മനാമ: ഇസ്രായേൽ പാർലമെന്റ് അധിനിവേശ വെസ്റ്റ് ബാങ്കിന്മേൽ 'ഇസ്രായേലി പരമാധികാരം' അടിച്ചേൽപ്പിക്കാൻ നടത്തിയ ആഹ്വാനത്തെ അപലപിച്ച് ബഹ്റൈനും. ബഹ്റൈനുപുറമേ സൗദി അറേബ്യ, ഈജിപ്ത്, ഇന്തോനേഷ്യ, ജോർഡൻ, നൈജീരിയ, ഫലസ്തീൻ, ഖത്തർ, തുർക്കിയ, യു.എ.ഇ, അറബ് ലീഗ്, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപറേഷൻ (ഒ.ഐ.സ്) എന്നിവർ സംയുക്തമായാണ് ഈ പ്രസ്താവന പുറത്തിറക്കിയത്.
ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും യു.എൻ. രക്ഷാസമിതി പ്രമേയങ്ങളോടുള്ള കടുത്ത അവഗണനയുമാണെന്ന് അവർ വ്യക്തമാക്കി. അധിനിവേശ ഫലസ്തീൻ പ്രദേശത്ത്, പ്രത്യേകിച്ച് കിഴക്കൻ ജറൂസലമിൽ ഇസ്രായേലിന് പരമാധികാരമില്ലെന്ന് സംയുക്ത പ്രസ്താവനയിൽ രാജ്യങ്ങൾ ആവർത്തിച്ച് വ്യക്തമാക്കി. ഈ ഏകപക്ഷീയ നീക്കത്തിന് നിയമപരമായ സാധുതയില്ലെന്നും ഇത് അധിനിവേശ ഫലസ്തീൻ പ്രദേശത്തിന്റെ നിയമപരമായ പദവിയിൽ മാറ്റം വരുത്തില്ലെന്നും അവർ പറഞ്ഞു.
ഇസ്രായേലിന്റെ ഈ നടപടികൾ മേഖലയിലെ സംഘർഷം വർധിപ്പിക്കുകയേയുള്ളൂവെന്നും ഗസ്സ മുനമ്പിലെ ഇസ്രായേലി ആക്രമണവും അതുമൂലമുണ്ടായ മാനുഷികദുരന്തവും നിലവിലെ അവസ്ഥ കൂടുതൽ വഷളാക്കിയെന്നും പ്രസ്താവനയിൽ പറയുന്നു. നിയമപരവും ധാർമികവുമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും ഇസ്രായേലിന്റെ നിയമവിരുദ്ധമായ നയങ്ങൾ തടയാനും അന്താരാഷ്ട്ര സമൂഹത്തോടും യു.എൻ. രക്ഷാസമിതിയോടും അറബ് രാജ്യങ്ങൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ബലപ്രയോഗത്തിലൂടെ ന്യായവും ശാശ്വതവുമായ സമാധാനത്തിനുള്ള സാധ്യതകളെയും ദ്വിരാഷ്ട്ര പരിഹാരത്തെയും ഇല്ലാതാക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.
അന്താരാഷ്ട്ര നിയമങ്ങളെയും അറബ് സമാധാന സംരംഭത്തെയും അടിസ്ഥാനമാക്കി, 1967 ജൂൺ നാലിലെ അതിർത്തികളിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി ഒരു സ്വതന്ത്ര, പരമാധികാര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയും ഈ രാജ്യങ്ങൾ ആവർത്തിച്ചുറപ്പിച്ചു.
കഴിഞ്ഞ ബുധനാഴ്ച ഇസ്രായേൽ പാർലമെന്റായ നെസെറ്റിൽ 70ലധികം നിയമനിർമാതാക്കൾ വെസ്റ്റ് ബാങ്കിന്മേൽ പരമാധികാരം അടിച്ചേൽപ്പിക്കാൻ സർക്കാറിനോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയിരുന്നു. ഇതൊരു നിയമപരമായ നീക്കമല്ലെങ്കിലും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വലതുപക്ഷസഖ്യത്തിലെ അംഗങ്ങളും ചില പ്രതിപക്ഷ നിയമനിർമാതാക്കളും ഇതിനെ പിന്തുണച്ചു. വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കുന്നത് ഇസ്രായേൽ രാജ്യത്തെയും അതിന്റെ സുരക്ഷയെയും ശക്തിപ്പെടുത്തുമെന്നും ജൂതജനതയുടെ സമാധാനത്തിനും സുരക്ഷക്കുമുള്ള മൗലികാവകാശത്തെക്കുറിച്ച ഏതൊരു ചോദ്യവും തടയുമെന്നും ഇസ്രായേലി എം.പിമാർ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.