നടൻ വിശാലും നടി സായ് ധൻസികയും വിവാഹിതരാകാൻ ഒരുങ്ങുകയാണ്. ആഗസ്റ്റ് 29ന് വിശാലിന്റെ ജന്മദിനത്തിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. വിശാലിന്‍റെ പിറന്നാൾ ദിനത്തിൽ വിവാഹം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഇപ്പോഴിതാ വിവാഹത്തിനായി കുറച്ചു കൂടി കാത്തിരിക്കണമെന്ന് പറയുകയാണ് വിശാൽ. നടികർ സംഘത്തിന്റെ ഓഫിസ് കെട്ടിടത്തിന്റെ പണി പൂർത്തിയായതിനുശേഷം മാത്രമേ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുള്ളൂവെന്ന് വിവാഹനിശ്ചയ ചടങ്ങിനുശേഷം പ്രാദേശിക വാർത്ത ചാനലിനോട് വിശാൽ പറഞ്ഞു.
'ഒരു ബാച്ചിലർ എന്ന നിലയിൽ ഇത് എന്റെ അവസാന ജന്മദിനമാണ്. ഇന്ന് രാവിലെ, സായ് ധൻസികയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. എന്റെ പിന്നിലുള്ള കെട്ടിടം (നടികർ സംഘത്തിന്റെ ഓഫിസ്) നോക്കിയാൽ, ഞങ്ങൾ ഒമ്പത് വർഷമായി കാത്തിരുന്ന സ്ഥലം നിങ്ങൾക്ക് കാണാൻ കഴിയും. ഇനി നമുക്ക് രണ്ട് മാസം കൂടി കാത്തിരുന്നാൽ അത് പൂർത്തിയാകുമെന്ന് ഞാൻ കരുതുന്നു. എന്റെ ജന്മദിനത്തിൽ വിവാഹം കഴിക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. പക്ഷേ കെട്ടിടത്തിന്‍റെ പണി പൂർത്തിയാകും വരെ കാത്തിരിക്കണമെന്ന് ഞാൻ ധൻസികയോട് ഒരു നിബന്ധന വെച്ചു. അവൾ അത് സമ്മതിച്ചു' -വിശാൽ പറഞ്ഞു.
തമിഴ് താരസംഘടനയായ നടികർ സംഘത്തിന്‍റെ ജനറൽ സെക്രട്ടറിയാണ് വിശാൽ. കെട്ടിടം ഉദ്ഘാടനം ചെയ്താലുടൻ തന്നെ വിവാഹ തീയതി തീരുമാനിക്കുമെന്നും വിശാൽ പറഞ്ഞു. വിശാലും സായ് ധൻസികയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ നേരത്തെതന്നെ സജീവമായിരുന്നു. ഇവർ ഉടൻ വിവാഹിതരാകുമെന്നും ഈ വർഷം തന്നെ വിവാഹം കഴിക്കുമെന്നും വാർത്തകൾ വന്നിരുന്നു. 15 വർഷം നീണ്ടു നിന്ന സൗഹൃദത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം.
സായ് ധൻസിക പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'യോഗി ഡാ' എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിലാണ് വിശാൽ ധൻസികയുമായുള്ള പ്രണയം വെളിപ്പെടുത്തിയത്. കബാലി, പേരാൺമൈ, പരദേശി, തുടങ്ങി തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ നിരവധി സിനിമകളിൽ അഭിനയിച്ച താരമാണ് ധൻസിക. ദുൽഖർ സൽമാൻ ചിത്രമായ സോളോയിലൂടെ മലയാളത്തിലും ധൻസിക അഭിനയിച്ചിട്ടുണ്ട്. ജന്മദിനത്തിൽ തനിക്ക് ആശംസകൾ നേർന്ന എല്ലാവർക്കും നന്ദി പറയുന്ന കുറിപ്പോടെ വിശാലാണ് വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഇരുവരുടെയും വീട്ടുകാർ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.