കുവൈത്ത് സിറ്റി: രാജ്യത്ത് ശക്തമായ സുരക്ഷ പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തിയ സുരക്ഷ-ട്രാഫിക് പരിശോധനയിൽ 36 പേർ പിടിയിലായി. 934 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി.
താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച 13 പേർ, തിരിച്ചറിയൽ രേഖകളില്ലാത്ത ആറു പേർ, വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളികളായ ഒമ്പതു പേർ എന്നിവരും പിടിയിലായി. ലൈസൻസില്ലാതെ വാഹനമോടിച്ച മൂന്നു പ്രായപൂർത്തിയാകാത്തവർ, അസ്വാഭാവികമായ അവസ്ഥയിൽ കണ്ടെത്തിയ ഒരാൾ, മയക്കുമരുന്നും മദ്യവുമായി പിടിയിലായ രണ്ടു പേർ, മുൻകരുതൽ തടങ്കലിൽ വെച്ച ഒരാൾ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന. ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ്, ജനറൽ ഡിപ്പാർട്മെന്റ് ഓഫ് എമർജൻസി പൊലീസ്, പ്രൈവറ്റ് സെക്യൂരിറ്റി അഫയേഴ്സ് സെക്ടർ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഓപറേഷൻ നടത്തിയത്. പ്രധാന റോഡുകളിലും ഉപറോഡുകളിലും വാഹനങ്ങളിലും സംഘം കർശന പരിശോധന നടത്തി.
വരും ദിവസങ്ങളിലും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും കർശന പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സമൂഹിക സുരക്ഷ നിലനിർത്തുന്നതിന് സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ഏതെങ്കിലും ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യാനും പൊതുജനങ്ങളെ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.