മമ്മൂട്ടിക്കൊപ്പം മോഹൻ ലാൽ, മഞ്ജു വാര്യർ
മലയാളത്തിന്റെ മഹാനടൻ രോഗമുക്തി നേടി ആരോഗ്യം വീണ്ടെടുത്ത് സിനിമയിൽ സജീവമാകാൻ പോവുന്നതിന്റെ സന്തോഷം പങ്കുവെച്ച് മോഹൻ ലാലും മഞ്ജുവാര്യരും. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏഴുമാസത്തോളമായി സിനിമയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു മമ്മൂട്ടി.
വെൽക്കം ബാക്ക്, ടൈഗർ എന്നാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് നടി മഞ്ജുവാര്യർ ഫേസ്ബുക്കിൽ കുറിച്ചത്.മമ്മൂട്ടിയെ ഒരു പരിപാടിയുടെ വേദിയിൽ ചുംബിക്കുന്ന ചിത്രമാണ് മോഹൻ ലാൽ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ഹൃദയത്തിന്റെ ഇമോജിയും ഒപ്പം ചേർത്തു.
ഇന്നത്തെ എഫ്.ബി തൂക്കാനുള്ള പോസ്റ്റ് എന്നാണ് ഒരു ആരാധകൻ ചിത്രത്തിന് താഴെ കുറിച്ചത്. മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വാർത്തകൾക്കിടെ മോഹൻ ലാൽ ശബരിമലയിൽ വഴിപാട് നടത്തിയിരുന്നു. അതോർമിപ്പിച്ച് ലാലേട്ടന്റെ പ്രാർഥന ഫലം കണ്ടുവെന്നാണ് ഒരാൾ പ്രതികരിച്ചത്. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്ന പേരിലായിരുന്നു മോഹൻലാൽ വഴിപാട് നടത്തിയത്. എമ്പുരാന്റെ റിലീസിന് മുമ്പായി നടത്തിയ ശബരിമല ദർശനത്തിനിടയിലായിരുന്നു മമ്മൂട്ടിക്കായി മോഹൻലാലിന്റെ ഉഷ പൂജ വഴിപാട്.
തിരിച്ചു വരൂ, ടൈഗർ എന്നായിരുന്നു മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയിൽ സന്തോഷം പ്രകടിപ്പിച്ച് നടി മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
മമ്മൂട്ടി രോഗമുക്തനായി ആരോഗ്യം വീണ്ടെടുത്തുവെന്ന വിവരം ആദ്യം പങ്കുവെച്ചത് നിർമാതാവ് ആന്റോ ജോസഫ് ആണ്. ''ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർഥനക്ക് ഫലം കണ്ടു. ദൈവമേ നന്ദി, നന്ദി, നന്ദി'' എന്നായിരുന്നു ആന്റോ ജോസഫിന്റെ പോസ്റ്റ്. പെട്ടെന്നാണ് ഈ പോസ്റ്റ് ആളുകൾ ഏറ്റെടുത്തത്.
മമ്മൂട്ടിയുടെ പേഴ്സണൽ അസിസ്റ്റന്റും മേക്കപ് മാനുമായ എസ്. ജോർജും ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.''സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽനിൽക്കുന്നു. പ്രാർഥിച്ചവർക്കും കൂടെ നിന്നവർക്കും ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ...നന്ദി'' എന്നാണ് ജോർജ് ഫേസ്ബുക്കിൽ കുറിച്ചത്. പിന്നാലെ രമേഷ് പിഷാരടിയും മാലാ പാർവതിയും പോസ്റ്റുകളുമായി എത്തി. ജോൺ ബ്രിട്ടാസും മമ്മൂട്ടിയുടെ രോഗശാന്തിയിൽ സന്തോഷം പ്രകടിപ്പിച്ച് പ്രതികരിച്ചിരുന്നു.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏഴുമാസത്തോളമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു മമ്മൂട്ടി. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവൽ ആണ് തിയേറ്ററിലെത്തുന്ന മമ്മൂട്ടിയുടെ അടുത്ത ചിത്രം. വിനായകനും ഈ ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുക. പിന്നാലെ മഹേഷ് നാരായണന്റെ സംവിധാനത്തിൽ മറ്റൊരു ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.