ക്രൈംബ്രാഞ്ചിനെ നേതൃത്വത്തിൽ സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ റഡാർ ഉപയോഗിച്ച് പരിശോധന നടത്തുന്നു
ചേർത്തല: വിവിധയിടങ്ങളിൽനിന്ന് ദുരൂഹസാഹചര്യത്തിൽ നാല് സ്ത്രീകളെ കാണാതായ സംഭവത്തിൽ അന്വേഷണത്തിന്റെ ഭാഗമായി പ്രതി സെബാസ്റ്റ്യന്റെ പള്ളിപ്പുറം ചെങ്ങത്തറ വീട്ടിലും അടുപ്പക്കാരിയായിരുന്ന റോസമ്മയുടെ വീട്ടുവളപ്പിലും റഡാർ ഉപയോഗിച്ച് പരിശോധന നടത്തി. ഭൂമിക്കടിയിൽ എന്തെങ്കിലും കുഴിച്ചിട്ടിട്ടുണ്ടോയെന്ന് മനസ്സിലാക്കാനാണ് ക്രൈംബ്രാഞ്ച് നേതൃത്വത്തിൽ ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ ഉപയോഗിച്ച് പരിശോധിച്ചത്. ഭൂമിയുടെ അടിയിൽ ഏഴുമീറ്റര്‍ പരിധിയിലുള്ള വസ്തുക്കള്‍ കാണാമെന്നതാണ് ഈ ഉപകരണത്തിന്റെ പ്രത്യേകത.
സെബാസ്റ്റ്യന്റെ വീട്ടിലെ അടുപ്പിൽനിന്ന്, കാണാതായവരിൽ ഒരാളായ ജെയ്നമ്മയുടേതെന്ന് സംശയിക്കുന്ന വാച്ചിന്റെ ഭാഗങ്ങൾ കത്തിച്ചനിലയിൽ കണ്ടെത്തി. റോസമ്മയുടെ വീട്ടില്‍ കോഴിവളർത്താനായി കെട്ടിയ ഷെഡിൽ റഡാറിൽ സിഗ്നൽ കിട്ടിയ ഭാഗങ്ങൾ രേഖപ്പെടുത്തി പൊലീസിന്റെ നിയന്ത്രണത്തിലാക്കി. അടുത്തദിവസം ഇവിടെ പൊളിച്ച് പരിശോധിക്കും. കാണാതായവരുടെ ശരീരം പുരയിടത്തില്‍ മറവുചെയ്തിട്ടുണ്ടെങ്കിൽ അറിയാനാണ് റഡാർ പരിശോധന നടത്തിയത്. ബുധനാഴ്ച രാവിലെ പത്തോടെ റഡാര്‍ സിസ്റ്റവുമായി തിരുവനന്തപുരത്തുനിന്ന് ഭൗമശാസ്ത്ര ഉദ്യോഗസ്ഥര്‍ സെബാസ്റ്റ്യന്റെ വീട്ടിലെത്തി. തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം സെബാസ്റ്റ്യന്റെ കാടുകയറിയ പുരയിടത്തില്‍ പരിശോധന നടത്തി.
