ഇലക്കറികൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് പ്രമാണം. ആഴ്ചയിൽ ഒരു ദിവസമെങ്കിലും കഴിച്ചാൽ അത്രയും നന്ന്. ഇതിലടങ്ങിയ ഫൈബർ ദഹനം എളുപ്പത്തിലാക്കാൻ ഉപകരിക്കുന്നു. ഇതിലൂടെ മലബന്ധം, ഗ്യാസ് പോലെയുള്ള ബുദ്ധിമുട്ടുകൾക്കും ആശ്വാസം ലഭിക്കും. കാഴ്ചശക്തിക്കും ആരോഗ്യത്തിനും നല്ലതാണ്. ഇലകളിൽ വിറ്റമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റമിൻ എ ധാരാളമായി അടങ്ങിയ ചീര ആരോഗ്യമുള്ള ചർമകോശങ്ങളുടെ വളർച്ചക്കും പരിപാലനത്തിനും സഹായിക്കുന്നു. കുറഞ്ഞ കലോറിയുള്ളതും പോഷകസമ്പുഷ്ടവുമായ പച്ചക്കറിയാണ് ചീര. ആരോഗ്യ സന്തുലിത ദിനചര്യക്ക് ദൈനംദിന ഭക്ഷണത്തിൽ ഇവയെ സംയോജിപ്പിക്കാം. ഈ കർക്കടകത്തിൽ ആരോഗ്യസമ്പുഷ്ടവും രുചികരവുമായ ഇലക്കറികൾ വീട്ടിൽ തയാറാക്കാം.
ചീര മശിയൽ
1. ചീര മശിയൽ
ചേരുവകൾ
1. അരച്ച ചീര -200 ഗ്രാം
2. പച്ചമുളക് -രണ്ട്
3. വെളിച്ചെണ്ണ -ഒരു സ്പൂൺ
4. ഉഴുന്ന് -ഒരു ടേബിൾ സ്പൂൺ
5. കടുക് -കാൽ ടീസ്പൂൺ
6. വറ്റൽ മുളക് -രണ്ട്
7. ഉപ്പ് -പാകത്തിന്
8. കായപ്പൊടി -ഒരു നുള്ള്
തയാറാക്കുന്ന വിധം
1. പാനിൽ 15 മില്ലി വെള്ളമൊഴിച്ച് ചീരയും പച്ചമുളകുമിട്ട് നന്നായി വറ്റിക്കുക. ആറിയ ശേഷം മിക്സിയിലിട്ട് അരക്കാം.
2. എണ്ണ ഒഴിച്ച് കടുക്, വറ്റൽമുളക്, ഉഴുന്ന് എന്നിവ താളിക്കുക.
3. ഇതിലേക്ക് അരച്ച ചീരയും കായപ്പൊടിയും 25 മില്ലി വെള്ളവുമൊഴിച്ച് മിക്സി കഴുകി ഇതിലേക്ക് ഒഴിച്ച് തിളപ്പിക്കുക. രുചികരമായ ചീര മശിയൽ തയാർ.
ചീര മുള കൂട്ടൽ
2. ചീര മുള കൂട്ടൽ
ചേരുവകൾ
1. സിലോൺ ചീര നുറുക്കിയത് -മുക്കാൽ കിലോ
2. ചെറുപയർ പരിപ്പ് -50 ഗ്രാം
3. പച്ചമുളക് -നാല്
4. ജീരകം -ഒരു നുള്ള്
5. കടുക് -അര ടീസ്പൂൺ
6. മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
7. വെളിച്ചെണ്ണ -അഞ്ചു മില്ലി
8. നാളികേരം -150 ഗ്രാം
9. ഉപ്പ് -പാകത്തിന്
തയാറാക്കുന്ന വിധം
1. പാനിൽ നാലു മില്ലി വെളിച്ചെണ്ണ ഒഴിച്ച് കടുക് താളിക്കുക.
2. നുറുക്കിയ ചീര ഇട്ട് നന്നായി വഴറ്റിയെടുക്കാം.
3. ചെറുപയർ പരിപ്പ് ചെറുതായി വറക്കുക. ശേഷം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിക്കാം.
4. നന്നായി വെന്തുവരുമ്പോൾ വഴറ്റിയ ചീര ഇട്ട് തിളപ്പിക്കാം.
5. നാളികേരം, ജീരകം, പച്ചമുളക് എന്നിവ അൽപം വെള്ളമൊഴിച്ച് നന്നായി അരക്കുക. അരച്ച മസാല ഈ ചീരയിലേക്ക് ഒഴിച്ച് തിളപ്പിക്കാം.
