തിരുവനന്തപുരം: സിനിമ പോളിസി കോൺക്ലേവിൽ അഭിപ്രായങ്ങൾ തുറന്നുപറയുന്നതിനിടെ പരസ്പരം തർക്കിച്ച് നടി രേവതിയും നടനും തിരക്കഥാകൃത്തുമായ രൺജി പണിക്കരും. ‘ലിംഗഭേദവും ഉൾക്കൊള്ളലും’ എന്ന ആദ്യ സെഷനിലാണ് സംഭവം. സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യു.സി.സി മാത്രം മതിയെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും ഫെഫ്ക ഉൾപ്പെടെ നിരവധി സംഘടനകളുണ്ടെന്നുമുള്ള രൺജി പണിക്കരുടെ വാദമാണ് തർക്കത്തിന് തുടക്കമിട്ടത്.
തങ്ങൾ കൂടി ചേർന്നതാണ് സിനിമയെന്നും രൺജി പണിക്കർ പറഞ്ഞു. സിനിമയിൽ ലിംഗസമത്വത്തിന് തുടക്കമിട്ടത് ഡബ്ല്യു.സി.സിയുടെ നിലപാടിനെ തുടർന്നാണെന്ന് രേവതി വാദിച്ചു. തർക്കം നീണ്ടതോടെ മറ്റ് അംഗങ്ങൾ ഇടപെടുകയായിരുന്നു. മന്ത്രി വീണ ജോർജ് മുഖ്യപ്രഭാഷണം നടത്തിയ സെഷന്റെ മോഡറേറ്റർ സരസ്വതി നാഗരാജനായിരുന്നു.
മലയാള സിനിമയുടെ വളര്‍ച്ചക്കും വികസനത്തിനുമായി സമഗ്രമായ ചലച്ചിത്ര നയം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടനം. ചലച്ചിത്ര രംഗത്തുള്ളവർ ഈഗോ മാറ്റിവെച്ച് പ്രശ്ന പരിഹാരത്തിന് ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'ചലച്ചിത്ര രംഗത്തു ധാരാളം സംഘടനകള്‍ ഇപ്പോഴുണ്ട്. സ്വാഭാവികമായും നേതൃതല മത്സരങ്ങളുമുണ്ടാവും. ഈ ഇന്‍ഡസ്ട്രി നിലനിന്നാലേ തങ്ങള്‍ ഉള്ളു എന്ന ബോധത്തോടെ ഈഗോ മാറ്റിവെച്ച് പ്രശ്നങ്ങളുടെ പരിഹാരത്തിനായി എല്ലാവരും പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്നു കൂടി ഓര്‍മിപ്പിക്കട്ടെ' -എന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെയും, മലയാള സിനിമയുടെയും ശ്രദ്ധേയമായ ചുവടുവെപ്പാണ് ചലച്ചിത്ര നയ രൂപീകരണവും അതിനായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന കോണ്‍ക്ലേവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.