കുവൈത്ത് സിറ്റി: ഇറാഖ് അധിനിവേശത്തിന്റെ ഇരുണ്ട ഓർമകളിൽ കുവൈത്ത് ശനിയാഴ്ച 35-ാം വാർഷികം ആഘോഷിക്കുന്നു. 1990 ആഗസ്റ്റ് രണ്ടിനാണ് ഇറാഖ് കുവൈത്തിലേക്ക് കടന്നുകയറിയത്. ഇരുട്ടിന്റെ മറവിൽ പുലർച്ചെ രണ്ടുമണിയോടെ അതിവേഗത്തിലായിരുന്നു ഉറാഖിന്റെ നീക്കം. ഇറാഖീ സൈന്യത്തിനും ടാങ്കുകൾക്കും മുന്നിൽ കുവൈത്തിന്റെ പ്രതിരോധ സേന പെരുതി നോക്കിയെങ്കിലും അടിച്ചമർത്തപ്പെട്ടു. പ്രതിരോധത്തിന് തുനിഞ്ഞവരും അല്ലാത്തവരുമായ നിരവധി പേർ കൊല്ലപ്പെട്ടു. അതിലേറെ പേർക്ക് പരിക്കേറ്റു. നിരവധി പേർ അനാധരായി, അനേകം പേർ പലായനം ചെയ്തു.
കുവൈത്തിനെ ഇറാഖിന്റെ ഭാഗമാക്കുകയും 19ാമത് ഗവർണറേറ്റ് ആക്കി അടക്കിഭരിക്കുകയുമായിരുന്നു സദ്ദാം ഹുസൈന്റെ ലക്ഷ്യം. മണിക്കൂറുകൾക്കുള്ളിൽ കുവൈത്ത് സിറ്റി പിടിച്ചെടുത്ത ഇറാഖ് സൈന്യം പ്രവിശ്യ സർക്കാർ പ്രഖ്യാപിച്ചു. കുവൈത്തിലെ വൻ എണ്ണ ശേഖരത്തിന്റെ നിയന്ത്രണവും ഇറാഖ് ഏറ്റെടുത്തു.
ലോകരാജ്യങ്ങൾ ഇടപെടുന്നു
ഇറാഖ് നടപടിയെ ഐക്യരാഷ്ട്രസഭ രക്ഷ കൗൺസിൽ ഏകകണ്ഠമായി അപലപിക്കുകയും കുവൈത്തിൽ നിന്ന് ഉടൻ പിൻവാങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആഗസ്ത് ആറിന് സെക്യൂരിറ്റി കൗൺസിൽ ഇറാഖുമായുള്ള വ്യാപാരത്തിന് ആഗോള നിരോധനം ഏർപ്പെടുത്തി. 1991 ജനുവരി 15 നകം ഇറാഖ് പിൻവലിച്ചില്ലെങ്കിൽ ഇറാഖിനെതിരെ ബലപ്രയോഗത്തിന് അനുമതി നൽകുന്ന പ്രമേയം നവംബർ 29 ന് യു.എൻ രക്ഷാസമിതി പാസാക്കി. എന്നാൽ, കുവൈത്തിൽ നിന്ന് സേനയെ പിൻവലിക്കാൻ സദ്ദാം ഹുസൈൻ വിസമ്മതിച്ചു.
ഇതോടെ 1991 ജനുവരി 16 ന് ‘ഓപറേഷൻ ഡസേർട്ട് സ്റ്റോം’ എന്ന പേരിൽ അമേരിക്കയും ബ്രിട്ടനും നേതൃത്വം നൽകിയ 34 രാജ്യങ്ങൾ അടങ്ങിയ സഖ്യസേന ഇറാഖിനെതിരെ പ്രത്യാക്രമണം ആരംഭിച്ചു. സൗദി അറേബ്യയിൽ നിന്നും പേർഷ്യൻ ഗൾഫിലെ യു.എസിന്റെയും ബ്രിട്ടന്റെയും വിമാനവാഹിനിക്കപ്പലുകളിൽ നിന്ന് യുദ്ധവിമാനങ്ങൾ പറന്നുയർന്നു. ശക്തമായ ആക്രമണത്തിൽ ഇറാഖ് വിറച്ചു. ഫെബ്രുവരി 24ന്, സഖ്യസേന കര ആക്രമണം ആരംഭിച്ചതോടെ ഇറാഖ് സായുധ സേന അതിവേഗം കീഴടങ്ങി. 1991 ഫെബ്രുവരി 26 കുവൈത്ത് മോചിപ്പിക്കപ്പെട്ടു.