6. പാനിൽ ബാക്കി എണ്ണ ഒഴിച്ച് കടുക് താളിച്ച് ഈ ചീരയിലേക്ക് ചേർത്തിളക്കാം. ചീര മുള കൂട്ടൽ തയാർ.
കേരളത്തിൽ കാണപ്പെടുന്ന ഒരു ചീരയാണിത്. മലയച്ചീര,ചിക്കൂർമാനിസ്, വേലിച്ചീര എന്നീ പേരുകളിലും അറിയപ്പെടുന്നു. ഏതുതരം ചീരയും ഉപയോഗിക്കാം. തഴുതാമ, സാമ്പാർ ചീര, ചുവന്ന ചീര, പച്ചച്ചീര എന്നിവയെല്ലാം ഉപയോഗിച്ച് മുള കൂട്ടൽ തയാറാക്കാം.
കുടങ്ങൽ ചമ്മന്തി
3. കുടങ്ങൽ ചമ്മന്തി
ചേരുവകൾ
1. കുടങ്ങൽ സമൂലം (മുത്തിൾ) -100 ഗ്രാം
2. നാളികേരം -150 ഗ്രാം
3. പച്ചമുളക് -നാല്
4. പച്ചമാങ്ങ -30 ഗ്രാം
5. ഉപ്പ് -പാകത്തിന്
തയാറാക്കുന്ന വിധം:
1. രണ്ടു മുതൽ അഞ്ചു വരെയുള്ള ചേരുവകൾ ചേർത്ത് അരക്കുക.
2. ഇതിലേക്ക് കുടങ്ങലും (മുത്തിൾ) ചേർത്ത് അരച്ചാൽ ചമ്മന്തി തയാർ.
മുത്തിൾ, കുടങ്ങൽ എന്നീ പല പേരുകളാണ് ഓരോ സ്ഥലങ്ങളിൽ പറയുന്നത്. തലച്ചോറിനെ ഉത്തേജിപ്പിക്കാനും പുനർജനിപ്പിക്കാനും കഴിവുള്ള ഔഷധച്ചെടിയാണ് മുത്തിൾ. സന്ധികളിലെ നീരും വേദനകളും തടയാൻ കുടങ്ങലിനു കഴിയും.
പനിക്കൂർക്ക രസം
4. പനിക്കൂർക്ക രസം
ചേരുവകൾ
1. തുവര പരിപ്പ് -50 ഗ്രാം
2. തക്കാളി -രണ്ട്
3. പുളി സിറപ്പ് -അര ടീസ്പൂൺ
4. മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
5. കുരുമുളകുപൊടി -അര ടീസ്പൂൺ
6. നെയ്യ് -ഒന്നര ടേബിൾ സ്പൂൺ
7. ജീരകം -ഒരു നുള്ള്
8. കടുക് -അര ടീസ്പൂൺ
9. ഞവര ഇല നുറുക്കിയത് -15 ഗ്രാം
10. മല്ലിയില -എട്ടു ഗ്രാം
11. കറിവേപ്പില -ഒരു തണ്ട്
12. ഉപ്പ് -പാകത്തിന്
13. കായം -ഒരു കഷണം
14. മുളകുപൊടി -അര സ്പൂൺ
15. മല്ലിപ്പൊടി -ഒരു ടീസ്പൂൺ
തയാറാക്കുന്ന വിധം
1. തുവര പരിപ്പ് കുക്കറിൽ നന്നായി വേവിക്കാം.
2. പാനിൽ നെയ്യ് ഒഴിച്ച് കടുക്, ജീരകം എന്നിവ താളിച്ച് തക്കാളി നുറുക്കിയത്, കുരുമുളകുപൊടി എന്നിവ ഇട്ട് വഴറ്റി ഒന്നേകാൽ ലിറ്റർ വെള്ളമൊഴിച്ച് തിളപ്പിക്കുക.
3. തിളക്കുമ്പോൾ പുളി സിറപ്പ്, മഞ്ഞൾപ്പൊടി, കായം, ഉപ്പ്, മുളകുപൊടി, മല്ലിപ്പൊടി എന്നിവയിട്ട് നന്നായി വറ്റിക്കാം.
4. ഇതിലേക്ക് വേവിച്ചുവെച്ച തുവര പരിപ്പ് ഒഴിച്ച് തിളക്കുമ്പോൾ 9, 10, 11 ചേരുവകൾ ചേർത്ത് നന്നായി തിളപ്പിച്ചാൽ പനിക്കൂർക്ക രസമായി.
