ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിഭാഗം സംഘടിപ്പിച്ച വി.എസ് അനുശോചനയോഗം
മസ്കത്ത്: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിഭാഗം അനുശോചനയോഗം സംഘടിപ്പിച്ചു. ഒമാനിലെ സാമൂഹിക, കലാ സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെ നിരവധി പ്രമുഖർ പങ്കെടുത്തു. ഇന്ത്യൻ സോഷ്യൽ ക്ലബ് ജനറൽ സെക്രട്ടറി കെ.എം. ഷക്കീൽ, സാമൂഹികവിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, കേരള വിങ് മുൻ മാനേജ്മെൻറ് കമ്മിറ്റി അംഗം കെ.കെ. സുനിൽകുമാർ, ക്ലബ് മലയാള വിഭാഗം കൺവീനർ താജുദ്ദീൻ, മലബാർ വിങ് കൺവീനർ നൗഷാദ് കക്കേരി, ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം നിധീഷ് കുമാർ, സെയ്ദ് സാക്കിബ് തങ്ങൾ തുടങ്ങിയവർ സംസാരിച്ചു.
നവോത്ഥാന കേരളം ജന്മം കൊടുത്ത നിരവധി സാമൂഹിക-രാഷ്ട്രീയ നേതാക്കളിൽ അവസാന കണ്ണിയാണ് വി.എസിന്റെ നിര്യാണത്തിലൂടെ നമുക്ക് നഷ്ടമായതെന്ന് അനുശോചനസന്ദേശത്തിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. ഐതിഹാസികമായ പുന്നപ്ര-വയലാർ സമരം പരുവപ്പെടുത്തിയ വി.എസിന്റെ രാഷ്ട്രീയജീവിതവും കേരളത്തിന്റെ നിസ്വവർഗ-സ്ത്രീപക്ഷ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി നടത്തിയ നിരന്തരമായ പോരാട്ടങ്ങളും സദസ്സ് അനുസ്മരിച്ചു. മുഖ്യമന്ത്രിയായിരിക്കെ പ്രവാസികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് അദ്ദേഹം എടുത്ത നിലപാടുകളും യോഗം പ്രത്യേകം അനുസ്മരിച്ചു.
പ്രവാസി ക്ഷേമനിധി ബോർഡ് രൂപവത്കരിക്കുകയും പ്രവാസി ക്ഷേമനിധി പെൻഷൻ പദ്ധതി ഏർപ്പെടുത്തുകയും ചെയ്തത് പ്രവാസികൾക്ക് വലിയ ആശ്വാസമായിരുന്നു. ലോകമെമ്പാടും മലയാളഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിന് മലയാളം മിഷന് രൂപം കൊടുത്തതിനും മുഖ്യമന്ത്രി എന്ന നിലയിൽ വി.എസ്. അച്യുതാനന്ദൻ നേതൃത്വം നൽകിയതായും വിലയിരുത്തി.
യോഗത്തിൽ ഒമാനിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകരായ അനു ചന്ദ്രൻ, ജയകിഷ് പവിത്രൻ, റജി തോമസ്, ഹക്കീം, സുധി പത്മനാഭൻ, കെ.എൻ. വിജയൻ, അംബുജാക്ഷൻ, കെ.വി. വിജയൻ, രഞ്ജു അനു, സൗമ്യ വിനോദ്, രസിന നിധിഷ്, സോന ശശി, അനുപമ സന്തോഷ് തുടങ്ങിയവരും സംസാരിച്ചു.\ കേരള വിങ് കൺവീനർ അജയൻ പെയ്യാറ അധ്യക്ഷത വഹിച്ചു. സാമൂഹികവിഭാഗം സെക്രട്ടറി റിയാസ് അമ്പലവൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. കോ-കൺവീനർ ജഗദീഷ് കീരി സ്വാഗവും വനിതവിഭാഗം സെക്രട്ടറി ശ്രീജ രമേശ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.