കൊച്ചി: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ സിൻഡിക്കേറ്റ് യോഗത്തിൽ നിന്ന് ഗവ. സെക്രട്ടറിമാർ വിട്ടു നിൽക്കുന്നത് സംബന്ധിച്ച വൈസ് ചാൻസലറുടെ ഹരജിയിൽ സർവകലാശാലയെയും ജീവനക്കാരുടെ പ്രതിനിധികളെയും കക്ഷി ചേർത്തു. ഇവരെ കക്ഷി ചേർക്കുന്നതിൽ എതിർപ്പില്ലെന്ന് ഹരജിക്കാരനും മറ്റ് എതിർകക്ഷികളും അറിയിച്ചതിനെ തുടർന്ന് ജസ്റ്റിസ് സി.എസ്. ഡയസ് ഇവർക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.
ഗവ. സെക്രട്ടറിമാർ വിട്ടു നിൽക്കുന്നത് സർവകലാശാലയിൽ ഭരണസ്തംഭനത്തിന് കാരണമാകുന്നതായി ചൂണ്ടിക്കാട്ടി വി.സി ഡോ. ശിവപ്രസാദ് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. സർക്കാർ പ്രതിനിധികളായ ധനകാര്യ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിമാരും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറും തുടർച്ചയായി സിൻഡിക്കറ്റ് യോഗങ്ങളിൽ നിന്നു വിട്ടു നിൽക്കുന്നത് പ്രതിസന്ധിക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. ഒമ്പതിൽ മൂന്ന് പേർ ഹാജരല്ലാത്തതിനാൽ കോറം തികയാതെ യോഗം പിരിയുകയാണെന്നും ബജറ്റ് പാസാക്കാനോ ജീവനക്കാർക്ക് ശമ്പളം നൽകുന്നതടക്കം സാമ്പത്തിക ഇടപാടുകൾ നടത്താനോ സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി.
എന്നാൽ, കോടതി ഉത്തരവിന് അനുസൃതമായല്ല വി.സി നിയമനം നടത്തിയതെന്നും സർക്കാറിന്റെ അഭിപ്രായം തേടിയില്ലെന്നുമാണ് സർക്കാർ വാദം. വി.സി നിയമനത്തിന് സുപ്രീം കോടതി സെലക്ഷൻ കമ്മിറ്റി ചെയർമാനെ തെരഞ്ഞെടുത്ത് നടപടിക്ക് തുടക്കം കുറിച്ച സാഹചര്യം ചൊവ്വാഴ്ച ഹരജി പരിഗണിക്കവേ സർക്കാർ ചൂണ്ടിക്കാട്ടി. ഇക്കാര്യം വിലയിരുത്തിയ കോടതി യോഗത്തിൽ സംബന്ധിക്കാൻ ധനകാര്യ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിമാർക്കും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്കും നിർദേശം നൽകണമെന്ന ഇടക്കാല ആവശ്യം തള്ളി. തുടർന്ന് കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.