റസ്റ്ററന്റിലും മറ്റും ഒറ്റക്കിരുന്ന് ഭക്ഷണം കഴിക്കുന്നവരെ കാണുമ്പോൾ പലരും ഒന്ന് തുറിച്ചു നോക്കിയേക്കാം. ചിലർക്ക് സഹതാപമായിരിക്കും, പ്രത്യേകിച്ച് ഗ്രൂപ്പ് ഡിന്നറുകൾ ആഘോഷിക്കപ്പെടുന്ന ഇക്കാലത്ത്. തനിച്ച് ഭക്ഷണം കഴിക്കുന്നവർ സുഹൃത്തുക്കൾ ഇല്ലാത്തവരെന്നായിരിക്കും പലരും ചിന്തിക്കുക. എന്നാലത് ശരിയല്ല. ‘സോളോ ഡൈനിങ്’ കരുത്തുറ്റതും പോസിറ്റീവുമായ അനുഭവമാണെന്ന് മനഃശാസ്ത്ര വിദഗ്ധർ പറയുന്നു.
ഒറ്റക്കിരുന്ന് കഴിക്കുമ്പോൾ വെറുതെ ഭക്ഷണം കഴിക്കൽ മാത്രമല്ല സംഭവിക്കുന്നത്. ഭക്ഷണത്തിന്റെ സുഗന്ധം മുതൽ പശ്ചാത്തല സംഗീതം വരെ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കും. നമുക്ക് ഇഷ്ടമുള്ളത് മാത്രം ഓർഡർ ചെയ്യാം, പങ്കിടേണ്ട കാര്യം വരുന്നില്ല തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. സ്വസ്ഥമായി ഇരിക്കാനും ഭക്ഷണം കഴിക്കാനും ആ നിമിഷം ആസ്വദിക്കാനും കഴിയും. സ്വന്തം മനസ്സിനോടും ശരീരത്തോടും കൂടുതൽ അടുക്കാനും കഴിയും. ഈ സ്വാശ്രയത്വം നിങ്ങളുടെ ആത്മാഭിമാനം വർദ്ധിപ്പിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു.
പരിപൂർണ ശ്രദ്ധയുടെ ഗുണങ്ങൾ
മനുഷ്യരായ നമുക്ക് ഒരേ സമയം ഒന്നിലധികം കാര്യങ്ങൾ ചെയ്യാൻ കഴിയും. എന്നാൽ, ഒരു കാര്യത്തിലേക്കു മാത്രം പൂർണ ശ്രദ്ധ നൽകുമ്പോൾ, ഫലം വളരെ മികച്ചതായിരിക്കുമെന്നും നമുക്കറിയാം. ആരോടെങ്കിലും സംസാരിച്ചുകൊണ്ട് ഭക്ഷണം കഴിച്ചാലും ഭക്ഷണം ദഹിക്കുമെന്നതിൽ സംശയമില്ല. എന്നാൽ സോളോ ഡൈനിങ്ങിൽ നാം പൂർണമായും നമ്മളോടും നമ്മുടെ ഭക്ഷണത്തോടും താതാദ്മ്യം പ്രാപിക്കും.
നമ്മുടെ ഇന്ദ്രിയങ്ങൾ (രുചി, മണം, കാഴ്ച), മനസ്സ്, ദഹനവ്യവസ്ഥ, ആന്തരിക പേശികൾ, രക്ത ചംക്രമണം, നാഡീവ്യൂഹം എന്നിവയെല്ലാം കൂടുതൽ ഐക്യത്തോടെ പ്രവർത്തിക്കും. കൂട്ടമായിരുന്ന് സംസാരിച്ചോ മറ്റേതെങ്കിലും പ്രവർത്തനങ്ങൾക്കിടയിലോ ഭക്ഷണം കഴിക്കുന്നതിനേക്കാൾ പ്രയോജനം, ഭക്ഷണത്തിൽ മാത്രം ശ്രദ്ധിച്ച് കഴിക്കുമ്പോൾ ലഭിക്കുന്നു. ഭക്ഷണം ആസ്വദിച്ച് കഴിക്കാനും ദഹനം എളുപ്പമാകാനും നമ്മുടെ ഇന്ദ്രിയങ്ങളും മനസും ഒരുമിച്ച് പ്രവർത്തിക്കാനും സഹായിക്കുന്നു. ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാനും സാമൂഹിക സമ്മർദം ലഘൂകരിക്കാനും മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ സമ്മർദം ഇല്ലാതാക്കാനും സഹായിക്കും. കാലക്രമേണ, ഇത് മനസ്സിനെ കൂടുതൽ ശാന്തമാക്കും. വൈകാരിക ശക്തിയും ആത്മവിശ്വാസവും വളർത്തുകയും മാനസിക ഉന്മേഷം നൽകാൻ സഹായിക്കുകയും ചെയ്യും. വിശപ്പിനെയും സംതൃപ്തിയെയും കുറിച്ച് കൂടുതൽ ബോധവാന്മാരാകും. വൈകാരികമായി കൂടുതൽ ശക്തി തോന്നുമെന്നും ഹൈദരാബാദ് ഇറേറ്റ് ഹോസ്പിറ്റൽ സൈക്യാട്രി വിഭാഗത്തിലെ ഡോ. വിഷ്ണു ഗഡെ പറയുന്നു.
പ്രശ്നങ്ങളുമുണ്ട്; ഒറ്റക്കു കഴിക്കുന്നതിൽ
മനുഷ്യൻ ഒറ്റക്കു ഭക്ഷണം കഴിക്കുന്നതിലെ പ്രശ്നങ്ങളും ചിലർ ചൂണ്ടിക്കാണിക്കുന്നു. കുടുംബത്തോടൊപ്പമോ മറ്റുള്ളവരോടൊപ്പമോ താമസിക്കുന്നവർ പതിവായി ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നത് ശുപാർശ ചെയ്യില്ലെന്ന് ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രി ക്ലിനിക്കൽ സൈക്കോളജി കൺസൾട്ടന്റ് ഡോ. സതീഷ് കുമാർ പറയുന്നു.
ഭക്ഷണം പങ്കിട്ട് കഴിക്കുന്നത് ബന്ധങ്ങൾ ശക്തിപ്പെടുത്താനും ആശയവിനിമയം മെച്ചപ്പെടുത്താനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അനോറെക്സിയ നെർവോസ പോലുള്ള, അമിതമായി ഭക്ഷണം കഴിക്കുന്ന വൈകല്യങ്ങൾ, വിഷാദം, സാമൂഹിക ഉത്കണ്ഠ പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളുടെ സമ്മർദത്തിൽ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. മാത്രമല്ല സ്ഥിരമായി സാമൂഹിക ബന്ധങ്ങളിൽ നിന്ന് അകന്നിരിക്കുന്നതും നല്ലതല്ല -സതീഷ് കുമാർ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.