ഉമാ തോമസ്, മമ്മൂട്ടി
വലിയൊരു അപകടത്തിൽ നിന്ന് അനേകായിരങ്ങളുടെ പ്രാർഥനകളുടെയും ചികിത്സയുടെയും ഫലമായി ജീവിതത്തിലേക്ക് തിരിച്ചുവന്നയാളാണ് ഉമാ തോമസ് എം.എൽ.എ. കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ നടന്ന മെഗാ നൃത്ത പരിപാടിക്കിടെയാണ് ഗാലറിയിലെ താൽകാലിക വേദിയിൽ നിന്ന് വീണ് ഉമാ തോമസിന് ഗുരുതരമായി പരിക്കേറ്റത്. അപകടത്തിൽ തലക്കും ശ്വാസകോശത്തിനുമായിരുന്നു ഗുരുതര പരിക്ക്. ഏറെ നാളത്തെ ചികിത്സക്കു ശേഷം അവർ ജീവിതത്തിലേക്ക് മടങ്ങിയെത്തി.
ഇപ്പോഴിതാ മമ്മൂട്ടി രോഗമുക്തി നേടി സിനിമയിലേക്ക് മടങ്ങി വരാനൊരുങ്ങുന്നുവെന്ന വാർത്തകളോട് പ്രതികരിക്കുകയാണ് അവർ. എണ്ണിയാലൊടുങ്ങാത്ത പ്രാർഥനകളുടെ പിൻബലത്തിൽ ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ഒരാളുടെ ആശ്വാസം നന്നായി അറിയുന്ന ഒരാളാണ് താൻ എന്നായിരുന്നു ഉമാ തോമസിന്റെ പ്രതികരണം. ഓർമയിലേക്ക് തിരിച്ചു വന്ന ദിവസങ്ങളിൽ താനാദ്യം കണ്ട ആശംസ സന്ദേശവും മമ്മൂട്ടിയുടേതായിരുന്നുവെന്നും അദ്ദേഹം രോഗമുക്തി നേടിയെന്ന വാർത്തയറിയുമ്പോൾ മനസിന് തണുപ്പും സന്തോഷവും അനുഭവപ്പെടുന്നുവെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
മോഹൻ ലാലും മഞ്ജു വാര്യരുമുൾപ്പെടെ സിനിമ രംഗത്തെ നിരവധിപേരാണ് മമ്മൂട്ടിയുടെ രോഗമുക്തിയിൽ സന്തോഷം പ്രകടിപ്പിച്ചത്.
മമ്മൂട്ടി രോഗമുക്തനായി ആരോഗ്യം വീണ്ടെടുത്തുവെന്ന വിവരം ആദ്യം പങ്കുവെച്ചത് നിർമാതാവ് ആന്റോ ജോസഫ് ആണ്. ''ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർഥനക്ക് ഫലം കണ്ടു. ദൈവമേ നന്ദി, നന്ദി, നന്ദി'' എന്നായിരുന്നു ആന്റോ ജോസഫിന്റെ പോസ്റ്റ്. പെട്ടെന്നാണ് ഈ പോസ്റ്റ് ആളുകൾ ഏറ്റെടുത്തത്.
മമ്മൂട്ടിയുടെ പേഴ്സണൽ അസിസ്റ്റന്റും മേക്കപ് മാനുമായ എസ്. ജോർജും ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.''സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽനിൽക്കുന്നു. പ്രാർഥിച്ചവർക്കും കൂടെ നിന്നവർക്കും ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ...നന്ദി'' എന്നാണ് ജോർജ് ഫേസ്ബുക്കിൽ കുറിച്ചത്. പിന്നാലെ രമേഷ് പിഷാരടിയും മാലാ പാർവതിയും പോസ്റ്റുകളുമായി എത്തി. ജോൺ ബ്രിട്ടാസും മമ്മൂട്ടിയുടെ രോഗശാന്തിയിൽ സന്തോഷം പ്രകടിപ്പിച്ച് പ്രതികരിച്ചിരുന്നു.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏഴുമാസത്തോളമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു മമ്മൂട്ടി. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവൽ ആണ് തിയേറ്ററിലെത്തുന്ന മമ്മൂട്ടിയുടെ അടുത്ത ചിത്രം. വിനായകനും ഈ ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുക.
പിന്നാലെ മഹേഷ് നാരായണന്റെ സംവിധാനത്തിൽ മറ്റൊരു ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.