'ഒരു തടവ് സൊന്നാ, നൂറ് തടവ് സൊന്ന മാതിരി'; റീ റിലീസ് ആഘോഷമാക്കി ആരാധകർ

രജനിയുടെ സിനിമകളും ഡയലോഗുകളും വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആരാധകര്‍ക്കിടയില്‍ ഇന്നും ആവേശമാണ്. രജനികാന്ത് സിനിമകളിലെ ഡയലോഗുകളില്‍ ഏറ്റവും ഹിറ്റായ ഒന്നാണ് ബാഷയിലേത്. 'ഒരു തടവ് സൊന്നാ, നൂറ് തടവ് സൊന്ന മാതിരി'. ഇന്നും രജനികാന്തിനെ കുറിച്ചുള്ള എന്ത് പ്രോഗ്രാം വരുമ്പോഴും ഈ ഡയലോഗിനെ കുറിച്ച് പറയാതെ അത് പൂര്‍ണമാവില്ല.

സൂപ്പർസ്റ്റാർ രജനികാന്തിന്റെ എക്കാലത്തെയും ബ്ലോക്ക്‌ബസ്റ്റർ ചിത്രം 'ബാഷ' കഴിഞ്ഞ ദിവസം റീ റിലീസ് ചെയ്തിരുന്നു. 4K റെസല്യൂഷനിൽ ഡോൾബി അറ്റ്മോസിലാണ് ചിത്രം ഇത്തവണ പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. വമ്പൻ വരവേൽപ്പാണ് സിനിമക്ക് തമിഴ്നാട്ടിൽ ലഭിക്കുന്നത്. ചിത്രത്തിന്‍റെ വിഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. രജനിയുടെ പഞ്ച് ഡയലോഗുകൾക്കൊത്ത് ആവേശഭരിതരാകുന്ന, പാട്ടുകൾക്കൊപ്പം ചുവടുവെക്കുന്ന ആരാധകരെ വിഡിയോയിൽ കാണാനാകും. തിയറ്ററിൽ നിന്നുള്ള സീനുകളുടെ ക്ലിപ്പുകളും ആരാധകർ എക്സിലൂടെ പങ്കുവെക്കുന്നുണ്ട്.

തമിഴകം എക്കാലവും ആഘോഷിക്കുന്ന ചിത്രമാണ് ബാഷ. രജനികാന്തും നഗ്മയും പ്രധാന വേഷത്തിലെത്തിയ സിനിമ തിയറ്ററിൽ വൻ വിജയമായിരുന്നു. മാസ് സിനിമകളുടെ ബെഞ്ച്മാർക്കുകളിൽ ഒന്നായി കാണാക്കപ്പെടുന്ന സിനിമ രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്ന് കൂടിയാണ്. ബാഷയുടെ 30-ാം വാർഷികത്തോടനുബന്ധിച്ചാണ് വീണ്ടും റി റിലീസ് ചെയ്യുന്നത്.

സുരേഷ് കൃഷ്ണ രചനയും സംവിധാനവും നിർവ്വഹിച്ച് 1995ൽ പുറത്തിറങ്ങിയ തമിഴ് ഗ്യാങ്സ്റ്റർ ആക്ഷൻ ചിത്രമാണ് ബാഷ. സാങ്കേതിക അപ്‌ഗ്രേഡുകളോടെ വീണ്ടും പുറത്തിറങ്ങുന്ന ചിത്രം മികച്ച 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുമ്പോൾ പ്രേക്ഷകരും ആവേശത്തിലാണ്. ചിത്രത്തിലെ വില്ലനായ മാർക്ക് ആന്റണി എന്ന കഥാപാത്രത്തിനായി ആദ്യം ബോളിവുഡിലെ പ്രമുഖ താരങ്ങളെയാണ് പരിഗണിച്ചത്. എന്നാൽ, ഒടുവിൽ രഘുവരൻ എന്ന ലെജൻഡറി നടൻ ഈ വേഷം ഏറ്റെടുത്തത് ചിത്രത്തിന്റെ വിജയത്തിൽ നിർണായകമായി. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷവും ബാഷയുടെ സ്വാധീനം ഒട്ടും കുറഞ്ഞിട്ടില്ല എന്ന സൂചനയാണ് ഈ റീ റിലീസ് തരുന്നത്. 

Tags:    
News Summary - Fans celebrate re-release of Baasha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.