തൃശൂർ: 20204ലെ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സന്നദ്ധ സംഘടനകൾ പണപ്പിരിവ് നടത്തിയത് സംബന്ധിച്ച് രേഖകളില്ലെന്ന് ധനകാര്യ റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിനായി വിവിധ സംഘടനകൾ നടത്തിയ ഫണ്ട് പിരിവ് സംബന്ധിച്ച് ഫയലുകളോ പരാതികളോ അനുബന്ധ രേഖകളോ വയനാട് കലക്ടറേറ്റിൽ ഇല്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹാരം കൂടാതെ ചില രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകളും കൂട്ടായ്മകളും സന്നദ്ധ സംഘടനകളും മറ്റും ദുരിതബാധിതരെ സഹായിക്കുന്നതിനായി ധനസമാഹരണം നടത്തുന്നതായി സർക്കാറിന് വിവരം ലഭിച്ചിരുന്നു. ഈ പണപ്പിരിവ് സംബന്ധിച്ച് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നൽകിയ കുറുപ്പിന്മേൽ ധനമന്ത്രി ഉത്തരവിട്ടതിന്‍റെ അടിസ്ഥാനത്തിൽ ധനികാര്യ വിഭാഗം വയനാട്ടിൽ പരിശോധന നടത്തിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പി.ആർ. പ്രശാന്ത് നൽകിയ 20,000 രൂപയുടെ ചെക്ക് അക്കൗണ്ടിൽ തുക ഇല്ലാത്തതിനാൽ മടങ്ങിയെന്ന് കലക്ടറേറ്റിലെ റിപ്പോർട്ടിലുണ്ട്. വൈത്തിരി താലൂക്ക് ഓഫീസിൽ നടത്തിയ പരിശോധനയിൽ പൊഴുതന വില്ലേജ് പരിധിയിൽ പെരിങ്കോട്ട കൂട്ടക്കാവ് ക്ഷേത്ര ഭരണസമിതിയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി ലഭിച്ച 25,000 രൂപയുടെ ചെക്ക് പൊഴുതന വില്ലേജ് ഓഫീസർക്ക് ലഭിച്ചു. ഈ തുക കേരള ഗ്രാമീൺ ബാങ്ക് പൊഴുതനശാഖയിൽ ഹാജരാക്കി ലഭിച്ച രസീത് പൊഴുതന വില്ലേജ് ഓഫിസിലുണ്ട്. ഇക്കാര്യം വയനാട് കലക്ടർക്ക് വൈത്തിരി തഹസിൽദാർ റിപ്പോർട്ട് ചെയ്തു.
വെള്ളരിമല വില്ലേജ് ഓഫീസിലാണ് ആദ്യം പരിശോധന നടത്തിയത്. ദുരന്തബാധിത വാർഡുകളായ മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുഞ്ചിരി മറ്റം എന്നിവ വെള്ളരിമല വില്ലേജിന് കീഴിലുള്ള പ്രദേശങ്ങളാണ്. വില്ലേജ് ഓഫീസിൽ നടത്തിയ പരിശോധനയിൽ ദുരന്തത്തെ തുടർന്ന് വിവിധ സംഘടനകളും വ്യക്തികളോ സംബന്ധിച്ച പിരിവുകൾ സംബന്ധിച്ച് അറിയിപ്പുകളോ ആക്ഷേപങ്ങളോ ഇവിടെ ലഭിച്ചിട്ടില്ല. ദുരന്തബാധിതരുടെയും പ്രദേശവാസികളുടെയും നിരവധി വാട്സാപ്പ് കൂട്ടായ്മകൾ സജീവമായി പ്രവർത്തിച്ചിരുന്നു. ധനസഹായങ്ങൾ ആവശ്യപ്പെട്ടതായും പറയുന്നുണ്ട് . എന്നാൽ ഏതെങ്കിലും സംഘടനയോ വ്യക്തിയോ പണപ്പിരിവ് നടത്തിയതിനെക്കുറിച്ച് അറിവില്ലെന്നാണ് വില്ലേജ് ഓഫിസർ മൊഴി നൽകി.
ചൂരൽമല- മുണ്ടക്കൈ നിവാസികളുടെ പുനരധിവാസത്തിനും ക്ഷേമത്തിനും എന്ന പേരിൽ വിവിധ സൊസൈറ്റികൾ രൂപീകരിച്ച പ്രവർത്തിക്കുന്നതായി അന്വേഷണത്തിൽ അറിഞ്ഞു. ഇതിന്റെ നിജസ്ഥിതി രജിസ്ട്രേഷൻ വകുപ്പുമായി ബന്ധപ്പെട്ട മാത്രമേ അറിയാൻ കഴിയുള്ളൂ. കോട്ടപ്പടി, തൊണ്ടർനാട് വില്ലേജിലും പണപ്പിരിവ് സംബന്ധിച്ച് എന്തെങ്കിലും ഫയലുകൾ കണ്ടെത്താൻ കഴിഞ്ഞില്ല.
സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങളോ മറ്റ് പ്രതികൂല സാഹചര്യങ്ങളോ ഉണ്ടാകുന്ന അവസരത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ ഉദ്ദേശിക്കുന്ന തുക അതിലേക്ക് തന്നെ അടക്കുന്നത് ഉറപ്പുവരുത്തുന്നത് വിനിയോഗത്തിന്റെ സുതാര്യതയും വിശ്വസ്തതയും സംബന്ധിച്ച് സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങളുടെ ഇടയിൽ ആവശ്യമായ ബോധവൽക്കരണം നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
ഇങ്ങനെ പല സംഘടനകളും സമാഹരിച്ച തുക ദുരിതാശ്വാസനിധിയിലേക്ക് നൽകാതെ അവരുടെ താൽപര്യങ്ങൾക്ക് അനുസരണമായി വിനിയോഗിക്കുക വഴി ദുരിതാശ്വാസ ഫണ്ടിലേക്കുള്ള സാമ്പത്തിക സഹായം കുറയുന്നതിന് കാരണമാകും. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകീകൃത സ്വഭാവം നഷ്ടപ്പെടുന്നതിനും സർക്കാറിന്റെ പ്രതിച്ഛാക്ക് മങ്ങലേൽക്കുന്നതിനും സർക്കാറിനെതിരെ വിമർശനങ്ങൾ ഉയരുന്നതിനും സാധ്യതയുണ്ട്. അത് ഒഴിവാക്കുന്നതിനാണ് അന്വേഷണം നടത്തിയത്. സർക്കാർ സംവിധാനത്തിന് പുറത്ത് പരിശോധന നടത്താനും സ്ഥീരികരിക്കാനും പരിമിതിയുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.