മസ്കത്ത്: ഒമാനിലെ വിമാനത്താവളങ്ങളിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തിൽ വർധന. ജൂണിൽ 1.13 ദശലക്ഷത്തിലധികം പേർ യാത്ര ചെയ്തതായി കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ജൂണിൽ രണ്ട് ശതമാനത്തിന്റെ വർധനയാണുണ്ടായത്. ജൂണിൽ ഒമാനി വിമാനത്താവളങ്ങൾ വഴി ആകെ 11,34,924 യാത്രക്കാർ സഞ്ചരിച്ചതായി ഔദ്യോഗിക കണക്കുകൾ പറയുന്നു. 2024 ജൂണിൽ ഇത് 1,109,745 ആയിരുന്നു. വർഷം മുഴുവനും ഒരു പ്രധാന യാത്രാകേന്ദ്രമായി സുൽത്താനേറ്റിന്റെ ഉയർത്താൻ ഒമാൻ എയർപോർട്സും പ്രധാന പങ്കാളികളും നടത്തിയ നിരന്തര ശ്രമങ്ങളാണ് ഈ വളർച്ചക്ക് കാരണമെന്ന് അധികൃതർ വ്യക്തമാക്കി.
സവിശേഷമായ ഭൂപ്രകൃതിക്കും മൺസൂൺ കാലാവസ്ഥക്കും പേരുകേട്ട ദോഫാർ ഖരീഫ് സീസൺ ആഭ്യന്തര, അന്തർദേശീയ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിലും തെക്കൻ ഗവർണറേറ്റിലേക്കുള്ള യാത്ര വർധിപ്പിച്ചതിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. വിമാനത്താവള അടിസ്ഥാന സൗകര്യങ്ങൾ നവീകരിച്ചും യാത്രാ സേവനത്തിൽ അന്താരാഷ്ട്ര മികച്ച രീതികൾ നടപ്പിലാക്കിയും സുരക്ഷിതവും സുഗമവും ഉയർന്ന നിലവാരമുള്ളതുമായ അനുഭവം നൽകുന്നതിനുള്ള പ്രതിബദ്ധത തുടരുമെന്ന് ഒമാൻ എയർപോർട്സ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.