ഇറ്റലിയിലെ വെനീസ് ചലച്ചിത്രമേളയിൽ പ്രേക്ഷകരുടെ ഉള്ളുലച്ച് 'ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്'. ഗസ്സയിലെ അഞ്ച് വയസ്സുകാരിയുടെ മരണത്തിന് മുമ്പുള്ള അവസാന നിമിഷങ്ങളെ ആസ്പദമാക്കി നിർമിച്ച ചിത്രം പ്രദർശിപ്പിച്ച് കഴിഞ്ഞപ്പോൾ 23 മിനിറ്റോളമാണ് കാണികൾ എഴുന്നേറ്റുനിന്ന് കൈയടിച്ചത്. ‘ഫലസ്തീനെ സ്വതന്ത്രമാക്കൂ’വെന്ന് കാണികൾ മുദ്രാവാക്യം മുഴക്കി. 2024 ജനുവരി 29ന് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിന്ദ് രജബ് എന്ന അഞ്ചുവയസ്സുകാരിയുടെ കഥപറയുന്ന ചിത്രം ഫ്രാങ്കോ-ടുണീഷ്യൻ സംവിധായക കൗത്തർ ബെൻ ഹനിയയാണ് സംവിധാനം ചെയ്തത്.
കുടുംബത്തോടൊപ്പം ഗസ്സയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് ഹിന്ദും കുടുംബവും സഞ്ചരിച്ച കാറിനുനേരേ ഇസ്രയേലിന്റെ ആക്രമണമുണ്ടാകുന്നത്. ഗസ്സ മുനമ്പിലെ അൽ-സെമാവിയിൽ, ഇസ്രയേലി സൈനികരുടെ ആക്രമണം നടക്കുന്ന സമയത്ത് അഞ്ച് വയസ്സുകാരിയായ ഹിന്ദ് റജബ് തന്റെ ബന്ധുക്കളോടൊപ്പം ഒരു കാറിൽ അഭയം തേടുകയായിരുന്നു. സൈനികരുടെ വെടിവെപ്പിൽ കാറിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. എന്നാൽ ഹിന്ദ് മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ ഭീകരാവസ്ഥയിൽ ഹിന്ദ് തന്റെ അമ്മയെ ഫോണിൽ വിളിച്ചു.
സഹായം അഭ്യർഥിച്ച് അവൾ നൽകിയ സന്ദേശം ലോകശ്രദ്ധ നേടിയിരുന്നു. ഗസ്സയിലെ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ആംബുലൻസ് സംഘം അവളെ രക്ഷിക്കാൻ പുറപ്പെട്ടു. രക്ഷാപ്രവർത്തനത്തിനെത്തിയ ആംബുലൻസ് സംഘത്തിന് നേരെയും സൈനികാക്രമണമുണ്ടായി. ഈ ആക്രമണത്തിൽ രക്ഷാപ്രവർത്തകരും കൊല്ലപ്പെട്ടു. ദിവസങ്ങൾക്കുശേഷം ഹിന്ദിനെയും രക്ഷാപ്രവർത്തകരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹൃദയഭേദകമായ ഫോൺ വിളികളും, രക്ഷാപ്രവർത്തകർ അവളോട് സംസാരിക്കുന്നതിന്റെ ഓഡിയോ റെക്കോർഡിങ്ങുകളും സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സാധാരണക്കാരായ മനുഷ്യരിലും, പ്രത്യേകിച്ച് കുട്ടികളിലും യുദ്ധം എത്രമാത്രം ദുരിതങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ഈ സിനിമ ഓർമിപ്പിക്കുന്നു. നിസ്സഹായരായ മനുഷ്യരെയും അവരുടെ വേദനകളെയും ഇത് തുറന്നുകാണിക്കുന്നു. വെടിയൊച്ചകൾക്കിടയിലും ഒരു കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വെച്ച് മുന്നോട്ട് വന്ന റെഡ് ക്രസന്റ് സൊസൈറ്റിയിലെ സന്നദ്ധപ്രവർത്തകരുടെ ധീരതയും ഈ സിനിമ ചർച്ച ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.