വി.സി നിയമനം: സുപ്രീംകോടതി നിർദേശിച്ചത് അസാധാരണ നടപടിക്രമങ്ങൾ

തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വി.സി നിയമനത്തിനായി സുപ്രീംകോടതി മുന്നോട്ടുവെച്ചത് അസാധാരണ നടപടിക്രമങ്ങൾ. സർവകലാശാല നിയമങ്ങളും യു.ജി.സി ചട്ടങ്ങളും മാറ്റിവെച്ച് പ്രശ്നപരിഹാരത്തിനുള്ള വഴി എന്ന നിലയിലാണ് കോടതി ബദൽ മാർഗങ്ങൾ മുന്നോട്ടുവെച്ചത്.

സെർച്ച് കമ്മിറ്റി രൂപവത്കരണത്തിൽ സർക്കാറും ചാൻസലറും തമ്മിൽ അധികാര തർക്കം തുടരുന്നതിനിടെയാണ് കോടതി മറ്റൊരു മാർഗം മുന്നോട്ടുവെച്ചത്. ഇതോടെയാണ് അക്കാദമീഷ്യന് പകരം റിട്ട. ജഡ്ജി രണ്ട് സർവകലാശാലകൾക്കുമായുള്ള സെർച്ച് കമ്മിറ്റികളുടെ അധ്യക്ഷനാകുന്നത്. സർക്കാർ ആവശ്യം അംഗീകരിച്ച കോടതി സെർച്ച് കമ്മിറ്റിയിൽനിന്ന് യു.ജി.സി പ്രതിനിധിയെ ഒഴിവാക്കി. വി.സി നിയമനത്തിനായി സെർച്ച് കമ്മിറ്റി തയാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്ക് സമർപ്പിക്കണമെന്നും മുഖ്യമന്ത്രിക്ക് മുൻഗണനാക്രമം നിശ്ചയിക്കാമെന്നും കോടതി വ്യക്തമാക്കി.

സെർച്ച് കമ്മിറ്റി നിർദേശിക്കുന്ന പേരുകളിൽ വിയോജിപ്പുണ്ടെങ്കിൽ മുഖ്യമന്ത്രിക്കും ചാൻസലർക്കും കാരണം സഹിതം രേഖപ്പെടുത്താനുള്ള അവസരവും നൽകി. പട്ടികയിൽ മുഖ്യമന്ത്രി ശിപാർശ ചെയ്യുന്ന മുൻഗണന പ്രകാരമായിരിക്കണം ചാൻസലർ വി.സി നിയമനം നടത്തേണ്ടത്. ഇതിൽ വിയോജിപ്പുണ്ടെങ്കിൽ അക്കാര്യം ചാൻസലർക്ക് ഫയലിൽ രേഖപ്പെടുത്താം.

മുഖ്യമന്ത്രിയും ചാൻസലറും ഭിന്ന നിലപാടുകളിലാണെങ്കിൽ വി.സി നിയമനത്തിലെ അന്തിമ തീർപ്പ് കോടതിയുടേതായിരിക്കും. മുഖ്യമന്ത്രിയിൽ നിന്ന് പട്ടിക ലഭിച്ചുകഴിഞ്ഞാൽ എതിർപ്പില്ലെങ്കിൽ രണ്ടാഴ്ചക്കകം വി.സി നിയമനത്തിന് ചാൻസലർ അംഗീകാരം നൽകണമെന്ന സമയപരിധിയും കോടതി നിശ്ചയിച്ചു.

മുൻകാലങ്ങളിൽ വി.സി നിയമനത്തിനായി സമർപ്പിച്ച പാനലിൽ മാസങ്ങളോളം തീരുമാനമെടുക്കാതെ ചാൻസലർ വൈകിപ്പിച്ച സാഹചര്യമുണ്ടായിരുന്നു. സംസ്ഥാന സർക്കാറും ചാൻസലറും സമർപ്പിച്ച വിദഗ്ധരുടെ പട്ടികയിൽനിന്ന് രണ്ട് വീതം പേരെ ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റി രൂപവത്കരിക്കാനാണ് അധ്യക്ഷനായ റിട്ട. ജഡ്ജിക്കുള്ള നിർദേശം.

ഇതിൽ അധ്യക്ഷന് വിവേചനാധികാരം ഉപയോഗിക്കാനുള്ള അവസരവും കോടതി നൽകി. രണ്ട് സെർച്ച് കമ്മിറ്റികളും ചുരുങ്ങിയത് മൂന്ന് പേരുകൾ അടങ്ങിയ പട്ടികയാണ് അക്ഷരമാല ക്രമത്തിൽ തയാറാക്കി നൽകേണ്ടത്. രണ്ടാഴ്ചക്കുള്ളിൽ സെർച്ച് കമ്മിറ്റി രൂപവത്കരിക്കാനാണ് അധ്യക്ഷനുള്ള നിർദേശം.

വി.സി നിയമനത്തിന് അപേക്ഷ ക്ഷണിച്ച് പരസ്യം നൽകാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിനെയും ചുമതലപ്പെടുത്തി. ലഭിച്ച അപേക്ഷകളിൽ ഒരു മാസത്തിനകം സെർച്ച് കമ്മിറ്റി നടപടികൾ പൂർത്തിയാക്കണം.

Tags:    
News Summary - VC appointment: Supreme Court orders unusual procedures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.