ജബൽ അഖ്ദറിലെ റോസാപ്പൂക്കൾ, റോസാപ്പൂ വിളവെടുപ്പ്
മസ്ക0ത്ത്: ജബൽ അഖ്ദറിലെ റോസാപൂ കൃഷിക്കായി 1,50,000 റിയാലിന്റെ പദ്ധതിയുമായി കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം. കാർഷിക, മത്സ്യബന്ധന വികസന ഫണ്ട് ഉപയോഗപ്പെടുത്തി, റോസ് കർഷകരെ ശാക്തീകരിക്കുന്നതിനും ഉൽപന്ന ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ദേശീയ സമ്പദ്വ്യവസ്ഥയിൽ മേഖലയുടെ സംഭാവന വർധിപ്പിക്കാനുമാണ് പദ്ധതി ഉദ്ദേശിക്കുന്നത്. പത്ത് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന 6,300 ലധികം റോസ് ചെടികളുടെ ആവാസ കേന്ദ്രമായ വിലായത്തിൽ, 350 ലധികം റോസ് കർഷകർക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നതാണ് ഈ പദ്ധതി.
രണ്ട് വർഷത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കും. യന്ത്രവൽക്കരണത്തിലൂടെ കാർഷിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും കൃഷി ചെയ്ത വിസ്തൃതി വികസിപ്പിക്കാനും പരിപാടി ലക്ഷ്യമിടുന്നു. വിപണന, ഉൽപാദന ശൃംഖലകൾ നിർമ്മിക്കാനും പനിനീരിൽനിന്ന് ഉരുത്തിരിഞ്ഞ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിൽ കർഷകരെ പരിശീലിപ്പിക്കാനും ഉദേശിക്കും. യന്ത്രവൽക്കരണത്തിലൂടെ കാർഷിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും കൃഷി സ്ഥലം വികസിപ്പിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു. വിപണന, ഉൽപാദന ശൃംഖലകൾ നിർമ്മിക്കാനും പനിനീരിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങൾ വികസിപ്പിക്കുന്നതിൽ കർഷകരെ പരിശീലിപ്പിക്കാനും പദ്ധതിയിലൂടെ കഴിയും. ജബൽ അഖ്ദറിലെ നിരവധി കർഷകർക്ക് റോസ് ഉൽപ്പന്നങ്ങൾ പ്രധാന ഉപജീവനമാർഗമാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. കൂടാതെ ഈ പരമ്പരാഗത മേഖലയിൽ സുസ്ഥിരത ഉറപ്പാക്കാനുള്ള വിശാലമായ ശ്രമങ്ങളും മന്ത്രാലയം പദ്ധതിയിലൂടെ നടപ്പാക്കും.
ജബൽ അഖ്ദറിലെ നിരവധി കർഷകർക്ക് റോസ് ഉൽപന്നങ്ങൾ പുനരുപയോഗിക്കാവുന്ന ഉപജീവനമാർഗമാണെന്നും ഈ പരമ്പരാഗത മേഖലയിൽ സുസ്ഥിരത ഉറപ്പാക്കുന്നതിനുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ പരിപാടിയെന്നും മന്ത്രാലയം പറഞ്ഞു. പരിപാടിയുടെ ഭാഗമായി, കർഷകർക്കിടയിൽ സപ്ലൈകളും സഹായ സാമഗ്രികളും വിതരണം ചെയ്തു. അതേസമയം വേർതിരിച്ചെടുക്കൽ, വാറ്റിയെടുക്കൽ, സംസ്കരണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള സാങ്കേതിക പരിശീലനവും പിന്തുണയും നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
ജബൽ അഖ്ദറിലെ കർഷകർ പലരും പരമ്പാരഗതഗായി പനിനീർ കൃഷി നടത്തുന്നവരാണ്. വർഷങ്ങളായി ഈ കൃഷി നടത്തുന്നവരും പിതാക്കളിൽനിന്നും പിതാമഹൻമാരിൽനിന്നും കൃഷി പഠിച്ചവരും നിരവധിയാണ്. ചെറുതും വലുതുമായി തോട്ടങ്ങളിൽനിന്ന് പൂക്കൾ ശേഖരിച്ച് ഫാക്ടറികളിൽ എത്തിക്കുന്നവരും നിരവധിയാണ്. പുതിയ തലമുറയിലെ ചിലർ പനീനീർ കൃഷി ടൂറിസത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നുണ്ട്. വിനോദ സഞ്ചാരികളെ ദിവസങ്ങളോളം ഒപ്പം ചേർത്ത് പനിനീർ പൂ പറിക്കലും അനുബന്ധ കാര്യങ്ങളും ടൂറിസത്തിനായി ഉപയോഗിക്കുന്നവരാണിവർ. ചിലപ്പോൾ ഏഴ് ദിവസമോ മൂന്നാഴ്ചയോ ഒക്കെയായി തങ്ങി തോട്ടത്തിൽപോയി പൂക്കൾ ശേഖരിക്കുന്നതിലും അനുബന്ധ കാര്യങ്ങളിലും ഭാഗവാക്കാവുന്ന പരിപാടിയാണിത്. പൂ പറിക്കുന്നതിന് പ്രത്യേക രീതിയുണ്ട്. നടുവിരളും തള്ള വിരളും ഉപയോഗിച്ചാണ് പൂക്കൾ പറിച്ചെടുക്കുന്നത്. ഏതായാലും ഇവിടെനിന്നും ഉത്പാദിപ്പിക്കുന്ന റോസ് വാട്ടര് അന്താരാഷ്ട്ര വിപണിയിലടക്കം ഏറെ ആവശ്യക്കാരുള്ളവയാണ്. പനിനീർ നട്ടു വളർത്തലും പൂക്കളിൽ റോസ് വാട്ടർ ഉൽപാദിപ്പിക്കലുമൊക്കെ ജബൽ അഖ്ദറിലെ കർഷകരുടെ പ്രധാന വരുമാന മാർഗമാണ്.
അൽ ഐൻ, അൽ ശുറൈജ, സൈഖ്, അൽ ഖാഷാ എന്നീ ഗ്രാമങ്ങളിലാണ് ഏറ്റവും കൂടുതൽ പനിനീർ കൃഷി നടക്കുന്നത്. ഇവിടെ ഏഴ് ഏക്കറിൽ അയ്യായിരത്തിൽ പരം പനിനീർ ചെടികളുണ്ട്. ഒരു ഏക്കറിൽനിന്ന് നാലായിരം ലിറ്റർ റോസ് വാട്ടർ ഉൽപാദിപ്പിക്കാനാവും. മൊത്തം 28,000 ലിറ്റർ റോസ് വാട്ടറാണ് ജബൽ അഖ്ദറിൽ ഒരു സീസണിൽനിന്ന് ഉൽപാദിപ്പിക്കാൻ കഴിയുന്നത്.ഭക്ഷണത്തിനും പാനീയങ്ങൾക്കും സുഗന്ധദ്രവ്യമായി റോസ് വാട്ടർ ഉപയോഗിക്കുന്നു. കൂടാതെ അടുത്തിടെ ക്രീമുകളും സുഗന്ധദ്രവ്യ സോപ്പുകളും ഉൾപ്പെടെയുള്ള സൗന്ദര്യവർദ്ധക വ്യവസായത്തിലും ഇത് അവതരിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, വിലായത്തിലെ താമസക്കാർ പറയുന്നതനുസരിച്ച്, നീരെടുത്ത ശേഷമുള്ള റോസാപ്പൂക്കൾ സോപ്പ്, വളം നിർമാണത്തിലും ഉപയോഗിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.