ഡോൺ ചിത്രത്തിന്റെ സംവിധായകൻ ചന്ദ്ര ബരോട്ടിന് ആദരാഞ്ജലികൾ അർപ്പിച്ച് അമിതാഭ് ബച്ചൻ. അദ്ദേഹത്തിന്റെ വിയോഗം വാക്കുകൾക്ക് അതീതമാണെന്ന് ബച്ചൻ ബ്ലോഗിൽ കുറിച്ചു. കഴിഞ്ഞദിവസമാണ് പൾമണറി ഫൈബ്രോസിസിനെതിരായ ദീർഘനാളത്തെ പോരാട്ടത്തിനൊടുവിൽ ബാന്ദ്രയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇപ്പോഴിതാ ചന്ദ്ര ബരോട്ടിന്‍റെ മരണത്തിൽ വൈകാരിക കുറിപ്പുമായി എത്തിയിരിക്കുകയാണ് അമിതാഭ് ബച്ചൻ.
'എന്‍റെ പ്രിയപ്പെട്ട സുഹൃത്തും ഡോണിന്റെ സംവിധായകനുമായ ചന്ദ്ര ബരോട്ട് അന്തരിച്ചു. ഈ നഷ്ടം വാക്കുകൾക്ക് അതീതമാണ്... ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. പക്ഷേ അതിലുപരി അദ്ദേഹം കുടുംബ സുഹൃത്തായിരുന്നു. എനിക്ക് പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ' എന്നാണ് അമിതാഭ് ബച്ചൻ ബ്ലോഗിൽ കുറിച്ചത്.
അമിതാഭ് ബച്ചന്‍റെ കൾട്ട് ക്ലാസിക് ചിത്രമാണ് ഡോൺ. 1978 മേയ് 12ന് പുറത്തിറങ്ങിയ ഡോണിൽ അമിതാഭ് ബച്ചൻ ഇരട്ട വേഷത്തിൽ അഭിനയിച്ചു. അമിതാഭ് ബച്ചന്‍റെ കരിയറിലെ മികച്ച സിനിമകളിൽ ഒന്നായിരുന്നു ഡോൺ. സലിം-ജാവേദ് രചിച്ച് നരിമാൻ ഇറാനി നിർമിച്ച ആക്ഷൻ ത്രില്ലർ ചിത്രമാണ് ഡോൺ. വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂവെങ്കിലും, 'ഡോൺ' എന്ന ഒരൊറ്റ ചിത്രത്തിലൂടെ ബറോട്ട് നൽകിയ സംഭാവന ഇന്നും പ്രസക്തമായി തുടരുന്നു.
മനോജ് കുമാറിന്റെ സഹായിയായിട്ടാണ് ബറോട്ടിന്റെ സിനിമാ ജീവിതം ആരംഭിച്ചതെങ്കിലും, സീനത്ത് അമനൊപ്പം അമിതാഭ് ബച്ചൻ ഇരട്ടവേഷത്തിൽ അഭിനയിച്ച 'ഡോൺ' എന്ന ചിത്രമാണ് ബോളിവുഡ് ചരിത്രത്തിൽ അദ്ദേഹത്തിന്റെ പേര് എഴുതിച്ചേർത്തത്. കെട്ടുറപ്പുള്ള കഥപറച്ചിൽ, അവിസ്മരണീയമായ സംഭാഷണങ്ങൾ, ഹിറ്റ് ഗാനങ്ങൾ എന്നിവ ഡോണിനെ ക്ലാസിക് പദവിയിലേക്ക് ഉയർത്തി. നിരവധി റീമേക്കുകൾക്ക് പ്രചോദനമാകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.