കുവൈത്ത് സിറ്റി: രാജ്യത്ത് നിയന്ത്രിത പദാർഥമായ ലിറിക്ക ഇറക്കുമതി ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത അന്താരാഷ്ട്ര ശൃംഖലയെ തകർത്ത് ആഭ്യന്തര മന്ത്രാലയം. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ജനറൽ ഡിപ്പാർട്മെന്റ് ഫോർ ഡ്രഗ് കൺട്രോളിന്റെ നേതൃത്വത്തിൽ നടന്ന നീക്കത്തിൽ ഏകദേശം 800,000 കാപ്സ്യൂളുകളും വലിയ അളവിലുള്ള ലിറിക്ക പൗഡറും പിടിച്ചെടുത്തു. കണ്ടുകെട്ടിയ വസ്തുക്കൾക്ക് വൻ തുക വിലമതിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കുവൈത്ത് സെൻട്രൽ ജയിലിൽ കഴിയുന്നയാളാണ് സംഭവത്തിൽ പ്രധാന പ്രതി. ഇയാൾ നിരവധി മയക്കുമരുന്ന് കടത്ത് കേസുകളിൽ ഉൾപ്പെട്ടയാളും പലതവണ ശിക്ഷകൾ ലഭിച്ചിട്ടുള്ളയാളുമാണ്. കബ്ദിലെ ലഹരി ഇടപാടുകേന്ദ്രത്തിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. കാപ്സ്യൂളുകൾ വിൽക്കുന്ന ഒരാളെ അന്വേഷണ ഉദ്യോഗസ്ഥർ പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിൽ വലിയ അളവിൽ ലിറിക്ക കാപ്സ്യൂളുകളും പൊടിയും, പാക്കിങിനും വിതരണത്തിനും ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തി.
കൂടുതൽ അന്വേഷണത്തിൽ ഒരു ഏഷ്യൻ രാജ്യത്ത് നിന്ന് വിമാനമാർഗം വലിയ തോതിൽ മയക്കുമരുന്ന് എത്തിക്കാൻ തടവുകാരൻ പദ്ധതിയിട്ടതായി കണ്ടെത്തി. ഇതുസംബന്ധിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് ലഭിച്ചതോടെ കാർഗോ ടെർമിനലിൽ നടത്തിയ പരിശോധനയിൽ ലിറിക്ക കാപ്സ്യൂളുകൾ നിറച്ച ഏഴ് പെട്ടികൾ കണ്ടെത്തി. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനും വിൽപ്പനക്കും ശ്രമിക്കുന്നവരെ ശക്തമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മയക്കുമരുന്ന് കടത്ത്, വിൽപന, ഉപയോഗം എന്നിവക്കെതിരെ ജാഗ്രത പുലർത്തുന്നതായും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.