രുചിയില്‍ ലോകപ്രശസ്തമായ അറേബ്യന്‍ തനത് വിഭവമാണ് മന്തി. യമനിലെ ഹദ്റമൗത്തില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. ചോറും ഇറച്ചിയും മസാലക്കൂട്ടും ചേര്‍ന്നൊരു വിശിഷ്ട രുചിവിഭവം. അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ എല്ലായിടത്തും ഒരേപോലെ ജനകീയമായ ഭക്ഷണം.
എന്നാലിപ്പോള്‍ ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗത്തേക്കും ഇതിന്റെ രുചിമണം മാത്രമല്ല, സാക്ഷാല്‍ വിഭവം തന്നെ എത്തിക്കഴിഞ്ഞു. ഹദ്റമൗത്തില്‍ നിന്ന് കേരളത്തിലെ മലബാര്‍ പ്രദേശത്തേക്കും കര്‍ണാടകയിലെ ഭട്കല് മേഖലയിലേക്കും ഹൈദരാബാദിലേക്കും കുടിയേറിയ യമനികള്‍ വഴി നൂറ്റാണ്ടുകള്‍ക്കുമുമ്പേ ഇത് ഇന്ത്യയിലെത്തിക്കഴിഞ്ഞിരുന്നു. ആട്, ഒട്ടകം, കോഴി തുടങ്ങിയവ കൊണ്ട് മന്തികള്‍ ഉണ്ടാക്കാറുണ്ട്. മട്ടൻമന്തിയെന്നും ഒട്ടകമന്തിയെന്നും ചിക്കൻമന്തിയെന്നുമൊക്കെ അതനുസരിച്ച് പേരിനും മാറ്റമുണ്ടാകുമെന്നു മാത്രം.
ഇറച്ചിയേ മാറുന്നുള്ളൂ. ബാക്കി ചേരുവകളും പാചകവിധിയും ഒന്നുതന്നെ. പക്ഷേ, ഇറച്ചി മാറുന്നതിനനുസരിച്ച് മൊത്തം രുചിയും മാറുമെന്നത് വേറെ കാര്യം. അറബ് രാജ്യങ്ങളില്‍ അതിപ്രശസ്തമെങ്കിലും ദൈനംദിന ഭക്ഷണവിഭവമല്ല മന്തി. കല്യാണം, പെരുന്നാള്‍ തുടങ്ങിയ വിശേഷാവസരങ്ങളിലും അറബികള്‍ക്ക് മന്തിയാണ് വിശിഷ്ട വിഭവം. മന്തിയുണ്ടാക്കാന്‍ കുഴിതന്നെ വേണമെന്നില്ല. സാദാ അടുപ്പിലും മന്തി പാചകം ചെയ്യാം.
മട്ടൻ വലിയ കഷണമായി മുറിച്ച് വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കണം. വെള്ളത്തില്‍ ഉപ്പുമിടണം. നല്ലപോലെ തിളച്ചുവരുമ്പോള്‍ അതിലേക്ക് മേല്പറഞ്ഞ ചേരുവകളില്‍ മല്ലിവരെയുള്ളവ ഇടണം. സവാള നാലെണ്ണമേ ഇടാവൂ. ജീരകവും മല്ലിയും കഴുകിയാണ് ഇടേണ്ടത്. എന്നിട്ട് പാത്രം അടച്ചുവെച്ച് വീണ്ടും ഒന്നര മണിക്കൂര്‍കൂടി വേവിക്കണം. ഒന്നര മണിക്കൂര്‍ കഴിഞ്ഞാല്‍ വെന്തു പാകമായ ഇറച്ചിക്കഷണങ്ങളെടുത്ത് ഒരു ട്രേയിലേക്ക് വെക്കണം.
ഇറച്ചി വെന്ത വെള്ളം (Stock Water) നാലു തവി കോരിയെടുത്ത് ഒരു പാത്രത്തില്‍ ഒഴിച്ച് മഞ്ഞപ്പൊടി (ഭക്ഷണത്തിനു നിറം ചേര്‍ക്കാനുള്ള പൊടി) കലക്കണം. ശേഷം അതെടുത്ത് ട്രേയില്‍ വെച്ചിരിക്കുന്ന ഇറച്ചിക്കഷണങ്ങളുടെ മുകളിലൊഴിക്കണം. എന്നിട്ട് ആ ട്രേ അലുമിനിയം ഫോയില്‍കൊണ്ട് മൂടി അരമണിക്കൂര്‍ ഓവനില്‍ വെക്കണം.
