കൊച്ചി: 2004ൽ വിനയന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘വെള്ളിനക്ഷത്രം’ എന്ന സിനിമയുടെ നിർമാതാക്കൾക്കെതിരെയുള്ള കേസ് ഹൈകോടതി റദ്ദാക്കി. സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയശേഷം കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുന്ന സീൻ ഉൾപ്പെടുത്തിയെന്ന പരാതിയിൽ നിർമാതാക്കൾക്കെതിരെ വർഷങ്ങളായി കേസ് നടക്കുകയായിരുന്നു.
കാഴ്ചക്കാർക്ക് അസ്വസ്ഥതയുണ്ടാക്കുന്ന രംഗമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. വിതരണക്കാരനായിരുന്ന കോഴിക്കോട് സ്വദേശി അപ്പച്ചനാണ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലെ കേസ് റദ്ദാക്കാനായി ഹൈകോടതിയെ സമീപിച്ചത്. തമ്പാനൂർ പൊലീസെടുത്ത കേസാണു ജസ്റ്റിസ് കൗസർ എടപ്പഗത്ത് റദ്ദാക്കിയത്.
ആരോപിക്കപ്പെടുന്ന സീൻ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയ ശേഷം ഉൾക്കൊള്ളിച്ചതാണെന്നതിന് തെളിവൊന്നുമില്ലെന്ന് കോടതി വിലയിരുത്തി. അസ്വസ്ഥതയുണ്ടാക്കുന്ന സീൻ ഉണ്ടെന്നതിന്റെ പേരിൽ മാത്രം കേസ് നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.
ഹൊറർ ചലച്ചിത്രമാണ് വെള്ളിനക്ഷത്രം. പൃഥ്വിരാജ്, തരുണി സച്ച്ദേവ്, മീനാക്ഷി, കാർത്തിക, ജഗതി ശ്രീകുമാർ, ജഗദീഷ്, സിദ്ദിഖ്, ബിന്ദു പണിക്കർ, ശോഭ മോഹൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം നിർമിച്ചിരിക്കുന്നത് ബാബു പണിക്കർ, രമേഷ് നമ്പ്യാർ എന്നിവരാണ്. എം. ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.