സിനിമകളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ റിവ്യൂ പറയുന്ന സോഷ്യൽമീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെ നിയമ നടപടിയുമായി നീങ്ങുമെന്ന് ഇന്ത്യൻ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഇത്തരക്കാർക്കെതിരെ സിവിൽ, ക്രിമിനൽ നിയമ പ്രകാരം കേസ് നൽകുമെന്നാണ് അസോസിയേഷൻ അറിയിച്ചിരിക്കുന്നത്.
ചില ഇൻഫ്ലുവൻസർമാർ റിയാക്ഷൻ വിഡിയോകളിലൂടെയും മറ്റും സിനിമകളെ അപകീർത്തിപ്പെടുത്തുകയും റിവ്യൂ പറയാൻ പണം ആവശ്യപ്പെടുകയും ചെയ്യുന്നുവെന്നാണ് അസോസിയേഷന്‍റെ ആരോപണം. പണം നൽകാതിരുന്നാൽ മോശം റിവ്യൂ ഇട്ട് സിനിമക്കെതിരെ അവർ സോഷ്യൽ മീഡിയിൽ കാംപെയ്ൻ നടത്തുമെന്നും പറയുന്നു.
"തങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരല്ല.എന്നാൽ ഒരു വിഭാഗം ഇത് മുതലെടുക്കുന്നത് ഇന്ത്യൻ സിനിമാ മേഖലയെയും വിനോദ മേഖലയെയും സാമ്പത്തികമായി തകർക്കും." അസോസിയേഷൻ പ്രതികരിച്ചു.
സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള സിനിമാ നിരൂപകരുടെ എണ്ണം വർധിച്ചത് ബോളിവുഡ് അടക്കമുള്ള സിനിമാ ഇൻഡസ്ട്രികളെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. സിനിമാ നിരൂപണത്തിന് മാത്രമായി യൂടൂബും ഇൻസ്റ്റഗാമും ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിൽ നിരവധി ചാനലുകളാണ് നിലവിലുള്ളത്. കേരളത്തിലും സിനിമകൾക്കെതിരെ റിവ്യൂ പറയുന്നത് സംബന്ധിച്ച് വ്ളോഗർമാർക്കെതിരെ ഹൈക്കോടതിയിൽ കേസുണ്ടായിരുന്നു. സിനിമ റിലീസ് ചെയ്ത് 7 ദിവസം വരെ റിവ്യൂ പാടില്ലെന്ന് അന്ന് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.