിലായിരുന്നു. ഭുവനേശ്വര്‍ എയിംസില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയിലായിരുന്നു മരണം സംഭവിച്ചത്. 22 വയസ്സായിരുന്നു. ഇന്നലെ ആശുപത്രിയിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു വിദ്യാര്‍ഥിനിയെ സന്ദര്‍ശിച്ചിരുന്നു. സാധ്യമായ എല്ലാ ചികിത്സ നല്‍കിയിട്ടും വിദ്യാര്‍ഥിനിയെ രക്ഷപ്പെടുത്താനായില്ലെന്ന് എയിംസ് അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ബാലാസോറിലെ ഫക്കീര്‍ മോഹന്‍ കോളജിലെ ബിരുദ വിദ്യാര്‍ഥിനിയാണ് അധ്യാപകനില്‍ നിന്ന് തുടര്‍ച്ചയായി ലൈംഗികാതിക്രമം നേരിട്ടതിനെത്തുടര്‍ന്ന് സ്വയം തീ കൊളുത്തി ജീവനൊടുക്കിയത്. എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയായ സമീര്‍ കുമാര്‍ സാഹു, തന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ അക്കാദമിക് റെക്കോര്‍ഡ് കുഴപ്പത്തിലാക്കുമെന്നും കരിയര്‍ നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ലൈംഗികാതിക്രമം തുടര്‍ച്ചയായപ്പോള്‍ പെണ്‍കുട്ടി പ്രിന്‍സിപ്പലിന് പരാതി നല്‍കി. ആഭ്യന്തര പരാതി പരിഹാര സമിതിയെയും സമീപിച്ചു.

ഗുരുതര ആരോപണം ഉയര്‍ന്നിട്ടും അധ്യാപകനെതിരെ നടപടിയെടുക്കാൻ കോളജ് അധികൃതർ തയാറായില്ല. ഇതേത്തുടര്‍ന്ന് ഈ മാസം ഒന്നുമുതല്‍ കോളജിൽ വിദ്യാര്‍ഥി പ്രക്ഷോഭം നടത്തിവരികയായിരുന്നു. ഇതിനിടെ വിദ്യാര്‍ഥിനി സുഹൃത്തിനൊപ്പം ബാലാസോര്‍ എം.പി പ്രതാപ്ചന്ദ്ര സാരംഗിയെ നേരില്‍ക്കണ്ടും പരാതി നല്‍കി. തെളിവില്ലെന്നായിരുന്നു ആഭ്യന്തര പരാതി പരിഹാര സമിതിയുടെ നിലപാട്.

അധ്യാപകന്‍ തുടര്‍ച്ചയായി ലൈംഗികാതിക്രമം നടത്തിയിട്ടും കോളജ് അധികൃതർ പരാതി അവഗണിച്ചതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥിനി സ്വയം തീകൊളുത്തിയത്. 90 ശതമാനം പൊള്ളലേറ്റ വിദ്യാര്‍ഥിനി അതീവഗുരുതര നിലയില്‍ ചികില്‍സയിലായിരുന്നു. അധ്യാപകനെതിരായ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനിടെയാണ് ദാരുണ സംഭവം നടന്നത്. വിദ്യാര്‍ഥിനിയെ രക്ഷിക്കാന്‍ ശ്രമിച്ച സഹപാഠി 70 ശതമാനം പൊള്ളലേറ്റ് ഇതേ ആശുപത്രിയില്‍ ചികില്‍സയിലാണ്.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ചരണ്‍ മാജി പറഞ്ഞു. വിദ്യാര്‍ഥിയുടെ മരണവാര്‍ത്ത അതീവമായി ദുഃഖിപ്പിക്കുവെന്നും സാധ്യമായ ചികിത്സ നല്‍കിയിട്ടും ജീവന്‍ രക്ഷിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. അവരുടെ കുടുംബത്തിനുണ്ടായ നഷ്ടത്തിൽ പ്രാര്‍ഥിക്കുന്നുവെന്നും മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു. സംഭവത്തിൽ അസിസ്റ്റന്റ് പ്രഫസര്‍ സമീര്‍ കുമാര്‍ സാഹുവിനെ അറസ്റ്റ് ചെയ്യുകയും കോളജ് പ്രിന്‍സിപ്പല്‍ ദിലീപ് സാഹുവിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. 

Tags:    
News Summary - Odisha Student Who Set Herself On Fire Dies: AIIMS Bhubaneswar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.