മസ്കത്ത്: വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ വിവിധ പ്രവാസി സംഘടനകളും കൂട്ടായ്മകളും അനുശോചിച്ചു. മുഖ്യമന്ത്രി എന്ന നിലയിലും പ്രതിപക്ഷ നേതാവെന്ന നിലയിലും എന്നും ഓർമിക്കപ്പെടുന്ന പ്രവർത്തനങ്ങൾ ബാക്കിവെച്ചാണ് വി.എസ് മടങ്ങിയതെന്ന് പലരും ചൂണ്ടിക്കാട്ടി.
കേരള രാഷ്ട്രീയ രംഗത്ത് അതികായനായ വി.എസ്. അച്യുതാനന്ദൻ സാമൂഹിക നീതിയോടും പുരോഗമനപരമായ ആദർശങ്ങളോടും അചഞ്ചലമായ പ്രതിബദ്ധതയുടെയും ഒരു പാരമ്പര്യം അവശേഷിപ്പിച്ചാണ് നമ്മെ വിട്ടുപോകുന്നതെന്ന് വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്‌നകുമാർ പ്രസ്താവനയിൽ പറഞ്ഞു.
പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്ന നിലകളിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കായി അദ്ദേഹം പോരാടുകയും സമൂഹത്തിന്റെ പുരോഗതിക്കായി അക്ഷീണം പ്രവർത്തിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ ദൃഢനിശ്ചയവും പ്രതിരോധശേഷിയും പലരെയും പ്രചോദിപ്പിക്കുകയും പാർട്ടി വ്യത്യാസങ്ങൾക്കപ്പുറം ആദരവ് നേടിക്കൊടുത്തു. സമഗ്രതക്കും സമർപ്പണത്തിനും പേരുകേട്ട അച്യുതാനന്ദൻ കേരളത്തിന്റെ വികസനത്തിനും അഴിമതിക്കെതിരായ നിരന്തര പോരാട്ടത്തിനും നൽകിയ സംഭാവനകൾ എന്നും സ്നേഹപൂർവം ഓർമിക്കപ്പെടും.
അദ്ദേഹത്തിന്റെ വിയോഗം ഒരു യുഗത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആദർശങ്ങളും ദർശനങ്ങളും നീതിയുക്തമായ ഒരു സമൂഹത്തിനായുള്ള പരിശ്രമത്തിൽ ഭാവിതലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുക തന്നെ ചെയ്യമെന്നും അനശോചന സന്ദേശത്തിൽ രത്നകുമാർ പറഞ്ഞു.
അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പ്രവാസി വെൽഫെയർ ഒമാൻ ഘടകം ആദരാഞ്ജലികൾ അർപ്പിച്ചു. മുഖ്യമന്ത്രി എന്ന നിലയിലും ഇടതുപക്ഷ സമര ചരിത്രത്തിലെ നായകൻ എന്ന നിലയിലും വി.എസിന്റെ സംഭാവനകൾ വിസ്മരിക്കാനാവാത്തതാണ്. പുന്നപ്ര - വയലാർ സമരങ്ങളിലൂടെ വളർന്ന വി.എസ്. ഇടതുപക്ഷ രാഷ്ട്രീയത്തിന് ഒഴിവാക്കാനാകാത്ത രണ്ടക്ഷരമായി മാറുകയായിരുന്നു. മികച്ച പ്രതിപക്ഷ നേതാവും കൂടിയായിരുന്നു വി.എസ്. എന്ന് പ്രസ്താവയിൽ പ്രവാസി വെൽഫെയർ ഒമാൻ ഘടകം പറഞ്ഞു.
കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും പ്രമുഖ രാഷ്ട്രീയ നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ റൂവി മലയാളി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയും ജനപക്ഷ നിലപാടുകളും നാളുകളോളം ഓർമിക്കപ്പെടും. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.