മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയായ 'വലതുവശത്തെ കള്ളൻ' ചിത്രീകരണം പൂർത്തിയായി. ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയായത്. ആഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്.
മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി മലയാളത്തിലെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'വലതുവശത്തെ കള്ളൻ' ഒരു കുറ്റാന്വേഷണ ചിത്രമെന്നാണ് സൂചന. ടൈറ്റിൽ പോസ്റ്റർ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്‍റേതെന്നാണ് ഇതിനകം ലഭിച്ചിട്ടുള്ള സൂചനകൾ.
യേശുക്രിസ്തുവിനെ രണ്ട് കള്ളന്‍മാര്‍ക്കിടയിലാണ് കുരിശിലില്‍ തറച്ചത്. ഇതില്‍ വലത് വശത്തെ കള്ളന്‍ നല്ല കള്ളനായിരുന്നു. അവസാന നിമിഷം തന്‍റെ കുറ്റങ്ങള്‍ മനസിലാക്കി പശ്ചാത്തപിച്ച ആ കള്ളന് യേശുക്രിസ്തു പറുദീസ വാഗ്ദാനം ചെയ്തതായി ബൈബിളിലുണ്ട്. ഈ കഥയോട് സാദൃശ്യമുണ്ടാകുന്നതായിരിക്കാം ടൈറ്റിൽ നൽകുന്ന സൂചന. 'മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം' എന്ന ടാഗ് ലൈനോടെയാണ് 'വലതുവശത്തെ കള്ളൻ' ടൈറ്റിൽ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്.
ഒരു മേശയിൽ പൊലീസ് കേസ് ഫയലും കമ്പ്യൂട്ടറും വയർലെസും താക്കോൽകൂട്ടവും കണ്ണടയും ഇരിക്കുന്നതായാണ് ടൈറ്റിൽ പോസ്റ്ററിലുണ്ടായിരുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ വരും ദിവസങ്ങളിൽ പുറത്തുവിടാനിരിക്കുകയാണ് അണിയറപ്രവർത്തകർ. ബേസിൽ ജോസഫ് നായകനായെത്തിയ നുണക്കുഴിയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.