2015ൽ ബഹ്റൈൻ സന്ദർശിച്ച വി.എസ്. അച്യുതാനന്ദനെ ഐ.എം.സി.സി ഭാരവാഹികൾ പ്രസിഡന്റ് പുളിക്കൽ മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിൽ സന്ദർശിച്ചപ്പോൾ (ഫയൽ)
മനാമ: മുൻ കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് എന്നീ നിലകളിൽ കഴിഞ്ഞ എൺപത് വർഷത്തോളം കേരളത്തിൽ നിറഞ്ഞുനിന്ന സമരപോരാളിയെയാണ് വി.എസ് അച്യുതാനന്ദന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടപ്പെട്ടതെന്ന ബഹ്റൈൻ ഐ.എം.സി.സി കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ന്യൂനപക്ഷ പിന്നാക്ക ദലിത് സമൂഹത്തിന്റെയും വിവിധ മേഖലകളിൽ തൊഴിലാളി സമൂഹത്തിന്റെയും കർഷക സമൂഹങ്ങളുടെയും ഉന്നമനത്തിനും പ്രകൃതി - സ്ത്രീ സുരക്ഷയിലും അഴിമതിക്കെതിരായ പോരാട്ടങ്ങളിലും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളിലൂടെ വി.എസ് മഹിതമായ മാതൃകയാണ് കേരളത്തിലെ രാഷ്ട്രീയമേഖലക്ക് നൽകിയത്.
സംഘ്പരിവാറിന്റെ വർഗീയ അജണ്ടകൾക്കെതിരെ വി.എസിന്റെ പോരാട്ടം വിട്ടുവീഴ്ചയില്ലാത്തതായിരുന്നുവെന്നും ഐ.എം.സി.സി അനുശോചന പ്രമേയത്തിൽ പറഞ്ഞു. പ്രസിഡന്റ് മൊയ്തീൻ കുട്ടി പുളിക്കൽ അധ്യക്ഷതവഹിച്ചു. പി.വി. സിറാജ്, ഹാഫിസ് തൈക്കണ്ടി, ഷമീർ, ഷാനവാസ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കാസിം മലമ്മൽ സ്വാഗതവും സെക്രട്ടറി ശരീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.