തിരുവനന്തപുരം: സമഗ്ര സിനിമ നയം മൂന്ന് മാസത്തിനകം രൂപവത്കരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. സിനിമ നയ രൂപവത്കരണ ഭാഗമായി സർക്കാർ സംഘടിപ്പിച്ച ദ്വിദിന സിനിമ കോൺക്ലേവിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയുടെ 80 ശതമാനത്തിലധികം തുക ചെലവഴിക്കുന്നത് താരങ്ങൾക്കു വേണ്ടിയാണ്. അത് കുറക്കുന്നത് അവർ തന്നെ തീരുമാനിക്കണം. റിവ്യൂ ബോംബിങ് സിനിമയെ തകര്‍ക്കാതിരിക്കാന്‍ പൊതുപെരുമാറ്റച്ചട്ടം കൊണ്ടുവരുന്ന കാര്യം പരിഗണിക്കും. സിനിമ ചിത്രീകരണത്തിന് അനുമതി നല്കാൻ ഏകജാലക സംവിധാനം കൊണ്ടുവരും. സ്വതന്ത്ര സിനിമകള്‍ക്ക് സര്‍ക്കാര്‍ തിയറ്ററുകളില്‍ ഒരു പ്രദര്‍ശനമെങ്കിലും ഉറപ്പാക്കുന്നതും സബ്സിഡി നല്‍കുന്നതും പരിശോധിക്കും. ഷൂട്ടിങ് കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷനും ലിംഗസമത്വം ഉറപ്പാക്കി പൂര്‍ണ സുരക്ഷ നല്കുന്ന നയമാണ് രൂപവത്കരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
സൂപ്പർസ്റ്റാറുകളെ വച്ചെടുക്കുന്ന സിനിമകൾക്ക് സർക്കാർ പണം അനുവദിക്കരുതെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത അടൂർ ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. താൻ സമർപ്പിച്ച സിനിമ നയത്തിൽ സർക്കാർ ഇതുവരെ നടപടി എടുത്തിട്ടില്ല. സിനിമ പ്രദർശനത്തിന് നിബന്ധന വെക്കുന്ന തിയറ്ററുകാരെ നിലക്ക്നിർത്താൻ സർക്കാറിന്റെ നേതൃത്വത്തിൽ റെഗുലേറ്ററി ബോഡി വേണം. 99 ശതമാനവും മികച്ച രീതിയിൽ ഉയർന്നുവന്ന കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ സമരം നടത്തി നശിപ്പിച്ചതായും അടൂർ പറഞ്ഞു.
മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. ഗാനരചയിതാവും നിർമാതവുമായ ശ്രീകുമാരൻ തമ്പി മുഖ്യാതിഥിയായി. സൂര്യ കൃഷ്ണമൂർത്തി, കെ.എസ്.എഫ്.ഡി.സി ചെയർമാൻ കെ. മധു, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, നടിമാരായ പദ്മപ്രിയ, നിഖില വിമൽ, സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ, സാംസ്കാരിക വകുപ്പ് അഡീഷനൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ, അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.