സലാല: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ പരിഹരിക്കുന്നതിനായി ദോഫാറിൽ യോഗം ചേർന്നു. ഗവർണറേറ്റിലെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന വകുപ്പ് പരിസ്ഥിതി അതോറിറ്റി (ഇ.എ), ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ദോഫാർ ബ്രാഞ്ച് എന്നിവയുമായി സഹകരിച്ച് പ്ലാസ്റ്റിക് നിർമാണ ഫാക്ടറികളുടെ ഉടമകളുമായായിരുന്നു യോഗം.
വ്യവസായ പങ്കാളികളുമായി നേരിട്ടുള്ള സംഭാഷണം ആരംഭിക്കുക, നിരോധനത്തിന്റെ നിലവിലെ ആഘാതം വിലയിരുത്തുക, ഒമാന്റെ പാരിസ്ഥിതിക ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന സുസ്ഥിര ബദലുകൾ പര്യവേക്ഷണം ചെയ്യുക, പ്രാദേശിക വ്യാവസായിക മേഖലയുടെ തുടർച്ചയെയും പൊരുത്തപ്പെടുത്തലിനെയും പിന്തുണക്കുക എന്നിവയാണ് യോഗത്തിന്റെ ലക്ഷ്യം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾ നിരോധിക്കുന്നതിനുള്ള ദേശീയ സംരംഭത്തിന്റെ മൂന്നാം ഘട്ടം ജൂലൈ ഒന്നുമുതൽ നടപ്പിൽവന്നിട്ടുണ്ട്. ഏറ്റവും പുതിയ ഘട്ടത്തിൽ ചില്ലറ വിൽപ്പന, ഭക്ഷ്യ മേഖലകളിലെ അധിക വിഭാഗങ്ങൾ കൂടി നിരോധനത്തിന്റെ പരിധിയിൽ വരും. പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന കടകൾ, പാക്കേജിങ് യൂനിറ്റുകൾ, പലചരക്ക് കടകൾ, മധുരപലഹാരങ്ങൾ, മിഠായി ഫാക്ടറികൾ, ബേക്കറികൾ, ഗിഫ്റ്റ് ഷോപ്പുകൾ, ബ്രെഡ്, പേസ്ട്രികൾ, മധുരപലഹാരങ്ങൾ എന്നിവ വിൽക്കുന്ന ഔട്ട്ലെറ്റുകൾ എന്നിവ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നൽകുന്നത് നിർത്തി പുനരുപയോഗിക്കാവുന്ന തുണി അല്ലെങ്കിൽ പേപ്പർ ബാഗുകൾ പോലുള്ള സുസ്ഥിര ബദലുകളിലേക്ക് മാറേണ്ടതുണ്ട്.
രാജ്യത്ത് 2027ഓടെ പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായും ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് അധികൃതർ പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മൂന്നാം ഘട്ട നിരോധനം വരുന്നത്. പ്ലാസ്റ്റിക് സഞ്ചികളുടെ ആദ്യഘട്ട നിരോധനം ആരോഗ്യ സ്ഥാപനങ്ങളിൽ 2024ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. ഫാർമസികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവയിലാണ് പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നുത് നിരോധിച്ചിട്ടുള്ളത്. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഈ വർഷം ജനുവരി ഒന്ന് മുതൽ തുണിത്തരങ്ങൾ, ടെക്സ്റൈൽസ് വസ്ത്രങ്ങൾ, ഇവയുടെ മറ്റ് സ്റ്റോറുകൾ, തയ്യൽ കടകൾ, കണ്ണട കടകൾ, മൊബൈൽ ഫോൺ വിൽപന, ഇവയുടെ അറ്റകുറ്റപണിക്കുള്ള സ്റ്റോറുകൾ, വാച്ചുകൾ വിൽക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കടകൾ, ഫർണിച്ചറുകൾ, വീട്ടുപകരണങ്ങൾ എന്നിവ വിൽക്കുന്ന സ്റ്റോറുകൾ തുടങ്ങിയവയിലും പ്ലാസ്റ്റിക്ക് സഞ്ചികൾക്ക് നിരോധനം വന്നിട്ടുണ്ട്.
