തൃശൂർ: എതിർപ്പിനു പിന്നാലെ ഡി.വൈ.എഫ്.ഐ നേതാവ് ഷിജുഖാൻ അധ്യക്ഷത വഹിക്കുന്ന സെഷൻ വേണ്ടെന്നുവെച്ച് കേരള സാഹിത്യ അക്കാദമി. സാഹിത്യ അക്കാദമിയുടെ സാർവദേശീയ സാഹിത്യോത്സവത്തിലെ ‘കുട്ടികളും പൗരരാണ്’ സെഷനാണ് പൂർണമായി ഒഴിവാക്കിയത്.
ബുധനാഴ്ച വൈകീട്ട് മൂന്നിന് നിശ്ചയിച്ചിരുന്ന ചർച്ചയാണ് ഒഴിവാക്കിയത്. എതിർപ്പുയർന്നതിനെ തുടർന്ന് ഷിജുഖാനെ ഒഴിവാക്കി പരിപാടി നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും പാർട്ടിയിൽനിന്ന് എതിർപ്പുയർന്നതിനെ തുടർന്നാണ് സെഷൻ വേണ്ടെന്നുവെച്ചത്.
ഈ സെഷനിൽ പങ്കെടുക്കേണ്ടിയിരുന്ന കുട്ടികളുടെ പ്രതിനിധി ദക്ഷിണയെ ചൊവ്വാഴ്ച നടന്ന ‘പെൺമയുടെ പുതുകാലം’ പരിപാടിയിൽ പങ്കെടുപ്പിക്കുകയും ചെയ്തു. ഷിജുഖാൻ അധ്യക്ഷത വഹിക്കുന്ന സെഷൻ ഒഴിവാക്കിയെന്ന് സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ സ്ഥിരീകരിച്ചു.
സാഹിത്യോത്സവം വിവാദങ്ങളിൽനിന്ന് ഒഴിവാക്കാൻ സംയുക്തമായെടുത്ത തീരുമാനമാണെന്നും സച്ചിദാനന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയായിരിക്കെ തന്റെ കുഞ്ഞിനെ താനറിയാതെ കൃത്രിമം കാട്ടി ദത്തുനൽകിയ ഷിജുഖാൻ കുഞ്ഞുങ്ങളുടെ അവകാശം സംബന്ധിച്ച് അക്കാദമിയിൽ സംസാരിക്കാൻ വന്നാൽ സദസ്സിലെത്തി പ്രതിഷേധിക്കുമെന്ന് ദത്തുവിവാദത്തിലെ കുഞ്ഞിന്റെ അമ്മ അനുപമ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു. തുടർന്ന് സെഷനിൽ ഷിജുഖാനൊപ്പം സംസാരിക്കേണ്ടിയിരുന്ന അഭിഭാഷകയും ആക്ടിവിസ്റ്റുമായ കുക്കു ദേവകി പരിപാടിയിൽനിന്ന് പിന്മാറുന്നതായി അറിയിച്ചിരുന്നു. അനുപമ വിമർശനം ഉന്നയിച്ചതിനു പിന്നാലെ ഷിജുഖാനെ പിന്തുണച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതി രംഗത്തെത്തി.
അനുപമയുമായി ബന്ധപ്പെട്ട ദത്തുവിവാദത്തിൽ ഷിജുഖാന് ഒരു ഭൂതകാലം ഉള്ളതായി തനിക്ക് അറിവില്ലായിരുന്നുവെന്നും പലതരത്തിലുള്ള എതിർപ്പുകൾ വാട്സ്ആപ് മുഖേന ലഭിച്ചിരുന്നുവെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി. അതേസമയം, ഷിജുഖാനുമായി ബന്ധപ്പെട്ട വിഷയത്തിൽ സാഹിത്യ അക്കാദമി കൈക്കൊണ്ട തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് സഹപാനലിസ്റ്റായി സംസാരിക്കേണ്ടിയിരുന്ന അഡ്വ. കുക്കു ദേവകി ‘മാധ്യമ’ത്തോട് പറഞ്ഞു.
തന്നെപ്പോലുള്ള ചെറിയ മനുഷ്യർ പറഞ്ഞത് അക്കാദമി ശ്രദ്ധിച്ചു എന്നത് വലിയ കാര്യമാണ്. കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട വിഷയം വലിയ സെൻസിറ്റിവാണ്. അത് സെൻസിബിൾ ആയ ആളുകളാകണം ചർച്ചചെയ്യേണ്ടത്. ഷിജുഖാൻ പങ്കെടുക്കുന്ന സെഷനിൽ ഉണ്ടാവില്ലെന്ന് നേരത്തേ താൻ അറിയിച്ചിരുന്നുവെന്നും കുക്കു ദേവകി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.