ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ്-രജനീകാന്ത് കൂട്ടുകെട്ടിൽ ഒരുങ്ങിയ കൂലി. ആഗസ്റ്റ് 14ന് തിയറ്ററിലെത്തുന്ന ചിത്രത്തിന്‍റെ ട്രെയിലറിനായുള്ള കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. ചെന്നൈയിലെ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഓഡിയോ ലോഞ്ച് ചടങ്ങിലാണ് ട്രെയിലർ പുറത്തിറങ്ങിയത്.
മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ, തീവ്രമായ ഒരു ആക്ഷൻ ഡ്രാമയാണ് വരാനിരിക്കുന്നതെന്ന സൂചന നൽകുന്നു. ചിത്രത്തിൽ ദേവ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. മലയാളി താരം സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ചെന്നൈയിൽ നടന്ന ഓഡിയോ ലോഞ്ചിൽ ബോളിവുഡ് നടൻ ആമിർ ഖാൻ ഉൾപ്പെടെ നിരവധി പ്രമുഖരുടെ സാന്നിധ്യമുണ്ടായിരുന്നു. ചിത്രത്തിൽ ദഹ എന്ന കഥാപാത്രത്തെയാണ് ആമിർ അവതരിപ്പിക്കുന്നത്. നാഗാർജുന അക്കിനേനി, പൂജ ഹെഗ്‌ഡെ, ശ്രുതി ഹാസൻ, ഉപേന്ദ്ര, സത്യരാജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. ഫിലോമിന്‍ രാജ് ആണ് എഡിറ്റിങ്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ഒരു കോളിവുഡ് ചിത്രത്തിന് വിദേശത്ത് റെക്കോർഡ് ബ്രേക്കിങ് ഡീൽ നേടിക്കൊടുത്തതിലൂടെയാണ് കൂലി അടുത്തിടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും വലിയ ഡീലാണിത്. ആമസോണ്‍ പ്രൈം വിഡിയോ ആണ് ചിത്രത്തിന്‍റെ ആഫ്റ്റര്‍ തിയറ്റര്‍ ഒ.ടി.ടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.