നിയമം ലംഘിച്ചാൽ 50മുതൽ 1000 റിയാൽവരെ പിഴ ഈടാക്കും. ആവർത്തിച്ചാൽ ഇരട്ടിയയി ചുമത്തും. നിശ്ചിത സമയ പരിധിക്കുള്ളിൽ എല്ലാത്തരം പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളും നിരോധിക്കാനാണ് ലക്ഷ്യമിടുന്നത്.114/2001, 106/2020 എന്നീ രാജകീയ ഉത്തരവുകൾ പ്രകാരം പരിസ്ഥിതി സംരക്ഷണ, മലിനീകരണ നിയന്ത്രണ നിയമത്തിന്റെയും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട 2020/23 മന്ത്രിതല തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം ഘട്ടം ഘട്ടമായി ഇല്ലാതാക്കൻ പരിസ്ഥിതി അതോറിറ്റി തീരുമാനം പുറപ്പെടുവിച്ചിട്ടുള്ളത്. 50 മൈക്രോമീറ്ററിൽ താഴെ ഭാരമുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾ കമ്പനികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവ ഉപയോഗിക്കാൻ പാടിലെന്ന് ഉത്തരവിൽ പറയുന്നു. ഓരോ വിഭാഗത്തിലും പ്ലാസ്റ്റിക്ക് സഞ്ചികളുടെ ഉപയോഗം വിവിധ ഘട്ടങ്ങളിലൂടെയാണ് നിരോധിക്കുക. ഇതിനുശേഷം ഇവ ഉപയോഗിക്കുകയാണെങ്കിൽ പിഴ ചുമത്തും. തീരുമാനം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായി വരും ദിവസങ്ങളിൽ അധികൃതർ പരിശോധന നടത്തും.
നാലാം ഘട്ട നിരോധനം അടുത്തവർഷം ജനുവരി ഒന്ന് മുതൽ നിലവിൽ വരും. കെട്ടിട നിർമ്മാണ സാമഗ്രികളുടെ സ്റ്റോറുകൾ, പാത്രക്കടകൾ, തീറ്റ, ധാന്യങ്ങൾ, കാർഷിക വസ്തുക്കൾ, കീടനാശിനികൾ എന്നിവയുടെ വിൽപനയുള്ള സ്ഥാപനങ്ങൾ, ഐസ്ക്രീം, ചോളം, മധുരപലഹാരങ്ങൾ, പരിപ്പ് എന്നിവയുടെ വിൽപന, ജ്യൂസുകളുടെ വൽപന, മിഷ്കാക്കിന്റെ വിൽപന, മില്ലുകൾ, തേൻ, ഈത്തപ്പഴം വിൽപന, വാട്ടർ ഫിൽട്ടറുകൾ വിൽക്കുന്നതും നന്നാക്കുന്നതും, വാട്ടർ പമ്പുകൾ വിൽക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കടകൾ, കാർ പമ്പുകൾ വിൽക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കടകൾ, ആധുനിക ജലസേചന സംവിധാനങ്ങൾ വിൽക്കുന്ന സ്റ്റോറുകൾ, പക്ഷികൾ, മത്സ്യം, വളർത്തുമൃഗങ്ങൾ എന്നിവ വിൽക്കുന്ന കടകൾ, അനുബന്ധ ഭക്ഷണങ്ങൾ, നഴ്സറികളും കാർഷിക സാധനങ്ങളുടെ വിൽപ്പന തുടങ്ങിവയിലാണ് ഈ ഘട്ടത്തിൽ നിരോധനം വരിക.
അതേസമയം, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പരിസ്ഥിതി സൗഹൃദ ബാഗുകൾ ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഷോപ്പിങ് സെന്ററുളോടും റീട്ടെയിൽ സ്റ്റോറുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. പല വാണിജ്യ സ്ഥാപനങ്ങളും കാശ് ഈടാക്കിയും മറ്റുമാണ് ഇത്തരം ബാഗുകൾ നൽകുന്നത്. എന്നാൽ, സൗജന്യ ബാഗ് എന്ന ഓപ്ഷൻ അടിസ്ഥാന സേവനത്തിന്റെ ഭാഗമായതിനാൽ അത് നീക്കം ചെയ്യുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
വാണിജ്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും ഉപഭോക്തൃ സംരക്ഷണം ഉറപ്പുനൽകുന്ന മാനദണ്ഡങ്ങൾ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർദേശമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയവും ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.