വിശ്രമമില്ലാത്ത വിപ്ലവസമാനമായ ജീവിതം തഴുകിത്തലോടി കടന്നുപോയതിന്റെ നനവും നന്ദിയുമൂറുന്ന ഹൃദയവുമായി ഒരുപാട് മനുഷ്യർ മഴ നനഞ്ഞ് പാതയോരങ്ങളിൽ പ്രിയ സഖാവിന്റെ ഭൗതികശരീരം ഒരു നോക്ക് കാണാൻ കാത്തുനിൽക്കുന്നത് കണ്ടപ്പോൾ എത്ര മാത്രം ജനമനസ്സുകളിൽ ജീവിച്ച നേതാവായിരുന്നു വി.എസ് എന്ന് ഒരുവേള ഓർത്തുപോയി. മൂർത്തമായ സ്വാർഥതയുടെ വിരലിൽ തൂങ്ങി ചില മനുഷ്യരെയും ചില സംഭവങ്ങളെയും തമസ്കരിച്ചുകൊണ്ട് പാർട്ടി ഉത്തരവാദിത്തത്തിൽനിന്നും ഒരുവേള പോരാട്ടചരിത്രത്തിൽനിന്നും തിരിഞ്ഞുനടക്കാൻ തുടങ്ങിയ ദശാസന്ധിയിലാണ് സമൂഹത്തിലെ പുറമ്പോക്കിൽ അനീതി അനുഭവിക്കുന്ന മനുഷ്യരിലേക്ക്, അവരുടെ നീറുന്ന പ്രശ്നങ്ങളിലേക്ക് ഒറ്റയാനായി അദ്ദേഹം കടന്നുചെല്ലുന്നത്.
മതികെട്ടാൻ, മൂന്നാർ, ഇടമലയാർ, സൂര്യനെല്ലി, കിളിരൂർ തുടങ്ങി വ്യത്യസ്ത വിഷയങ്ങളിൽ ഇരകളോടൊപ്പം നിലകൊണ്ടു എന്നതുതന്നെയാണ് സമകാലിക രാഷ്ട്രീയനേതാക്കളിൽനിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. മുസ്ലിം സമൂഹവുമായി ബന്ധപ്പെട്ട് പിൽക്കാലത്ത് സംഘ്പരിവാറും ഹിന്ദുത്വ അനുഭാവികളും നടത്തിയ പല പ്രസ്താവനകൾക്കും അദ്ദേഹത്തിന്റെ ചില പരാമർശങ്ങളെ ഉദാഹരണമായി ഉപയോഗിച്ചുവെന്നതുകൊണ്ട് വി.എസിനെ പൂർണമായി ഒരു മുസ്ലിംവിരോധിയാക്കാനുള്ള ശ്രമങ്ങൾ ഒരിക്കലും നീതീകരിക്കാൻ കഴിയില്ല.
കാരണം ബി.ഡി.ജെ.എസ് എന്ന പേരിൽ വെള്ളാപ്പള്ളിയുടെ അനുഗ്രഹാശിസ്സുകളോടെ വർഗീയത ഇളക്കിവിട്ട് ഈഴവ സമൂഹത്തെ ബി.ജെ.പിയുടെ ചേരിയിലേക്ക് പതുക്കെ നയിച്ചുകൊണ്ടിരുന്ന അഭിശപ്ത ഘട്ടത്തിൽ, മലയാളി പൊതുബോധത്തിന്റെ നാൽക്കവലകളിൽനിന്ന് അതിനെതിരെ ശക്തമായ പ്രതിരോധം തീർത്തത് ഈ മനുഷ്യനായിരുന്നു എന്നത് വിസ്മരിച്ചുകൂടാ. മനുഷ്യസഹജമായ തെറ്റുകളും പോരായ്മകളും വി.എസിനും സംഭവിച്ചിട്ടുണ്ടാകാം. അതിന്റെ പേരിൽ ആ വിപ്ലവകാരിയെ ഇരുട്ടിൽ നിർത്തുന്നതിനോട് തരിമ്പും യോജിപ്പില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.