കൊച്ചി: യുവഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ റാപ്പര്‍ വേടനെ (ഹിരണ്‍ദാസ് മുരളി) അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി നിർദേശം. വേടന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജിയില്‍ തീരുമാനമാകുംവരെ അറസ്റ്റ് പാടില്ലെന്നാണ് ജസ്റ്റിസ് ബെച്ചുകുര്യന്‍ ജോസഫ് ഉത്തരവിട്ടത്. ചൊവ്വാഴ്ചയും ജാമ്യഹരജിയില്‍ വാദംനീണ്ട ഘട്ടത്തിലാണ്, തീരുമാനമാകുംവരെ അറസ്റ്റ് പാടില്ലെന്ന് കോടതി പ്രോസിക്യൂഷന് നിര്‍ദേശംനല്‍കിയത്. ബുധനാഴ്ചയും വാദംതുടരുമെന്ന് കോടതി വ്യക്തമാക്കി.
അതിനിടെ, ചൊവ്വാഴ്ച നടന്ന വാദത്തില്‍ പരാതിക്കാരി വേടനെതിരെ ഗുരുതര ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. വിവാഹവാഗ്ദാനം നല്‍കി വേടന്‍ പീഡിപ്പിച്ചു. പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ എല്ലാം ഉപേക്ഷിച്ചുപോയി. ഇതോടെ മാനസികനില തകരാറിലായി. കാലങ്ങളോളം ചികിത്സ തേടേണ്ടിവന്നു. ഏറെ കാലമെടുത്താണ് സാധാരണജീവിതത്തിലേക്ക് മടങ്ങിവരാനായതെന്നും പരാതിക്കാരി കോടതിയില്‍ പറഞ്ഞു. വേടനെതിരെ രണ്ട് ലൈംഗികാതിക്രമ പരാതികള്‍ കൂടി ഉയര്‍ന്നിട്ടുണ്ടെന്നും പരാതിക്കാരിയുടെ അഭിഭാഷക കോടതിയിൽ അറിയിച്ചു.
ചൊവ്വാഴ്ചത്തെ വാദത്തിനിടെ കോടതി ചില സുപ്രധാന ചോദ്യങ്ങളും ഉന്നയിച്ചു. പരസ്പരം സ്‌നേഹത്തിലായിരുന്ന സമയത്തുണ്ടായ ലൈംഗികബന്ധം ബലാത്സംഗക്കുറ്റമാകുമോ എന്നായിരുന്നു ഹൈകോടതിയുടെ പ്രധാന ചോദ്യം. കഴിഞ്ഞദിവസത്തെ വാദത്തിലടക്കം യുവഡോക്ടറുമായുള്ള ബന്ധം വേടന്‍ നിഷേധിച്ചിരുന്നില്ല. എന്നാല്‍, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം തെറ്റാണെന്നും ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു വേടന്റെ വാദം. ജാമ്യഹരജിയില്‍ പ്രോസിക്യൂഷന്റെ വാദം ഇതുവരെ നടന്നിട്ടില്ല.
കഴിഞ്ഞദിവസം വേടന്റെ ജാമ്യഹരജി പരിഗണിച്ചപ്പോള്‍ പരാതിക്കാരിയും കക്ഷിചേര്‍ന്നിരുന്നു. പ്രതിക്കെതിരെ കൂടുതല്‍രേഖകള്‍ ഹാജരാക്കാൻ പരാതിക്കാരിക്ക് കോടതി സമയം അനുവദിച്ചു. യുവഡോക്ടറുടെ പീഡനപരാതിയില്‍ കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ വേടനെ പൊലീസിന് പിടികൂടാനായിരുന്നില്ല. ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. ഇതിനിടെയാണ് ജാമ്യഹരജിയിൽ തീർപ്പാകുന്നതുവരെ അറസ്റ്റ് വേണ്ടെന്ന് കോടതി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.