മാസങ്ങൾ കെടാതെ കത്തിയ എണ്ണക്കിണറുകൾ
ഇറാഖ് അധിനിവേശവും യുദ്ധവും വൻ നഷ്ടങ്ങളാണ് കുവൈത്തിന് വരുത്തിയത്. രാജ്യത്തിന്റെ സാമ്പത്തിക ശക്തിസ്രോതസ്സായ എണ്ണക്കിണറുകൾ തേടിപ്പിടിച്ച് തീയിട്ടാണ് ഇറാഖ് സേന മടങ്ങിയത്. 639 എണ്ണക്കിണറുകൾക്കാണ് സൈന്യം തീയിട്ടത്. ആകാശം മുട്ടെ ഉയർന്ന കറുത്ത പുകയുടെ നിഴലിലായിരുന്നു പിന്നീട് മാസങ്ങളോളം രാജ്യം. 2231 കുവൈത്തികൾ ഇറാഖ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. പതിനായിരങ്ങൾക്ക് പരിക്കേറ്റു. കാണാതായവരെ കുറിച്ച് ഇപ്പോഴും വ്യക്തമായ കണക്കില്ല. വിമാനത്താവളം ഉൾപ്പെടെ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർന്നു. നൂറുകണക്കിന് കെട്ടിടങ്ങളും മറ്റും ഇടിച്ചുനിരത്തപ്പെട്ടു. പതിനായിരങ്ങൾ പലായനം ചെയ്തു.
ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരും അധിനിവേശത്തിന്റെ ദുരിതം അനുഭവിച്ചു. മരണം മുന്നിൽ കണ്ട ദിനങ്ങൾ പ്രവാസികളുടെ മനസ്സിൽനിന്ന് ഇനിയും മാഞ്ഞിട്ടില്ല. സമ്പാദ്യമെല്ലാം ഒരു ദിവസം കൊണ്ട് നഷ്ടമായി, ദിവസങ്ങൾ നീണ്ട പട്ടിണിയുടെയും ദുരിതങ്ങളുടെയും ബാക്കിപത്രവുമായി നാട്ടിലെത്തിയ മലയാളികൾ അനവധിയാണ്.
മറുവശത്ത് ഇറാഖിനും നഷ്ടംമാത്രമാണ് യുദ്ധം ബാക്കി നൽകിയത്. കുറഞ്ഞത് 25,000 ഇറാഖി സൈനികർ കൊല്ലപ്പെടുകയും 75,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നു കണക്കാക്കുന്നു. യുദ്ധം മൂലമുള്ള മുറിവുകളും, ആവശ്യത്തിന് വെള്ളം, ഭക്ഷണം, വൈദ്യസഹായം എന്നിവയുടെ അഭാവവും കാരണം പതിനായിരക്കണക്കിന് ഇറാഖി സിവിലിയന്മാരും മരിച്ചുവെന്ന് കണക്കാക്കപ്പെടുന്നു. യു.എൻ ഉപരോധത്തിന്റെ ഫലമായി തുടർന്നുള്ള വർഷങ്ങളിലും ഇറാഖി ജനതക്ക് വലിയ ദുരിതങ്ങൾ നേരിടേണ്ടിയും വന്നു.
മുറിവുണങ്ങുന്നു, ഓർമകൾ ബാക്കി
മുപ്പത്തി അഞ്ച് വർഷങ്ങൾക്കിപ്പുറം സമ്പദ് സമൃതിയുടെ പിൻബലത്തിൽ കുവൈത്ത് നടുനിവർത്തി നിൽക്കുമ്പോഴും, അധിനിവേശം വരുത്തിവെച്ച കെടുതികളുടെ സ്മരണ ഇന്നും ഈ മണ്ണിൽ നിന്ന് മാഞ്ഞിട്ടില്ല. ചരിത്രത്തിലേക്കുള്ള ചൂണ്ടുപലകയായി കെട്ടിടങ്ങളും ഓർമകളായി അവ മായാതെ നിലനിൽക്കുന്നു. ദുരന്ത സ്മരണകൾക്കിടയിലും ഇറാഖുമായി ഊഷ്മളമായ അയൽബന്ധത്തിലാണ് കുവൈത്ത് ഇപ്പോൾ. കാലം മുറിവുകളെയെല്ലാം മായ്ച്ചുകളയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.