അരി കഴുകി അരമണിക്കൂര്‍ കുതിര്‍ക്കാന്‍ വെക്കണം. നേരത്തേ ബാക്കിവെച്ച സ്റ്റോക്ക് വാട്ടറെടുത്ത് അരിച്ചെടുത്ത് അതില്‍ കുറച്ച് ബട്ടര്‍ ഇടണം. ശേഷം കുതിര്‍ത്ത അരിയിടണം. ഒരു ഗ്ലാസ് അരിക്ക് രണ്ടു ഗ്ലാസ് എന്ന അനുപാതത്തിലാണ് സ്റ്റോക്ക് വാട്ടറെടുക്കേണ്ടത്.
അരിയിട്ടുകഴിഞ്ഞാല് അടുപ്പില്‍വെച്ച് വേവിക്കുക. ചോറായി വെന്തുവരുമ്പോള്‍ അതിലേക്ക് പച്ചമുളകുകള്‍ ഇടണം. മൂന്ന് സവാള ചെറുതായി അരിഞ്ഞത്, ഒരു പിടി കശുവണ്ടിപ്പരിപ്പ്, മൂന്ന് സ്പൂണ്‍ നെയ്യ്, മൂന്ന് സ്പൂണ്‍ എണ്ണ എന്നിവ ഒരു ഫ്രൈ പാനില്‍ വഴറ്റിയെടുത്ത് അതും ചോറിെൻറ വെള്ളം വറ്റിവരുമ്പോള്‍ മുകളില്‍ വിതറണം. ഉണങ്ങിയ മുന്തിരിയും കൂടെ ഇടണം.
കിവ്റ വാട്ടര്‍ ഒരു സ്പൂണ്‍ ചോറിന്റെ മുകളില്‍ ഒഴിക്കണം. എന്നിട്ട് മൂടികൊണ്ട് അടച്ച് ചെറിയ തീയില്‍ അഞ്ചു മിനിറ്റ് വെച്ച് ആവി വരുത്തണം. ശേഷം തീയണച്ച് അടുപ്പില്‍ നിന്നിറക്കിവെക്കണം. മന്തിക്ക് പുകമണം വേണമെങ്കില്‍ വെന്ത ചോറിെൻറ നടുക്ക് നെയ്യൊഴിച്ച ഒരു സ്റ്റീല്‍ ബൗള്‍ വെക്കണം. അതിനുള്ളില്‍ നെയ്യിലേക്ക് കത്തിക്കൊണ്ടിരിക്കുന്ന ഒരു കനലെടുത്തിടണം.
അതിനുശേഷം ചെമ്പ് അലുമിനിയം ഫോയിൽകൊണ്ട് അടച്ചുവെച്ച് അഞ്ചു മിനിറ്റ് ചെറിയതീയില്‍ ആവി വരുത്തണം. കുഴിമന്തിയുടെ അതേ രുചിയും ഗുണവും ഈ രീതിയില്‍ ചെയ്താല്‍ കിട്ടും.
വെന്ത ചോറിന്റെ മുകളിലുള്ള ഉള്ളിയും കശുവണ്ടിപ്പരിപ്പും മറ്റു സാധനങ്ങളും മുഴുവന്‍ എടുത്ത് മറ്റൊരു പാത്രത്തില്‍ വെക്കണം. ശേഷം ചോറ് വിളമ്പുന്നതിനുള്ള വലിയ പാത്രത്തിലേക്ക് കമിഴ്ത്തണം. പാസ്ത നൂഡ്ല്സ്, മുട്ട എന്നിവ വെള്ളത്തിലിട്ട് പുഴുങ്ങിയെടുക്കണം. ചോറിന്റെ മുകളില്‍ അലങ്കാരത്തിനുള്ളതാണ് ഇത്.
ഇത്രയും തയാറായിക്കഴിഞ്ഞാല്‍ ആദ്യം വലിയ പാത്രത്തിലേക്ക് ചോറ് വിളമ്പണം. അതിനു മുകളില്‍ അണ്ടിപ്പരിപ്പ്, ഉള്ളി തുടങ്ങിയ സാധനങ്ങള്‍ വിതറണം. ഒപ്പം നൂഡ്ല്‍സും. പിന്നെ ഇറച്ചിക്കഷണങ്ങളെടുത്ത് വെക്കാം. ശേഷം പുഴുങ്ങി തോട് കളഞ്ഞ മുട്ടകളും മുറിച്ച തക്കാളി, നാരങ്ങ എന്നിവയും മുകളില്‍വെച്ച് അലങ്കരിക്കണം. മന്തി റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.