കുട്ടികളിലെ ജലദോഷം, പനി, ചുമ എന്നിവക്ക് പനിക്കൂർക്കയുടെ ഇല പിഴിഞ്ഞ് നീരെടുത്തുകൊടുത്താൽ ഇവ മാറിക്കിട്ടും. കഫത്തെ അകറ്റാനുള്ള ശേഷികൂടി ഈ പനിക്കൂർക്കയിലുണ്ട്.
ചങ്ങലംപരണ്ട തുകയൽ
5. ചങ്ങലംപരണ്ട തുകയൽ
ചേരുവകൾ
1. ചങ്ങലംപരണ്ട -50 ഗ്രാം
2. ഉഴുന്നുപരിപ്പ് -രണ്ടു ടേബിൾ സ്പൂൺ
3. വറ്റൽ മുളക് -അഞ്ച്
4. കായം -ഒരു കഷണം
5. നാളികേരം -150 ഗ്രാം
6. വെളിച്ചെണ്ണ -എട്ടു മില്ലി
7. പുളി -രണ്ടു ഗ്രാം
8. ഉപ്പ് -പാകത്തിന്
തയാറാക്കുന്ന വിധം
1. ചങ്ങലംപരണ്ട തൊലികളഞ്ഞ് നുറുക്കി, പാനിൽ കുറച്ച് എണ്ണയൊഴിച്ച് വഴറ്റിയെടുക്കാം.
2. പാനിൽ ബാക്കി എണ്ണയൊഴിച്ച് രണ്ടു മുതൽ നാലു വരെയുള്ള ചേരുവകൾ വറുത്തെടുക്കാം.
3. വറത്ത ചേരുവകളും ചങ്ങലംപരണ്ടയും നാളികേരവും ഉപ്പും പുളിയും എല്ലാം ചേർത്ത് തരുതരുപ്പായി അരക്കാം. ചങ്ങലംപരണ്ട തുകയൽ തയാർ.
ഒടിവും ചതവുമുള്ള ഭാഗത്ത് ചങ്ങലംപരണ്ട എണ്ണകാച്ചിത്തേക്കാറുണ്ട്. ഇളം തണ്ടും കുരുന്ന് ഇലയും തന്നലിൽ ഉണക്കിപ്പൊടിച്ച് വെച്ചാൽ ദഹനക്കുറവുള്ള സമയം അൽപം ചൂടുവെള്ളത്തിൽ കാൽ ടീസ്പൂൺ പൊടിയിട്ട് നാലുദിവസം കഴിച്ചാൽ മതി.
തഴുതാമ പക്കോട
6. തഴുതാമ പക്കോട
ചേരുവകൾ
1. തഴുതാമ -ഒരു പിടി
2. കടലമാവ് -150 ഗ്രാം
3. സവാള നുറുക്കിയത് -50 ഗ്രാം
4. അരിപ്പൊടി -40 ഗ്രാം
5. ജീരകം -ഒരു നുള്ള്
6. മുളകുപൊടി - ഒരു ടീസ്പൂൺ
7. കായപ്പൊടി -മൂന്നു ഗ്രാം
8. മല്ലിയില, കറിവേപ്പില, പുതിനയില -അഞ്ചു ഗ്രാം വീതം നുറുക്കിയത്
9. ഉപ്പ് -പാകത്തിന്
10. വെളിച്ചെണ്ണ -വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
1. രണ്ടു മുതൽ ഏഴു വരെയുള്ള ചേരുവകളും ഉപ്പും ചേർത്ത് നന്നായി ഇളക്കാം.
2. ശേഷം ഒന്ന്, എട്ട് ചേരുവകളും ചേർത്ത് അൽപം വെള്ളമൊഴിച്ച് നന്നായി കുഴക്കാം.
3. പാനിലേക്ക് എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കുഴച്ച മാവ് കുറച്ചുകുറച്ചായി എണ്ണയിൽ നുള്ളിയിട്ട് വറുത്തുകോരാം.
വീട്ടുമുറ്റത്ത് പടർന്നുകിടക്കുന്ന ഒരു ചെടിയാണ് തഴുതാമ. തഴുതാമ ഉണ്ടെങ്കിൽ അരുതായ്മ ഇല്ലാ എന്നാണ് പഴമക്കാർ പറയുന്നത്. തഴുതാമ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ രക്തക്കുറവ് പരിഹരിക്കാം. ശരീരത്തിലെ നീർക്കെട്ട് പോകാനും ഉപകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.