തിരുവനന്തപുരം: കേരള ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിനുള്ള പാനലിൽനിന്ന് മുഖ്യമന്ത്രി ശിപാർശ ചെയ്യുന്ന മുൻഗണനാക്രമത്തിലായിരിക്കണം ചാൻസലറായ ഗവർണർ നിയമനം നടത്തേണ്ടതെന്ന് സുപ്രീംകോടതി മാർഗരേഖ. സംസ്ഥാന സർക്കാറിന് വ്യക്തമായ മേൽക്കൈ നൽകുന്നതാണിത്. സംസ്ഥാന സർക്കാറിനെ പൂർണമായി മാറ്റിനിർത്തി ചാൻസലർ എന്ന നിലയിൽ വി.സി നിയമനങ്ങളിൽ പിടിമുറുക്കാൻ ഗവർണർ നടത്തിയ നീക്കത്തിനുള്ള തിരിച്ചടി കൂടിയായി കോടതി ഉത്തരവ്.
വി.സി നിയമനത്തിനായി കോടതി നിർദേശപ്രകാരം രൂപവത്കരിക്കുന്ന അഞ്ചംഗ സെർച് കമ്മിറ്റി സമർപ്പിക്കുന്ന പാനൽ മുഖ്യമന്ത്രിക്ക് കൈമാറാനാണ് കോടതി നിർദേശം. പാനലിൽനിന്ന് മുഖ്യമന്ത്രി ശിപാർശ ചെയ്യുന്ന അതേ മുൻഗണനാക്രമത്തിലാകണം ചാൻസലർ വി.സി നിയമനം നടത്തേണ്ടത്. പാനലിൽനിന്ന് ആരെയും നിയമിക്കാമെന്ന ചാൻസലറുടെ അധികാരമാണ് ഉത്തരവിലൂടെ നിയന്ത്രിക്കപ്പെട്ടത്. എന്നാൽ, മുഖ്യമന്ത്രി തയാറാക്കിയ മുൻഗണനാക്രമത്തിലോ രേഖപ്പെടുത്തിയ പരാമർശത്തിലോ വിയോജിപ്പുണ്ടെങ്കിൽ അക്കാര്യം കാരണങ്ങളും പ്രസക്തവിവരങ്ങളും സഹിതം ചാൻസലർക്ക് ഫയലിൽ രേഖപ്പെടുത്താൻ അവസരമുണ്ട്.
മുഖ്യമന്ത്രിയിൽനിന്ന് പാനൽ ലഭിച്ചാൽ വ്യത്യസ്ത അഭിപ്രായമില്ലെങ്കിൽ രണ്ടാഴ്ചക്കകം ചാൻസലർ വി.സി നിയമനത്തിന് അംഗീകാരം നൽകണം. ചാൻസലറുടെ അംഗീകാരമായാൽ നിയമനവിവരം ഒരാഴ്ചക്കകം സർവകലാശാലയുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പ് വിജ്ഞാപനം ചെയ്യണം. വി.സി നിയമന പാനലിൽ ഏതെങ്കിലും പേര് ഉൾപ്പെടുത്തുന്നതിൽ മുഖ്യമന്ത്രി എതിർപ്പ് പ്രകടിപ്പിക്കുകയും അത് ചാൻസലർക്ക് സ്വീകാര്യമല്ലാതിരിക്കുകയോ ഏതെങ്കിലും പേരിൽ ചാൻസലർക്ക് എതിർപ്പുണ്ടാവുകയോ ചെയ്താൽ അത്തരം ഘട്ടത്തിൽ വിഷയം കോടതി പരിഗണിച്ച് അന്തിമ തീർപ്പുകൽപ്പിക്കുമെന്നും ഉത്തരവിൽ പറയുന്നു. എതിർപ്പിന് ആധാരമായ വാദങ്ങൾ കേട്ടശേഷമാകും കോടതിയുടെ അന്തിമ തീർപ്പ്.
റിട്ട. ജഡ്ജി സുധാൻഷു ധൂലിയ അധ്യക്ഷനായാണ് രണ്ട് സർവകലാശാലകളിലേക്കും വി.സി നിയമനത്തിന് വെവ്വേറെ അഞ്ചംഗ സെർച് കമ്മിറ്റി രൂപവത്കരിക്കാൻ ഉത്തരവിട്ടത്. ഇതിനായി സർക്കാറും ചാൻസലറും നൽകിയ വിദഗ്ധരുടെ പട്ടിക കോടതി സെർച് കമ്മിറ്റി അധ്യക്ഷന് കൈമാറും.
രണ്ട് പട്ടികകളിൽനിന്നും രണ്ടുവീതം പേരെ ഉൾപ്പെടുത്തിയാകണം സെർച് കമ്മിറ്റി. രണ്ടാഴ്ചക്കുള്ളിൽ സെർച് കമ്മിറ്റി രൂപവത്കരിക്കാനാണ് കോടതി നിർദേശം.
തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാനുള്ള ചാന്‍സലറായ ഗവർണറുടെ ശാഠ്യമാണ് വിഷയം ജുഡീഷ്യറി നടപടികളിലേക്ക് എത്തിച്ചതെന്ന് പ്രോ ചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു.
ആക്ടുകളില്‍ രേഖപ്പെടുത്തിയത് പോലെ സംസ്ഥാന സര്‍ക്കാറിന്റെ താല്‍പര്യം കൂടി പരിഗണിച്ചാണ് താല്‍ക്കാലിക വി.സി നിയമനമുള്‍പ്പെടെ നടത്തേണ്ടത്. പക്ഷേ നിയമത്തെ അവഗണിച്ച് ഏകപക്ഷീയ തീരുമാനങ്ങളെടുക്കാനാണ് ചാന്‍സലര്‍ ശ്രമിച്ചത്. ഹൈകോടതിയും സുപ്രീംകോടതിയും നിയമത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്ന് തീര്‍പ്പ് കൽപ്പിച്ച വിഷയത്തിലാണ് ഇപ്പോൾ സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടലുണ്ടായത്.
സംസ്ഥാന സര്‍ക്കാറിനെ അവഗണിച്ച് വി.സി നിയമനം നടത്താന്‍ കഴിയില്ലെന്നാണ് കോടതി വിധിച്ചത്. സംഘ്പരിവാര്‍ ശക്തികളോട് താല്‍പര്യമുള്ളവരെ സർവകലാശാലകളുടെ താക്കോല്‍സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കാനാണ് ഗവർണർ ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.