എറണാകുളം കരയോഗത്തിന്റെ പായസ വിപണന മേളയിലേക്ക് പാലടപ്രഥമൻ തയാറാക്കുന്നു
കൊച്ചി: രുചിപ്പെരുമയുമായി ഇത്തവണയും മധുരമൂറുന്ന പായസ വിപണി നാടെങ്ങും സജീവമായിരിക്കുകയാണ്. പതിവുപോലെ കെ.ടി.ഡി.സിയുടെ പായസ സ്റ്റാളും ജനങ്ങൾക്ക് മുന്നിലേക്ക് എത്തുകയാണ്. സെപ്റ്റംബർ ഒന്നിന് രാവിലെ 10ന് മറൈൻഡ്രൈവിലെ കെ.ടി.ഡി.സി കോംപ്ലക്സിൽ മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
പാലട, ഗോതമ്പ്, പരിപ്പ്, അടപ്രഥമൻ എന്നിങ്ങനെ പായസങ്ങളാണ് പ്രധാനം. 400 രൂപയും ജി.എസ്.ടിയുമാണ് ഒരു ലിറ്ററിന് വില. സ്പെഷ്യൽ ഇനങ്ങളായി ഇത്തവണ കാരറ്റ്, പഴം, പൈനാപ്പിൾ പായസങ്ങളും അവതരിപ്പിക്കുന്നുണ്ട്. കേരളീയ പരമ്പരാഗത രീതിയിൽ രുചിയും ഗുണവും മണവും നിലനിർത്തി തയ്യാർ ചെയ്യുന്ന പായസമാണ് കെ.ടി.ഡി.സിയുടെ പ്രത്യേകതയെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഹോട്ടലുകളിലും ബേക്കറികളിലുമൊക്കെ 350 രൂപ മുതൽ നിരക്കിൽ പായസം ലഭ്യമാണ്.
ഒരു ഗ്ലാസ് പായസം 50 രൂപ മുതൽ വിൽക്കുന്നവരുമുണ്ട്. ഓണസദ്യകൾക്ക് പായസം മാത്രം ഓർഡറനുസരിച്ച് തയാറാക്കി നൽകുന്നവരും നിരവധി. പാലട, അടപ്രഥമൻ എന്നിവക്കാണ് ആവശ്യക്കാർ താരതമ്യേന കൂടുതൽ. വഴിയോരങ്ങളിൽ പ്രത്യേക സ്റ്റാളുകൾ തയാറാക്കി പായസം വിൽപന നടത്തുന്നവർ ഒരാഴ്ചയായി രംഗത്തുണ്ട്. നഗരത്തിൽ ബ്രോഡ്വേ, മേനക, കലൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഹോട്ടലുകൾ, ബേക്കറികൾ, സ്റ്റാളുകൾ എന്നിവിടങ്ങളിലായി പായസം വിൽപന നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.