വേദിയിൽ വെച്ച് അനുചിതമായി സ്പർശിച്ചു, ഭോജ്പുരി സിനിമ വിടുമെന്ന് നടിയുടെ പ്രഖ്യാപനം, ഒടുവിൽ മാപ്പ് പറഞ്ഞ് പവൻ സിങ്

ഭോജ്പുരി സിനിമ മേഖല വിടുമെന്ന് നടി അഞ്ജലി രാഘവ് പ്രഖ്യാപിച്ചതിന് പിന്നാലെ നടിയോട് മാപ്പ് പറഞ്ഞ് ഭോജ്പുരി നടനും ഗായകനുമായ പവൻ സിങ്. ഒരു പരിപാടിക്കിയെയാണ് പവൻ അഞ്ജലിയെ അനുചിതമായ രീതിയിൽ സ്പർശിച്ചത്. സംഭവത്തിന്‍റെ വിഡിയോ പുറത്തു വന്നതോടെ നടനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. ഒന്നിലധികം തവണ നടിയുടെ സമ്മതമില്ലാതെ പവൻ അവരെ സ്പർശിച്ചു. അഞ്ജലി അസ്വസ്ഥയായെങ്കിലും പവൻ അത് അവഗണിക്കുകയായിരുന്നു.

തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് പവൻ അഞ്ജലിയോട് മാപ്പ് പറഞ്ഞത്. തനിക്ക് തെറ്റായ ഉദ്ദേശ്യമൊന്നുമില്ലായിരുന്നെന്ന് പവൻ പറഞ്ഞു. തന്റെ പെരുമാറ്റം അഞ്ജലിയെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നെഴുതിയാണ് കുറിപ്പ് അവസാനിപ്പിച്ചത്. അതേസമയം, പരിപാടിയിൽ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുന്ന വിഡിയോകൾ അഞ്ജലി ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു.

'കഴിഞ്ഞ രണ്ട് ദിവസമായി ഞാൻ വളരെ അസ്വസ്ഥയായിരുന്നു...അങ്ങനെ സ്പർശിക്കപ്പെടുന്നതിൽ എനിക്ക് സന്തോഷമുണ്ടാകുമെന്നൊ ഞാനത് ആസ്വദിക്കുമെന്നോ നിങ്ങൾ കരുതുന്നുണ്ടോ?' എനിക്ക് ദേഷ്യവും കരച്ചിലും വന്നു.  എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. കാരണം അവിടെയുള്ള എല്ലാവരും അവരുടെ ആരാധകരായിരുന്നു' -അഞ്ജലി പറഞ്ഞു.

ഒരു പെൺകുട്ടിയെയും അവളുടെ അനുവാദമില്ലാതെ തൊടുന്നതിനെ ഒരിക്കലും പിന്തുണക്കില്ലെന്ന് അഞ്ജലി പറഞ്ഞു. അത് വളരെ തെറ്റാണ്. ഈ രീതിയിൽ ഒരാളെ തൊടുന്നത് വളരെ തെറ്റാണ്. ഹരിയാനയിലാണ് ഇത് സംഭവിച്ചിരുന്നതെങ്കിൽ, താൻ പ്രതികരിക്കേണ്ടി വരില്ലായിരുന്നെന്നും അവിടത്തെ പൊതുജനം തന്നെ ഉത്തരം നൽകുമായിരുന്നെന്നും നടി പറഞ്ഞു. പക്ഷേ ലഖ്‌നോവിൽ ആയിരുന്നു. ഇനി ഭോജ്പുരി ഇൻഡസ്ട്രിയിൽ ജോലി ചെയ്യില്ല എന്നും അവർ കൂട്ടിച്ചേർത്തു.

പവൻ ആലപിച്ച് അടുത്തിടെ പുറത്തിറങ്ങിയ 'സയ്യ സേവ കരേ' എന്ന ഗാനത്തിന്റെ പ്രമോഷണൽ പരിപാടിയിലാണ് സംഭവം നടന്നത്. പവന്റെ പ്രവൃത്തിയെത്തുടർന്ന് പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ജ്യോതി സിങ്, പവൻ തന്നെ അവഗണിക്കുന്നുവെന്ന് ആരോപിക്കുകയും ആത്മഹത്യ ഭീഷണി ഉയർത്തുകയും ചെയ്തിട്ടുണ്ട്. 2014ൽ ആയിരുന്നു പവന്‍റെ ആദ്യ വിവാഹം. ആദ്യ ഭാര്യ 2015ൽ മരിച്ചു. 2018ലാണ് പവൻ ജ്യോതിയെ വിവാഹം കഴിക്കുന്നത്.   

Tags:    
News Summary - Pawan Singh apologises to Anjali Raghav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.