ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന സിബിഎസ്ഇ സ്കൂളിൽ പഠനം പൂർത്തിയാക്കിയ ശേഷം, ഇംഗ്ലീഷ് മാത്രം പ്രധാന മീഡിയമായ ഗേൾസ് കോളേജിൽ പഠിക്കുന്ന സമയം ..ഞങ്ങളുടെ ഗാങ്ങിലെ പെൺകുട്ടികളൊക്കെ മലയാളം സിനിമ എന്ന് കേട്ടാൽ തന്നെ മുഖം ചുളിക്കുന്ന കാലം. ഇംഗ്ലീഷ്, ഹിന്ദി സിനിമകൾ മാത്രം കാണുകയും ജോൺ എബ്രഹാം, മിലിൻഡ് സോമൻ, ടോം ക്രൂയിസ്, ബ്രാഡ് പിറ്റ്, ലിയനാർഡോ ഡി ക്യാപ്രിയോ ഇവരൊക്കെയാണ് ലോകത്തിലെ ഏറ്റവും സുന്ദരന്മാരെന്ന് കരുതി ക്രഷ് അടിച്ചു നടന്ന മിഡ് ടീനേജ് കാലം..
അങ്ങനെയിരിക്കെ, മാതൃഭൂമി ദിനപത്രം എറണാകുളത്തെ എല്ലാ കോളജുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു ഇൻറർ കോളജ് കലോത്സവം സംഘടിപ്പിച്ചു. അന്ന്, പങ്കെടുത്ത ഒട്ടുമിക്ക എല്ലാ മത്സരയിനങ്ങളിലും ഞങ്ങളുടെ കോളേജ് ഒന്നാമതെത്തി, ഓവറോൾ കിരീടം നേടി. സമ്മാനദാന ചടങ്ങ് അന്ന് വൈകിട്ട് തന്നെ എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ. പരിപാടിയിൽ മുഖ്യാതിഥിയായി വരുന്നതും സമ്മാനം നൽകുന്നതും സിനിമാ നടൻ മമ്മൂട്ടിയാണ് എന്ന് കേട്ടപ്പോൾ.. സത്യം പറഞ്ഞാൽ, പ്രത്യേകിച്ചൊന്നും തന്നെ തോന്നിയില്ല.
"അപ്പനേക്കാൾ പ്രായമുള്ള മമ്മൂട്ടിയെ കണ്ടിട്ട് ഇപ്പൊ എന്തോ മലമറിക്കാനാ'...എന്ന് ഉള്ളിലെ പുച്ഛിസ്റ്റ് സ്വയം ചോദിച്ചു. വൈകീട്ട് സമ്മാനദാന ചടങ്ങിൽ പങ്കെടുക്കാൻ ഞങ്ങൾ പെൺകുട്ടികളെല്ലാം ഉടുത്തൊരുങ്ങി സ്റ്റേഡിയത്തിൽ എത്തിയപ്പോൾ അവിടെ കണ്ടത്, മമ്മൂട്ടിയെ കാണാൻ ഒഴുകിയെത്തിയ ജനസാഗരം. "What silly people!!" എന്ന് തമ്മിൽ അടക്കം പറഞ്ഞുകൊണ്ട്, ആരൊക്കെ വന്നാലും പോയാലും അന്നത്തെ താരങ്ങൾ ഞങ്ങളാണെന്ന ഭാവത്തിൽ വേദിയിലെ മുൻനിരയിലെ സീറ്റുകളിൽ തന്നെ ഇടം പിടിച്ചു.
പരിപാടി തുടങ്ങി അൽപസമയത്തിനകം സ്റ്റേഡിയത്തിലേക്ക് മമ്മൂട്ടി എത്തി. അദ്ദേഹത്തെ കണ്ട ആൾക്കൂട്ടം മുഴുവൻ ആവേശത്തോടെ ആർത്തലച്ചു.. "ഇതൊക്കെ എന്ത്" എന്ന മനോഭാവത്തിൽ ഞങ്ങൾ പിന്നിലേക്ക് തിരിഞ്ഞ് നോക്കി. The jaw dropping moment… ഉദിച്ചുയരുന്ന സൂര്യനേ പോലെ പ്രകാശം പരത്തിക്കൊണ്ട് അതിസുന്ദരനായ ഒരു മനുഷ്യൻ തലയെടുപ്പോടെ നടന്നുവരുന്നു... He was indeed a walking Aura!
“Spellbound” എന്ന ഒരു വാക്കിൽ പോലും വിവരിക്കാൻ കഴിയാത്തവിധം ഞങ്ങളെല്ലാം മുഖത്തോട് മുഖം നോക്കി സ്തംഭിച്ചു നിന്നു... ആ ഒരു നിമിഷം ഞങ്ങളുടെ ബോളിവുഡ്-ഹോളിവുഡ് ക്രഷുകൾ എല്ലാം evaporate ചെയ്ത് ആവിയായി പോയി..
