ആക്രമണത്തിനിരയായ പൂച്ചകൾ
ചികിത്സയിൽ
മനാമ: പൂച്ചയെ ചുമരിലടിച്ച് ആക്രമിച്ച് കൗമാരക്കാരൻ. പ്രകോപനമില്ലാതെ പൂച്ചയെ പല തവണ ചുമരിലടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുകയായിരുന്നു. വൻതോതിലുള്ള ജനരോഷത്തിന് കാരണമായ ഈ വിഡിയോ വൈറലായതോടെ അധികൃതർ കുട്ടിയെ അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. ബഹ്റൈൻ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് നടപടി ആരംഭിച്ചത്.
മുഹറഖ് ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റിൽ ഈ സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചതായും പൂച്ചയെ ആക്രമിച്ച കൗമാരക്കാരന് മാനസികപരിശോധന നടത്തുമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിനിടെ കുട്ടിയെ ചോദ്യം ചെയ്യുകയും മൃഗങ്ങളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കാണിക്കുകയും ചെയ്തു. കുട്ടിയുടെ സാമൂഹികവും മാനസികവുമായ അവസ്ഥ വിലയിരുത്തുന്നതിന് സാമൂഹിക വികസന മന്ത്രാലയത്തിന്റെ ശിശുസംരക്ഷണ കേന്ദ്രത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ശിശുസംരക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ കുട്ടിയുടെ പെരുമാറ്റത്തിൽ അക്രമാസക്ത മനോഭാവമുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. കുട്ടിയുടെ ആക്രമണോത്സുകതയും പെരുമാറ്റ പ്രശ്നങ്ങളും റിപ്പോർട്ട് സ്ഥിരീകരിച്ചു. ഒപ്പം മാർഗനിർദേശം, കൗൺസലിങ്, ശരിയായ വിദ്യാഭ്യാസം, സംരക്ഷണം എന്നിവയുടെ ആവശ്യകതയും എടുത്തുപറഞ്ഞു.
കേസ് ശിശുക്ഷേമ ജുഡീഷ്യൽ കമ്മിറ്റിക്ക് റഫർ ചെയ്തിട്ടുണ്ട്. കുട്ടിയെ മൂന്നുമാസത്തേക്ക് ജുഡീഷ്യൽ പ്രൊബേഷനിൽ വെക്കാൻ കമ്മിറ്റി ഉത്തരവിട്ടു. ഈ കാലയളവിൽ ഒരു കമ്മിറ്റി വിദഗ്ധൻ കുട്ടിയുടെ അവസ്ഥയെക്കുറിച്ച് റിപ്പോർട്ട് തയാറാക്കി സമർപ്പിക്കും. കൂടാതെ, സാധാരണ സ്കൂൾപഠനത്തെ തടസ്സപ്പെടുത്താതെ പരിശീലന, പുനരധിവാസ പരിപാടിയിലും കുട്ടിയെ പങ്കെടുപ്പിക്കും. ശരിയായ മൂല്യങ്ങളും തത്ത്വങ്ങളും കുട്ടികളിൽ വളർത്തുന്നതിൽ മാതാപിതാക്കളുടെ നിർണായക പങ്ക് അധികാരികൾ ചൂണ്ടിക്കാട്ടി. കുട്ടികളെ കുറ്റകൃത്യങ്ങളിൽ നിന്നോ തെറ്റായ സ്വഭാവത്തിൽ നിന്നോ സംരക്ഷിക്കാൻ മാതാപിതാക്കളുടെ സജീവമായ മേൽനോട്ടത്തിന്റെ ആവശ്യകതയും അവർ ഊന്നിപ്പറഞ്ഞു. കുട്ടികൾ ചെയ്യുന്ന ഏതൊരു ലംഘനത്തിനും മാതാപിതാക്കൾക്ക് നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്നും അവർ വ്യക്തമാക്കി.
രക്ഷപ്പെടുത്തിയ രണ്ട് പൂച്ചക്കുട്ടികളുടെയും ആരോഗ്യം മെച്ചപ്പെടുന്നുണ്ടെങ്കിലും സംഭവത്തിന്റെ ആഘാതത്തിൽനിന്ന് അവർക്ക് ഇപ്പോഴും മുക്തി ലഭിച്ചിട്ടില്ലെന്ന് പരിശോധക പ്രാദേശികമാധ്യമത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.