മുംബൈ: നിരൂപക പ്രശംസ നേടുകയും ബോക്സോഫീസിൽ ഹിറ്റായി മാറുകയും ചെയ്ത ‘സിതാരേ സമീൻ പർ’ യുട്യൂബ് റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം സാധാരണ രീതിയിൽ ഒ.ടി.ടിയിൽ റിലീസ് ചെയ്യില്ലെന്ന് ആമിർ ഖാൻ തീരുമാനമെടുത്തതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം പോലുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾക്ക് പകരം, പേ-പെർ-വ്യൂ മോഡൽ പിന്തുടർന്ന് യൂട്യൂബിൽ ചിത്രം റിലീസ് ചെയ്യാനാണ് ആമിർ പദ്ധതിയിടുന്നതെന്നായിരുന്നു വാർത്തകൾ.
ഒടുവിൽ ‘സിതാരേ സമീൻ പർ’ യൂട്യൂബിൽ മാത്രമായി ലഭ്യമാകുമെന്നും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യില്ലെന്നും വ്യക്തമായി. ആഗസ്റ്റ് 1ന് ചിത്രം യുട്യൂബിൽ റിലീസ് ചെയ്യും. ലോകത്തിന്റെ എല്ലാ കോണുകളിലും താങ്ങാനാവുന്ന നിരക്കിൽ സിനിമ എത്തുന്നുവെന്ന് ഉറപ്പാക്കുകയാണ് ആമിറിന്‍റെ ലക്ഷ്യം.
2007ൽ പുറത്തിറങ്ങിയ താരേ സമീൻ പറിന്‍റെ തുടർച്ചയും, സ്പാനിഷ് ചിത്രമായ 'ചാമ്പ്യൻസി'ന്‍റെ ഒഫീഷ്യൽ റീമേക്കുമാണ് 'സിതാരേ സമീൻ പർ'. ഡൗൺ സിൻട്രോം ബാധിതരുൾപ്പെട്ട ബാസ്ക്കറ്റ്ബാൾ ടീമിന്‍റെ പരിശീലകന്‍റെ വേഷത്തിലാണ് ആമിർ ഖാൻ എത്തുന്നത്. ആമിറിനൊപ്പം ജെനീലിയയാണ് പ്രധാനവേഷത്തിൽ.
ജൂൺ 20 ന് തിയറ്ററുകളിലെത്തിയ ചിത്രം ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഹിന്ദി ചിത്രവും, 2025ൽ ഇതുവരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ ഇന്ത്യൻ ചിത്രവുമായി മാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.