കുടുംബത്തിലെ സകല പെണ്ണുങ്ങളും മമ്മൂട്ടി എന്ന് കേട്ടാൽ അഭിമാനപൂരിതരാകുന്നതും അത് കാണുന്ന സകല പുരുഷന്മാരും "അതൊക്കെ വെറും മേക്കപ്പ് അല്ലേ" എന്ന് പുച്ഛിച്ചു തള്ളുന്നത്തിന്റെ പിന്നിലെ കാരണം അപ്പോഴാണ് പിടികിട്ടിയത്..
സമ്മാനങ്ങൾ ഏറ്റുവാങ്ങാൻ മാറിമാറി സ്റ്റേജിൽ കയറുമ്പോൾ, അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ ഒരുതരം മാസ്മരിക ശക്തിപോലെ ഞങ്ങൾക്ക് ചുറ്റും വലയം തീർത്തു.. അവസാനം “ഓവറോൾ കിരീടം” മേടിക്കാൻ ഞങ്ങൾ എല്ലാവരും ഒരുമിച്ച് വീണ്ടും സ്റ്റേജിൽ കയറി. അപ്പോൾ മമ്മൂക്കയുടെ കുസൃതി ചോദ്യം — “നിങ്ങൾ പെൺകുട്ടികൾ മാത്രം ഈ സമ്മാനമെല്ലാം കൂടി വാരി കൊണ്ടുപോയാൽ, ബാക്കിയുള്ളവർ എന്ത് ചെയ്യും മക്കളേ?”
ആ നിമിഷം ഞങ്ങളെല്ലാം literally cloud nine-ൽ എത്തി! പിന്നീട്, മമ്മൂട്ടിക്കയുടെ ചുറ്റും നിന്നുകൊണ്ട് ഞങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ. അത് പിറ്റെ ദിവസം പത്രങ്ങളിൽ വലിയ ചിത്രമായി വന്നപ്പോൾ, സന്തോഷം അതിലേറെ!
ഈ സംഭവത്തിനുശേഷമാണ് മമ്മൂട്ടിയുടെ ഓരോ സിനിമയും കൗതുകത്തോടെ കണ്ട് തുടങ്ങിയത്. "തനിയാവർത്തനം' മുതൽ "ഭ്രമയുഗം" വരെ... ലോക സിനിമ ചരിത്രം സാക്ഷിയായ മഹാപ്രതിഭാസങ്ങളിൽ, കാലത്തിനോ, പ്രായത്തിനോ, തലമുറകൾക്കോ കീഴടക്കാൻ കഴിയാത്ത.. "നടൻ” എന്ന പരിമിത പദത്തിനപ്പുറം, ഒരു കഥാപാത്രത്തിന്റെ ആത്മാവിലേക്ക് ആളുകളെ കൂട്ടിക്കൊണ്ടുപോകുന്ന മാസ്മരികശക്തിയായ ശ്രീ മമ്മൂട്ടി ഞങ്ങൾക്കൊക്കെ അന്നുമുതൽ ഞങ്ങളുടെ സ്വന്തം മമ്മൂക്കയായി.
മമ്മൂക്ക, അങ്ങ് പൂർണ്ണാരോഗ്യത്തോടെ തിരിച്ചെത്തിയെന്ന വാർത്ത, താങ്കളെ കുടുംബാംഗം പോലെ കരുതുന്ന ഓരോ മലയാളിയുടെയും മനസ്സിൽ സന്തോഷത്തോടൊപ്പം ആശ്വാസവും പകരുന്നുണ്ട്. ദൈവാനുഗ്രഹം എന്നും താങ്കളുടെ വഴികാട്ടിയായി നിലകൊള്ളട്ടെ. ഇനിയും അനവധി അമരമായ കഥാപാത്രങ്ങളുമായി മലയാള സിനിമയെ സമ്പന്നമാക്കട്ടെ.
കാലാതീതമായ അഭിനയശക്തിയും, പുതുതലമുറയ്ക്ക് പോലും പ്രചോദനമായിത്തീരുന്ന അതുല്യമായ ജീവിതസമർപ്പണവും മലയാള സിനിമയുടെ ഇതിഹാസമായി ആരോഗ്യവും സന്തോഷവും നിറഞ്ഞ ദീർഘായുസ്സോടെ ഇരിക്കട്ടെ.
Greater things are yet to come ..
Greater things are still to be done..
God Bless..❤️🙏
(കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കോഡിനേറ്ററാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.