റഡാറിലൂടെ സംശയാസ്പദമായി കണ്ട 12ഓളം സ്പോട്ടുകള്‍ മാര്‍ക്ക് ചെയ്തു. ഈ ഭാഗം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുക്കാന്‍ ആരംഭിച്ചു. മുമ്പ് അസ്ഥികള്‍ കിട്ടിയ സ്ഥലത്തിന് സമീപമായിരുന്നു ആദ്യ പരിശോധന. അടയാളപ്പെടുത്തിയ സ്പോട്ടില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തറനിരപ്പില്‍നിന്ന് രണ്ടര മീറ്ററോളം കുഴിയെടുത്ത് മണ്ണ് പരിശോധിച്ചു. മാര്‍ക്ക് ചെയ്ത ഭാഗത്തുണ്ടായിരുന്ന രണ്ട് തെങ്ങും പരിശോധനസംഘം പിഴുതുമാറ്റി അവിടെ വലിയ കുഴിയെടുത്തു. ഇവിടെനിന്ന് സംശയാസ്പദമായി ലഭിച്ച വസ്തുക്കള്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചെങ്കിലും മൃതദേഹാവശിഷ്ടം കണ്ടെത്താന്‍ കഴിഞ്ഞില്ല. പരിശോധന വൈകീട്ടുവരെ നീണ്ടു. കോട്ടയം, ആലപ്പുഴ സംയുക്ത ക്രൈംബ്രാഞ്ച് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഏറ്റുമാനൂർ സ്വദേശിനി ജയ്നമ്മയെ കാണാതായ കേസിലാണ് സെബാസ്റ്റ്യനെ പ്രതിചേര്‍ത്ത് അന്വേഷണം ആരംഭിച്ചത്. സെബാസ്റ്റ്യന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചിരുന്നതിനെ തുടർന്നാണ് കാണാതായ മൂന്നുപേരെക്കുറിച്ചും (ബിന്ദു പത്മനാഭൻ, ഐഷ, സിന്ധു) അന്വേഷിക്കുന്നത്. ഇവരുടെ അടുത്ത ബന്ധുക്കള്‍ ഡി.എന്‍.എ പരിശോധനക്കായി രക്തസാമ്പിളുകള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ പരിശോധനാഫലം ലഭിച്ചെങ്കില്‍മാത്രമേ സെബാസ്റ്റ്യന്റെ വീട്ടില്‍നിന്ന് ലഭിച്ച അസ്ഥിക്കഷണങ്ങള്‍ ആരുടേതെന്ന് അറിയാന്‍ കഴിയുകയുള്ളൂവെന്ന് അന്വേഷണസംഘം പറഞ്ഞു. രണ്ടുദിവസത്തിനുള്ളില്‍ പരിശോധനാഫലം ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ച് സംഘം പറയുന്നത്.
സ്ത്രീകളുടെ തിരോധാനക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പ്രതി സെബാസ്റ്റ്യന്റെ പല നീക്കങ്ങളും വെളിച്ചത്ത് കൊണ്ടുവരാന്‍ പ്രയത്നിക്കുകയാണ്. എസ്.എസ്.എല്‍.സി വിദ്യാഭ്യാസം മാത്രമുള്ള സെബാസ്റ്റ്യന്‍ ആദ്യം സ്വകാര്യബസിലെ ജീവനക്കാരനായിരുന്നു. പിന്നീട് അംബാസഡര്‍ കാര്‍ വാങ്ങി ടാക്സിയായി ഓടി. ഇതിനിടയിലാണ് ഭൂമിക്കച്ചവട രംഗത്തേക്ക് ഇറങ്ങുന്നത്. ഈ കാലയളവിലാണ് കാണാതായെന്ന് പറയുന്ന സ്ത്രീകളുമായുള്ള അടുപ്പം.
നാല് സ്ത്രീകളുടെ തിരോധാനക്കേസ് മുമ്പിലുണ്ടെങ്കിലും അത് സെബാസ്റ്റ്യനുമായി കണക്ട് ചെയ്യാന്‍ കൃത്യമായ തെളിവ് കണ്ടെത്താന്‍ ഇതുവരെയും അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. ഡോഗ് സ്ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍, അത്യാധുനിക റഡാര്‍ സംവിധാനം തുടങ്ങി എല്ലാ രീതിയിലും അന്വേഷണം നടത്തുന്നുണ്ട്. ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലില്‍ പലപ്പോഴും സെബാസ്റ്റ്യന്‍ ഒഴിഞ്ഞുമാറുകയാണ്. തന്റെ ആരോഗ്യപ്രശ്നമാണ് പ്രതി ചൂണ്ടിക്കാട്ടുന്നത്. കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും പറയുന്നു.
നാട്ടുകാരുമായി ഇയാള്‍ക്ക് അധികം ബന്ധമൊന്നും ഉണ്ടായിരുന്നില്ല. സ്ത്രീകളെ കാണാതായ സംഭവത്തില്‍ സെബാസ്റ്റ്യന്‍ കുറ്റക്കാരനാണെന്ന രീതിയിലുള്ള പ്രചാരണം നടക്കുമ്പോഴും ഇയാള്‍ സൗമ്യനാണെന്നും ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നുമാണ് സെബാസ്റ്റ്യന്റെ ഭാര്യയും പറയുന്നത്.
