തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വസതിയിലെത്തി സന്ദര്‍ശിച്ച് ദുല്‍ഖര്‍ സല്‍മാന്‍. പൂച്ചെണ്ട് നല്‍കിയും നീല നിറത്തിലുള്ള പൊന്നാട അണിയിച്ചുമാണ് രേവന്ത് റെഡ്ഡി ദുല്‍ഖറിനെ സ്വീകരിച്ചത്. ദുല്‍ഖറും രേവന്ത് റെഡ്ഡിക്ക് പൂച്ചെണ്ട് കൈമാറി. ഉപചാരപൂര്‍വ്വമുള്ള കൂടിക്കാഴ്ചയായിരുന്നുവെന്ന് തെലുങ്കില്‍ പങ്കുവെച്ച പോസ്റ്റില്‍ രേവന്ത് റെഡ്ഡി അറിയിച്ചു. ചിത്രങ്ങള്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. നിര്‍മാതാവ് സ്വപ്‌ന ദത്തും ദുല്‍ഖറിനൊപ്പമുണ്ടായിരുന്നു. ദുല്‍ഖര്‍ നായകനായ 'സീതാരാമം', 'മഹാനടി' എന്നീ തെലുങ്ക് ചിത്രങ്ങളുടെ നിര്‍മാതാവാണ് സ്വപ്‌ന ദത്ത്.
14 വര്‍ഷങ്ങള്‍ക്കുശേഷം ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്‌കാരം നേടിയിരുന്നു. 'മഹാനടി' 2018ലെ മികച്ച ചിത്രമായും 'സീതാരാമം' 2022ലെ മികച്ച ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2024ലെ മൂന്നാമത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം 'ലക്കി ഭാസ്‌കറും' നേടി. അന്തരിച്ച കവി ഗദ്ദറിനോടുള്ള ആദരസൂചകമായി ഗദ്ദര്‍ പുരസ്‌കാരങ്ങള്‍ എന്ന് ചലച്ചിത്ര അവാര്‍ഡുകള്‍ പുനര്‍നാമകരണം ചെയ്തിരുന്നു. അവാര്‍ഡ് നേരിട്ട് ഏറ്റുവാങ്ങാന്‍ ദുല്‍ഖറിന് സാധിച്ചിരുന്നില്ല. പിന്നാലെ, സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച നീണ്ട കുറിപ്പില്‍ ദുല്‍ഖര്‍ രേവന്ത് റെഡ്ഡിക്ക് നന്ദി അറിയിച്ചിരുന്നു.
മുഖ്യമന്ത്രിയെ 'ഏറ്റവും ദയാലുവായ ആതിഥേയൻ' എന്ന് വിശേഷിപ്പിച്ചുകൊണ്ട് ദുൽഖർ എഴുതി. ബഹുമാന്യനായ തെലങ്കാന മുഖ്യമന്ത്രി ശ്രീ രേവന്ത് റെഡ്ഡി ഗാരുവുമായുള്ള കൂടിക്കാഴ്ച വളരെ അവിസ്മരണീയമായ ഒരു പ്രഭാതമായിരുന്നു. ഗദ്ദർ സംസ്ഥാന ചലച്ചിത്ര അവാർഡുകൾക്ക് അദ്ദേഹത്തിന് വ്യക്തിപരമായി നന്ദി പറയാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ ഞാൻ രാജ്യത്തിന് പുറത്തായിരുന്നതിനാൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. സിനിമയെക്കുറിച്ചും പ്രത്യേകിച്ച് തെലുങ്ക്, മലയാളം വ്യവസായങ്ങളെക്കുറിച്ചും, നമ്മുടെ വിവിധ സംസ്ഥാനങ്ങളോടും ഭാഷകളോടുമുള്ള അദ്ദേഹത്തിന്റെ സ്നേഹത്തിനും ഞാൻ നന്ദി പറയുന്നു. ഈ അംഗീകാരത്തിൽ എന്നോടൊപ്പം നിന്ന പ്രേക്ഷകരോട് എപ്പോഴും ഞാൻ നന്ദിയുള്ളവനാണ്' ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.