ക്രീം ബിസ്കറ്റുകൾ ഇഷ്ടമല്ലാത്തവർ കുറവായിരിക്കും. പ്രത്യേകിച്ചും കുട്ടികളുടെ ഇഷ്ട ഭക്ഷണമാണ് ഇവ. എന്നാൽ, ഇത്തരം ബിസ്കറ്റുകൾ ആരോഗ്യത്തിന് ഹാനികരമാണ്. പ്രത്യേകിച്ചും സ്ഥിരമായോ അമിതമായോ കഴിക്കുന്നത്. ഒരു ക്രീം ബിസ്‌കറ്റിനുള്ളിലെ ഫില്ലിംങ് യഥാർഥത്തിൽ ക്രീം അല്ല, വനസ്പതി അല്ലെങ്കിൽ ഡാൽഡ പോലുള്ള ഹൈഡ്രജനേറ്റഡ് കൊഴുപ്പുകൾ, പഞ്ചസാര സിറപ്പ്, കൃത്രിമ സുഗന്ധങ്ങൾ, കളറിംങ് ഏജന്റുകൾ, എമൽസിഫയറുകൾ, പ്രിസർവേറ്റിവുകൾ എന്നിവയുടെ സംസ്കരിച്ച മിശ്രിതമാണെന്ന് നോയിഡയിലെ പോഷകാഹാര വിദഗ്ധയായ ലക്ഷ്മി പറയുന്നു.
യഥാർഥ ക്രീമിനെ അനുകരിക്കുകയും നിർമാണ ച്ചെലവ് കുറഞ്ഞതുമായ ഇവയിൽ ഒരു പോഷകഘടകവുമില്ലെന്ന് തന്നെ പറയാം. ഇത്തരത്തിലുള്ള ക്രീമിൽ അടങ്ങിയിരിക്കുന്ന ഏറ്റവും അപകടകാരി കൊഴുപ്പ് തന്നെയാണ്. ഇത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കുകയും കാലക്രമേണ ടൈപ് 2 പ്രമേഹത്തിലേക്കും നയിക്കുന്നു. കുട്ടികളിൽ പൊണ്ണത്തടി, ഫാറ്റി ലിവർ, വളർച്ച മുരടിപ്പ് എന്നിവക്കും കാരണമാകുന്നു. കൂടാതെ, കുടലിന്റെ ആരോഗ്യം തടസ്സപ്പെടുത്തുകയും ദഹനപ്രശ്നങ്ങൾക്കും പ്രതിരോധശേഷി കുറയുന്നതിനും കാരണമാകുന്നു.
ഇതിലടങ്ങിയിരിക്കുന്ന ബ്യൂട്ടിലേറ്റഡ് ഹൈഡ്രോക്‌സിയാനിസോൾ പോലുള്ള രാസവസ്തുക്കൾ അർബുദകാരികളാണ്. സോഡിയം ബെൻസോയേറ്റ്, കൃത്രിമ ചായങ്ങൾ എന്നിവ കുട്ടികളിൽ മാനസിക വൈകല്യങ്ങൾക്കും ഹൈപ്പർ ആക്ടിവിറ്റിക്കും കാരണമാകും. ക്രീം ബിസ്‌കറ്റുകൾ പതിവായി കഴിക്കുന്നത് ഹോർമോൺ തകരാറുകൾ ഉൾപ്പെടെയുള്ള ഗുരുതര ഉപാപചയ പ്രശ്‌നങ്ങളിലേക്കുള്ള കവാടമാണ്. ക്രീം ബിസ്‌കറ്റുകൾ മധുരമുള്ളതായിരിക്കാം, പക്ഷേ ആരോഗ്യത്തിന് മധുരമുള്ളതല്ല.
ക്രീം ബിസ്‌കറ്റുകൾക്ക് പകരം, ധാന്യങ്ങൾ, നട്ട്സ്, ഈത്തപ്പഴം, വാഴപ്പഴം, വെളിച്ചെണ്ണ, ഉണക്കിയ പഴങ്ങൾ തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കുന്ന കുക്കികളും മറ്റ് ലഘുഭക്ഷണങ്ങളും കഴിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.