കോട്ടയം: സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ചേർത്തല പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യനെ (65) ചോദ്യം ചെയ്തെങ്കിലും വ്യക്തമായ ഉത്തരം കിട്ടാതെ അന്വേഷണസംഘം. സെബാസ്റ്റ്യന്റെ സാമ്പത്തിക ഇടപാടുകളും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. രണ്ടു വർഷത്തിനിടെ ആലപ്പുഴയിലെ വടക്കൻ മേഖലയിലെ ഒരു സഹകരണ ബാങ്കിലെ സ്വന്തം അക്കൗണ്ടിൽ നിന്ന് 1.25 കോടി രൂപയും മറ്റൊരു സഹകരണ ബാങ്കിലെ അക്കൗണ്ടിൽ നിന്ന് 40 ലക്ഷം രൂപയും സെബാസ്റ്റ്യൻ പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ പണത്തിന്റെ ഉറവിടം, പിൻവലിച്ചത് എന്തിനു വേണ്ടിയാണ് തുടങ്ങിയ കാര്യങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ (52), വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷ (57), ഏറ്റുമാനൂർ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായിൽ ജൈനമ്മ (ജെയ്ൻ മാത്യു 54), സിന്ധു എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സെബാസ്റ്റ്യനെ ചോദ്യം ചെയ്തുവരുന്നത്. സ്ത്രീകളെ വശീകരിച്ച് സ്വത്തും പണവും കൈക്കലാക്കി കൊലപ്പെടുത്തുന്ന കുറ്റവാസനയുള്ള വ്യക്തിയാണ് സെബാസ്റ്റ്യൻ എന്നാണ് സംശയം. ബിന്ദു പത്മനാഭനെയും ഐഷയേയും വസ്തു ഇടപാടുകളുമായി ബന്ധപ്പെട്ടാണ് സെബാസ്റ്റ്യൻ പരിചയപ്പെട്ടത്. ബിന്ദുവിന്റെ എറണാകുളം ഇടപ്പള്ളിയിലുള്ള ഭൂമി തന്റെ പേരിൽ വ്യാജ മുക്ത്യാർ തയാറാക്കി 1.3 കോടി രൂപക്ക് സെബാസ്റ്റ്യൻ വിൽപന നടത്തിയതായി നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
ബിന്ദുവിന്റെ പേരിലുള്ള മറ്റു വസ്തുക്കൾ വിറ്റ വകയിലും സെബാസ്റ്റ്യന്‍ പണം ലഭിച്ചിട്ടുണ്ട്. ഐഷയെ കാണാതാകുമ്പോൾ ഭൂമി വാങ്ങാനുള്ള പണവും സ്വർണാഭരണങ്ങളും കൈവശമുണ്ടായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. ഏറ്റവും ഒടുവിൽ കാണാതായ ഏറ്റുമാനൂർ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായിൽ ജെയ്നമ്മയുടെ സ്വർണാഭരണങ്ങൾ സെബാസ്റ്റ്യൻ വിൽപന നടത്തിയെന്നും മൊബൈൽഫോൺ സൂക്ഷിച്ചിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. സെബാസ്റ്റ്യന്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. വീണ്ടും ഇയാളെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘം ഉദ്ദേശിക്കുന്നത്.
സെബാസ്റ്റ്യന്റെ സുഹൃത്ത് റോസമ്മയെ ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് അറിയുന്നത്. ഇവരുടെ കോഴിഫാമും പരിശോധിച്ചു. ജി.പി.ആർ പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്താനായില്ല. കാണാതായ ഐഷയെ പരിചയമില്ലെന്നും വഴിയിൽ കൂടി പോകുമ്പോൾ കണ്ടിട്ടുണ്ടെന്നുമാണത്രേ റോസമ്മ മൊഴി നൽകിയത്. അവരെ സെബാസ്റ്റ്യനെ പരിചയപ്പെടുത്തിയിട്ടില്ലെന്നും ഐഷയും സെബാസ്റ്റ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയില്ലെന്നും അവർ മൊഴി നൽകിയെന്നറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.