ഹജ്ജ്: കേരളത്തിൽ നിന്ന് കൂടുതല്‍ പേര്‍ക്ക് അവസരം ലഭിച്ചേക്കുമെന്ന് പ്രതീക്ഷ

കൊണ്ടോട്ടി: സംസ്ഥാനത്തുനിന്ന് അടുത്ത വര്‍ഷത്തെ ഹജ്ജിന് കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കുമെന്ന് പ്രതീക്ഷ. ഇന്ത്യക്കുള്ള ഹജ്ജ് സീറ്റുകള്‍ എത്രയെന്ന് ഇതുവരെ സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ കേരളത്തിന് 8530 സീറ്റുകളാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി അനുവദിച്ചിരിക്കുന്നത്. രാജ്യത്തിനുള്ള ഹജ്ജ് സീറ്റുകളുടെ എണ്ണം വ്യക്തമാകുന്നതോടെ ആനുപാതികമായ സീറ്റുകള്‍ കേരളത്തിന് അനുവദിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ അവസരം ലഭിക്കുന്ന മുറക്ക് കാത്തിരിപ്പുപട്ടികയില്‍ ഉള്‍പ്പെട്ടവരെ തീര്‍ഥാടനത്തിനായി പരിഗണിക്കും.

ഹജ്ജ് തീര്‍ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യ ഗഡു തുകയടക്കാനുള്ള സമയപരിധി ബുധനാഴ്ച അവസാനിക്കാനിരിക്കെ ഇതിനുള്ള അവസരം ദീര്‍ഘിപ്പിക്കണമെന്ന ആവശ്യവുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കത്തയച്ചു. 1,52,300 രൂപയാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട തീര്‍ഥാടകര്‍ ആദ്യ ഗഡുവായി അടവാക്കേണ്ടത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള പ്രയാസം ഇതിനകം ചര്‍ച്ചയായിരുന്നു.

20ന് ഹജ്ജ് കമ്മിറ്റി നിര്‍ദേശിച്ച രീതിയില്‍ തുകയടച്ച് അതിന്റെ രേഖകളും മറ്റ് അനുബന്ധ രേഖകളും 25നകം സമര്‍പ്പിക്കാനാണ് നിര്‍ദേശം. കുറഞ്ഞ കാലയളവ് മാത്രം രേഖാസമര്‍പ്പണത്തിന് നല്‍കിയതിനു പുറമെ ഇതിനിടയില്‍ വരുന്ന അവധിദിവസങ്ങള്‍ പരിഗണിക്കാത്തത് തീര്‍ഥാടകരെ പ്രയാസത്തിലാക്കുന്നുണ്ട്.

തീര്‍ഥാടകര്‍ക്ക് അനുവദിച്ച ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേമെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിലാണ് ആദ്യ ഗഡു പണമടക്കേണ്ടത്. ഓണ്‍ലൈനായും പണമടക്കാന്‍ സൗകര്യമുണ്ട്. പണമടച്ച രസീത്, മെഡിക്കല്‍ സ്‌ക്രീനിങ് ആൻഡ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് (സര്‍ക്കാര്‍ മെഡിക്കല്‍ ഓഫിസര്‍ (അലോപ്പതി) അനുവദിച്ചത്), ഹജ്ജ് അപേക്ഷഫോറം, ഡിക്ലറേഷന്‍ എന്നിവയാണ് 25നുമുമ്പ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കേണ്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.