ബി.എസ്.എൻ.എല്ലിൽ രണ്ടാം വി.ആർ.എസ്?

കൊച്ചി: പൊതുമേഖല ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൽ (ബി.എസ്.എൻ.എല്ലിൽ) രണ്ടാമത്തെ സ്വയം വിരമിക്കൽ പദ്ധതിക്ക് (വി.ആർ.എസ്) കമ്പനി ഡയറക്ടർ ബോർഡിന്‍റെ അനുമതി ലഭിച്ചതായി സൂചന. ഇതു സംബന്ധിച്ച വസ്തുത വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ഫെഡറേഷൻ ഓഫ് ടെലികോം എംപ്ലോയീസ്, ബി.എസ്.എൻ.എൽ സി.എം.ഡി രവി എ. റോബർട്ട് ജെറാൾഡിന് തിങ്കളാഴ്ച കത്ത് നൽകി. ഒരു തലത്തിലും കൂടിയാലോചനയില്ലാതെ തികച്ചും ഏകപക്ഷീയമായി നടക്കുന്ന ഈ നീക്കം ശക്തമായി എതിർക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

ലക്ഷ്യം കാൽ ലക്ഷം ജീവനക്കാർ

രണ്ടാം വി.ആർ.എസിലൂടെ ലക്ഷ്യമിടുന്നത് കാൽ ലക്ഷം ജീവനക്കാരെ കുറക്കാനാണെന്നാണ് സൂചന. കുറച്ച് കാലമായി ഇത് സംബന്ധിച്ച് അഭ്യൂഹം പരക്കുന്നുണ്ടെങ്കിലും ബി.എസ്.എൻ.എൽ മാനേജ്മെന്‍റ് ഇതുവരെ ഇത് നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. നിശ്ചിത പ്രായപരിധിക്ക് മുകളിലുള്ളവരെ വി.ആർ.എസിലൂടെ ഒഴിവാക്കാനാണ് നീക്കം എന്നാണ് സംഘടനാവൃത്തങ്ങൾ പറയുന്നത്. അതേസമയം, ആദ്യ വി.ആർ.എസിന് ശേഷം ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിടുകയാണ് കമ്പനി. കരാർ ജീവനക്കാരെ നിയോഗിച്ചും പ്രവൃത്തികൾ പുറംകരാർ നൽകിയുമാണ് മുന്നോട്ട് പോകുന്നത്.

ഉപദേശകർ ‘ബി.സി.ജി’

രണ്ടാമത്തെ വി.ആർ.എസ് നടപ്പാക്കുന്നത് അമേരിക്ക ആസ്ഥാനമായ ‘ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പ്’ എന്ന സ്ഥാപനത്തിന്‍റെ ഉപദേശപ്രകാരമാണെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. കമ്പനിയുടെ പുന:രുദ്ധാരണത്തിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ കഴിഞ്ഞവർഷം മെയിലാണ് 132 കോടി രൂപ ഫീസും ‘പെർഫോമൻസ് ഇൻസന്‍റീവും’ നൽകി കേന്ദ്ര സർക്കാർ ഇവരെ നിയോഗിച്ചത്. സ്വകാര്യ ടെലികോം കമ്പനിയുമായി മത്സരിക്കാൻ പ്രാപ്തമാക്കൽ, ചെലവ് ചുരുക്കൽ, ഉപഭോക്തൃ സൗഹൃദമാക്കൽ എന്നിവക്ക് ഉതകുന്ന നിർദേശങ്ങൾ സമർപ്പിക്കാനാണ് കൺസൾട്ടൻസിക്ക് നൽകിയ നിർദേശം. ബി.സി.ജിയെ നിയോഗിച്ചപ്പോൾതന്നെ സംഘടനകൾ എതിർപ്പ് ഉന്നയിച്ചിരുന്നു.

ആദ്യ വി.ആർ.എസിൽ പോയത് 80,000ഓളം ജീവനക്കാർ

2019ൽ നടപ്പാക്കിയ ആദ്യ വി.ആർ.എസിലൂടെ ഏതാണ്ട് 80,000 ജീവനക്കാരാണ് പുറത്ത് പോയത്. കമ്പനി 30,000-35,000 പേരെ പ്രതീക്ഷിച്ച സ്ഥാനത്താണ് കൂട്ട കൊഴിഞ്ഞുപോക്ക് ഉണ്ടായത്. ഇതിന് ശേഷം ബി.എസ്.എൻ.എല്ലിന്‍റെ പ്രവർത്തനം താളംതെറ്റിയെന്ന ആക്ഷേപം ശക്തമായി. ലാൻഡ്ലൈൻ, ബ്രോഡ്ബാന്‍റ് സേവനങ്ങളെ ബാധിച്ചതോടെ വരിക്കാരും വൻതോതിൽ കൊഴിഞ്ഞു തുടങ്ങി. കമ്പനിയിൽ ഇപ്പോൾ അര ലക്ഷത്തോളം ജീവനക്കാരാണുള്ളത്. രണ്ടാമതൊരു വി.ആർ.എസ്. നടപ്പാക്കിയാൽ കമ്പനിയുടെ അന്ത്യമായിരിക്കുമെന്ന് ജീവനക്കാരുടെയും ഓഫിസർമാരുടെയും സംഘടനകൾ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നതിനിടക്കാണ് അതിന് അംഗീകാരമായെന്ന സൂചന പുറത്ത് വരുന്നത്.

Tags:    
News Summary - Second VRS in BSNL?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.