അംഗൻവാടി കുട്ടികൾക്കുള്ള ഭക്ഷണ മെനു പരിഷ്കരിച്ചപ്പോഴാണ് ഇഷ്ടവിഭവങ്ങൾ ഇടംപിടിച്ചത്. മുട്ട ബിരിയാണി, പുലാവ് അടക്കം ഉൾപ്പെടുന്നതാണ് പുതിയ മെനു. ചൊവ്വാഴ്ചയാണ് മുട്ട ബിരിയാണി. അംഗൻവാടികളിൽ ഇതാദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പാക്കുന്നത്.
അംഗൻവാടിയിൽ പുതിയ മെനു വൈവിധ്യമാർന്നതാണ്. പഞ്ചസാരയുടെയും ഉപ്പിന്റെയും അളവ് കുറച്ച് പോഷക മാനദണ്ഡ പ്രകാരം വളർച്ചക്ക് സഹായകമായ ഊർജവും പ്രോട്ടീനും ഉൾപ്പെടുത്തിയും ഒപ്പം രുചികരവുമാക്കിയാണ് മെനു പുതുക്കിയത്.
പത്തനംതിട്ടയിൽ നടന്ന സംസ്ഥാന അംഗൻവാടി പ്രവേശനോത്സവത്തിലായിരുന്നു ഭക്ഷണ മെനുവിൽ മാറ്റം വരുത്തുന്ന പ്രഖ്യാപനം മന്ത്രി നടത്തിയത്. ഉപ്പുമാവിനു പകരം ബിരിയാണി വേണമെന്ന് ആലപ്പുഴ ദേവികുളങ്ങര പ്രയാർ പുന്നക്കുഴിയിൽ സോമസുന്ദർ-അശ്വതി ദമ്പതികളുടെ മകൻ നാലു വയസ്സുകാരൻ ശങ്കു എന്ന ത്രിജൽ എസ്. സുന്ദറാണ് ആവശ്യം ഇൻസ്റ്റഗ്രാമിൽ ഉന്നയിച്ചത്.
എന്നും ഉപ്പുമാവ് മാത്രം തിന്ന് മടുത്തതാണ് ആവശ്യത്തിന് കാരണമായത്. അമ്മയോടൊപ്പം ബിരിയാണി കഴിക്കുന്നതിനിടയിലെ സംഭാഷണദൃശ്യം വൈറലായതാണ് ഇതിന് നിമിത്തമായത്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലായിരുന്നു ഇങ്ങനെയൊരാവശ്യം.
ദേവികുളങ്ങര ഒമ്പതാം വാർഡ് പ്രയാർ കിണർമുക്കിലെ ഒന്നാംനമ്പർ അംഗൻവാടിയിലാണ് ശങ്കു പഠിച്ചിരുന്നത്. അവധിക്കാലം ആസ്വദിക്കാൻ അച്ഛനൊപ്പം ഖത്തറിലാണിപ്പോൾ ശങ്കു. ഒരു മാസം കൂടി കഴിഞ്ഞേ ഖത്തറിൽ നിന്ന് തിരിച്ചെത്തൂ. ഇതിനു ശേഷം ആദ്യം അംഗൻവാടിയിലെത്തി കൂട്ടുകാർക്കൊപ്പം ‘ബിർയാണി’ കഴിക്കുമെന്ന് ശങ്കു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.